Sunday, March 16, 2008

നിങ്ങള്‍ക്കു വേണ്ടി ധ്വനി സംസാരിയ്ക്കും.

അന്ധര്‍ക്കു് ധ്വനി എങ്ങനെ ഉപയോഗപ്രദമാകും എന്നു് ഞാന്‍ എന്റെ മുന്‍പത്തെ ബ്ലോഗുകളില്‍ പറഞ്ഞിരുന്നു. അന്ധര്‍ക്കു് മാത്രമല്ല, സംസാരശേഷി നഷ്ടപ്പെട്ട വികലാംഗര്‍ക്കു് കൂടി ധ്വനി പ്രയോജനപ്പെടുത്താം. അവര്‍ക്കു വേണ്ടി ധ്വനി സംസാരിയ്ക്കും. ഇതെങ്ങനെ ചെയ്യാം എന്നതിനെപ്പറ്റി വിശദീകരിയ്ക്കാനാണീ ബ്ളോഗ് പോസ്റ്റ്.
KDE യിലെ അംഗവൈകല്യമുള്ള ഉപയോക്താക്കള്‍ക്കുള്ള ഒരു സഹായക പ്രയോഗമാണു് KMouth. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഉപയോക്താവിന്റെ വായ് ആയി ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തിയ്ക്കും. പറയേണ്ട കാര്യങ്ങള്‍ ടൈപ്പ് ചെയ്തു് കൊടുത്താല്‍ ഈ അപ്ലിക്കേഷന്‍ അതു് ഉറക്കെ വായിക്കും. സാധാരണ ഉപയോഗിയ്ക്കുന്ന വാചകങ്ങള്‍ ഒരു പുസ്തകമാക്കി സജ്ജീകരിച്ചു വെച്ചാല്‍ എപ്പോഴും എപ്പോഴും ടൈപ്പ് ചെയ്യാതെ ആ വാചകങ്ങള്‍ തിരഞ്ഞെടുത്തു് വായിപ്പിയ്ക്കാം. ഇതു കൂടാതെ ഉപയോക്താവു് ടൈപ്പ് ചെയ്യുന്ന പുതിയ വാചകങ്ങള്‍ KMouth പഠിയ്ക്കുകയും ചെയ്യും. ഉപയോഗിയ്ക്കുന്നതിന്റെ ആവൃത്തി അനുസരിച്ചു് പിന്നീടു് ടൈപ്പ് ചെയ്യുമ്പോള്‍ സൂചനകളായി ഒരു ലുക്കപ്പ് മെനുവായി ഇതു് ലഭ്യമാകും.
ഇതൊക്കെയാണു് ഇതിന്റെ സവിശേഷതകള്‍. ഇനി നമുക്കു് ധ്വനി ഇതില്‍ എങ്ങനെ സജ്ജീകരിയ്ക്കാമെന്നും, മലയാളം, ഹിന്ദി, കന്നഡ, തെലുഗു, ബംഗാളി, പഞ്ചാബി, ഒറിയ ഗുജറാത്തി ഭാഷകള്‍ KMouth ഉപയോഗിച്ചു് വായിപ്പിയ്ക്കുന്നതെങ്ങനെയെന്നും നോക്കാം.
ആദ്യം KMouth തുറക്കുക. KMenu->Utilities->Accessibility->Kmouth. നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ പാക്കേജ് മാനേജര്‍ ഉപയോഗിച്ചു് ഇന്‍സ്റ്റാള്‍ ചെയ്യുക.
നിങ്ങള്‍ ആദ്യമായി ഈ KMouth തുറക്കുകയാണെങ്കില്‍ അതു സജ്ജീകരിയ്ക്കനുള്ള ഒരു ജാലകമാണു് ആദ്യം ലഭിയ്ക്കുക. അവിടെ Command for Speaking text എന്നിടത്തു് dhvani %f എന്നു കൊടുക്കുക. Apply എന്ന ബട്ടണ്‍ അമര്‍ത്തുക.


ഇനി KMouth ല്‍ പറയാനുള്ളതു് ടൈപ്പ് ചെയ്യുക. എന്നിട്ട് എന്റര്‍ അമര്‍ത്തുക. ധ്വനി ആ വാചകം വായിക്കും. മേല്‍പറഞ്ഞ ഏതു ഭാഷയായാലും കുഴപ്പമില്ല.
ഇനി നേരത്തേ പറഞ്ഞ സാധാരണ ഉപയോഗിക്കുന്ന വാക്കുകളുടെ പുസ്തകമുണ്ടാക്കാന്‍ Phrasebooks എന്ന മെനുവില്‍ നിന്നു് Edit എന്നു് എടുത്തു് കുറെ വാചകങ്ങള്‍ ചേര്‍ത്തു് പുതിയൊരു പുസ്തകമുണ്ടാക്കുക. സ്ക്രീന്‍ ഷോട്ടില്‍ കാണുന്നതു് ഞാനുണ്ടാക്കിയ മലയാളം പുസ്തകത്തിലെ ചില വാചകങ്ങളാണു്. ഇതു കൂടാതെ പലസന്ദര്‍ഭങ്ങളിലുപയോഗിയ്ക്കുന്ന വാക്കുകള്‍ ഒരുമിച്ചു വെയ്ക്കുകയും ആവാം

ടൈപ്പ് ചെയ്യുമ്പോള്‍ വാക്കു് സ്വയം പൂര്‍ത്തിയാക്കാന്‍ KMouth സഹായിക്കും. അതിനായി ആദ്യം KMouth നെ പഠിപ്പിയ്ക്കേണ്ടതുണ്ടു്. Settings-->Configure KMouth-> Word completion എന്നിടത്തു് പോയി ഒരു ഡിക്ഷണറി ചേര്‍ക്കുക. പ്രത്യേകിച്ചൊന്നുമില്ല. ഏതെങ്കിലും ചില മലയാളം ഫയലുകള്‍ എടുത്തു കൊടുത്താല്‍ മതി. KMouth പഠിച്ചോളും.
ഇങ്ങനെ ആംഗ്യത്തിന്റെയോ, പേപ്പറിലെഴുതിക്കാണിയ്ക്കുന്നതിന്റെയോ ആവശ്യമില്ലാതെ സംസാരശേഷിയില്ലാത്തവര്‍ക്കു് ധ്വനിയെ കൂട്ടുപിടിയ്ക്കാം. കമ്പ്യൂട്ടര്‍ ഒപ്പം കൊണ്ടു നടക്കേണ്ടേ എന്നു തുടങ്ങിയ ചില പ്രായോഗികതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നേയ്ക്കാം. എന്നാലും ഇതു് സഹായകരമാവുന്ന വ്യക്തികളുണ്ടാവില്ലേ?
For for information about dhvani, how to install etc see the documentation

ധ്വനി-കെ.ഡി.ഇ സംയോജനം

KDE ഡെസ്ക്ടോപ്പില്‍ ധ്വനി ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റം ചേര്‍ത്തു് kedit, kate, kwrite, konqueror എന്നിവയിലുള്ള മലയാളം(ധ്വനി പിന്തുണയ്ക്കുന്ന മറ്റു ഭാഷകളും) വായിക്കാം. കോണ്‍ക്വറര്‍ വെബ് ബ്രൌസറിലും മലയാളം വെബ് പേജുകള്‍ വായിക്കാന്‍ ധ്വനി ഉപയോഗിക്കാം. ഇതിനായി ഞാന്‍ പ്രത്യേകം കോഡൊന്നും എഴുതിയിട്ടില്ല. :). ktts(KDE യുടെ TTS system) കമാന്റ് പ്ലഗിന്‍ എന്ന ഒരു സൌകര്യം ഉപയോഗിച്ചാണു് ഇതു ചെയ്യാന്‍ കഴിയുന്നതു്.
Kontrol center ല്‍ പോയി Regional and Accessibility എന്ന വിഭാഗത്തിലെ Text-to-speech എടുക്കുക. അവിടെ Talkers tab ല്‍ Add എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Synthesizer എന്നതിന്റെ Show All തിരഞ്ഞെടുത്ത് Command എന്നെടുക്കുക. Language എന്നതു് Other എന്നും. ഇപ്പോള്‍ നിങ്ങള്‍ക്ക് സിന്തസൈസറിന്റെ കമാന്റ് ചേര്‍ക്കാനുള്ള ഒരു ജാലകം കിട്ടും. അവിടെ
dhvani %f




എന്നു ചേര്‍ക്കുക. ഈ Talker നെ ഡിഫോള്‍ട്ട് ആക്കുക. തീര്‍ന്നു. മുമ്പ് പറഞ്ഞ അപ്ലിക്കേനുകളിലെല്ലാം വായിക്കേണ്ട ഭാഗം സെലക്ട് ചെയ്തു് ടൂള്‍സ് മെനുവില്‍ നിന്നു് Speak text എടുക്കുക.
For for information about dhvani, how to install etc see the documentation

Friday, March 14, 2008

ഗ്നോം 2.22 പുറത്തിറങ്ങി.

ഗ്നോം 2.22 പുറത്തിറങ്ങി. ഗ്നോം ഔദ്യോഗികമായി പിന്തുണയ്ക്കുന്ന 46ഭാഷകളില്‍ ഇത്തവണയും മലയാളം ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നു് മലയാളം കൂടാതെ തമിഴ്, പഞ്ചാബി, ഗുജറാത്തി, മറാത്തി എന്നീ ഭാഷകളുമുണ്ടു്. ഹിന്ദിയും ബംഗാളിയും ഇത്തവണ 80% പരിഭാഷ പൂര്‍ത്തിയാക്കിയില്ല.

പുത്തന്‍ പതിപ്പിനെക്കുറിച്ചു് ഇവിടെ വായിക്കൂ:


ഈ നേട്ടം സ്വന്തമാക്കാന്‍ സഹായിച്ച സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ എല്ലാവര്‍ക്കും നന്ദി, അഭിനന്ദനങ്ങള്‍....

Ubuntu 8.04, RHEL 6, SLES 11 എന്നിവയില്‍ ഈ പതിപ്പുണ്ടാകുമെന്നു് കേള്‍ക്കുന്നു:

Monday, March 3, 2008

ബഷീറിന്റെ മാന്ത്രികപ്പൂച്ച ധ്വനി വായിച്ചപ്പോള്‍

ഇക്കൊല്ലത്തെ ഫോസ് ഇന്ത്യാ അവാര്‍ഡ് നേടിയ ധ്വനി എന്ന ടെക്സ്റ്റ് റ്റു സ്പീച്ച് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് വൈക്കം മുഹമ്മദ് ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവലിന്റെ ആദ്യഭാഗം വായിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ സൌണ്ട് ഫയലുകള്‍ താഴെക്കൊടുക്കുന്നു.

mp3 format (1.3 MB)
ogg format (402 KB)

ഇതിലേതെങ്കിലും ഒന്നു് ഡൗണ്‍ലോഡ് ചെയ്തു് കേട്ടുനോക്കൂ...

എന്താ ചങ്ങാതിമാരേ, കമ്പ്യൂട്ടര്‍ മലയാളം പറയുന്നതു് കേട്ടു് വല്ലതും മനസ്സിലായോ? :) ഇതാണു് ധ്വനി വായിയ്ക്കാന്‍ ശ്രമിച്ചതു്:

"ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവലിന്റെ ആദ്യഭാഗം ധ്വനി വായിക്കുന്നു.

ഒരു മാന്ത്രിക പൂച്ചയുടെ അവതാരത്തെപ്പറ്റിയാകുന്നു പറയാന്‍ പോകുന്നതു്. പണ്ടു പണ്ടു മുതല്‍ക്കേ അത്ഭുതങ്ങള്‍ ഒരുപാടു് ഒരുപാടു് ഈ ഭൂലോകത്തു് സംഭവിച്ചിട്ടുണ്ടല്ലോ. അത്തരം ഗൌരവമുള്ള കാര്യമല്ലിതു്. ഇതൊരു സാധാരണ പൂച്ചയായി ജനിച്ചു. പിന്നെങ്ങനെയാണു് ഇതൊരു മാന്ത്രിക പൂച്ചയായതു്? പ്രശ്നത്തിന്റെ അകത്തു ലേശം തമാശയുണ്ടു്. ഇതു ലോകത്തിലെ ആദ്യത്തെ മാന്ത്രിക പൂച്ചയാണോ? സംശയമാണു്. പ്രപഞ്ചചരിത്രത്തിന്റെ ഏടുകള്‍ ക്ഷമയോടെ മറിച്ചു നോക്കിയാല്‍ ഇത്തരം സംഭവങ്ങള്‍ ഒത്തിരി ഒത്തിരി കണ്ടെന്നുവരാം. അന്നൊരു പക്ഷേ ആരും ശ്രദ്ധിച്ചു കാണുകയില്ല. ഇപ്പോള്‍, ദാ, ഒരു സുവര്‍ണാവസരം. ശ്രദ്ധിക്കുക: ചുവന്ന കണ്ണുകള്‍, ചിരിക്കുന്ന മുഖഭാവം, ചെവികളിലും മുതുകിലും വാലിലും ലേശം ചുമപ്പു രാശിയുണ്ടു്. ബാക്കി എല്ലാം തൂവെള്ള. തറച്ചു മുഖത്തു നോക്കി മ്യാഓ എന്നു പറയുന്നതു കേട്ടാല്‍ വാരിയെടുത്ത് ഓമനിക്കാന്‍ തോന്നും."

മലയാളം കൂടാതെ വേറെ 7 ഭാരതീയ ഭാഷകള്‍ കൂടി ധ്വനി 'വായിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു'.

Sunday, March 2, 2008

സ്വനലേഖ ബുക്ക്‌മാര്‍ക്ക്‌ലെറ്റ്

ഗ്നു/ലിനക്സിലെ സ്കിം ഉപയോഗിച്ചുള്ള ലിപ്യന്തരണ നിവേശകരീതിയായ സ്വനലേഖയുടെ ബുക്ക്‌മാര്‍ക്ക്‌ലെറ്റ് ഇവിടെ. ഫയര്‍ഫോക്സില്‍ ഉപയോഗിക്കാവുന്ന ഇതു് ഏതു് വെബ് പേജുകളിലേയും ടെസ്ക്റ്റ് ഏരിയകളില്‍ ഉപയോഗിക്കാം.
വിശദവിവരങ്ങള്‍ അവിടെ കൊടുത്തിട്ടുണ്ടു്.

കൃഷ്ണകാന്ത് മനേ എന്ന അന്ധപ്രോഗ്രാമ്മര്‍

അന്ധനായ ഒരാള്‍ക്കു് ഒരു പ്രോഗ്രാമ്മറാവാമോ? കൃഷ്ണകാന്ത് മനേ ഒരു അന്ധ പ്രോഗ്രാമ്മറാണു്. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകനുമാണു്. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകനും, അന്ധരായ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന വിദഗ്ദ്ധനും, പല സംസ്ഥാന സര്‍ക്കാറുകളുടെയും അന്ധര്‍ക്കായുള്ള വിദ്യാഭ്യാസ പദ്ധതികളുടെ ഉപദേശകനുമാണു്.
കുറച്ചുമാസങ്ങള്‍ക്കു് മുന്‍പ്, ബാംഗ്ലൂരില്‍ വച്ചാണു് ഞാന്‍ മനേയെ പരിചയപ്പെടുന്നതു്. തന്റെ IBM thinkpad ലാപ്‌ടോപ്പില്‍ ഉബുണ്ടു ഗ്നു/ലിനക്സും ഓര്‍ക്ക(Orca) എന്ന സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്‌വെയറും ഉപയോഗിച്ചു് അദ്ദേഹം നെറ്റ് ബ്രൗസ് ചെയ്യുന്നതും, മെയില്‍ നോക്കുന്നതും, പ്രോഗ്രാം ചെയ്യുന്നതും കണ്ടു് ഞാന്‍ അത്ഭുതപ്പെടുപോയി. കാഴ്ചയുള്ള ആരും ചെയ്യുന്ന അതേ ലാളിത്യത്തോടുകൂടിത്തന്നെ അദ്ദേഹം അതെല്ലാം ചെയ്യുന്നു. Orca ഒരു സ്വതന്ത്ര സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്‌വെയറാണു്. അതു് സ്ക്രീനിലെ വാചകങ്ങളെ ശബ്ദമാക്കിത്തരുന്നു. ഇംഗ്ലീഷിലാണു് അദ്ദേഹം അതുപയോഗിച്ചിരുന്നതു്. ഫെസ്റ്റിവല്‍ എന്ന ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ.
അദ്ദേഹത്തെപ്പറ്റിയും തമിഴ്‌നാട് സര്‍ക്കാറിന്റെ ഓര്‍ക്കയും ഉബുണ്ടുവും ഉപയോഗിച്ചുള്ള അന്ധവിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിപാടിയെക്കുറിച്ചുമുള്ള ഒരു വീഡിയോ താഴെക്കൊടുത്തിരിക്കുന്നു.


ഇംഗ്ലീഷിനുപകരം മലയാളത്തിലോ തമിഴിലോ ഉള്ള ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതു കൂടുതല്‍ ഉപയോഗപ്രദമായിരിക്കും.ഇതിനുള്ള ഒരു തടസ്സം ഭാരതീയ ഭാഷകള്‍ക്കു് ഉപയോഗിക്കാവുന്ന ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറുകളുടെ അഭാവമാണു്. ഇതിനുള്ള ഒരു പരിഹാരമാണു്, ഞാനും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂരിലെ പ്രൊഫസറായ ഡോ: രമേഷ് ഹരിഹരനും കൂടി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ധ്വനി എന്ന സോഫ്റ്റ്‌വെയര്‍. മലയാളമടക്കം 8 ഭാഷകള്‍ ധ്വനിക്കു് സംസാരിയ്ക്കാന്‍ കഴിയും.

ധ്വനി ഇക്കൊല്ലത്തെ ഫോസ് ഇന്ത്യ അവാര്‍ഡിനു് അര്‍ഹമായ പ്രൊജക്റ്റാണു്. NRCFOSS(National Resouce Center for Free and Open Source Software) സ്പോണ്‍സര്‍ചെയ്യുന്ന 25000 രൂപയാണു് അവാര്‍ഡ് തുക. (സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വേറൊരു പ്രൊജക്റ്റായ ടക്സ് ടൈപ്പിനും അവാര്‍ഡുണ്ടു്. തൃശൂര്‍ എഞ്ചിനീയറിങ്ങ് കോളേജിലെ മോബിന്‍ , ശ്രീരഞ്ജ് , ശ്രേയസ്, പ്രിന്‍സ്, വിമല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണു് അവാര്‍ഡ് ലഭിച്ചതു്.)
ധ്വനി ഉപയോഗിച്ചു് എങ്ങനെ മലയാളം ടെക്സ്റ്റുകളെ mp3/ogg ആക്കി മാറ്റാമെന്നറിയാന്‍ ഈ ബ്ലോഗ് പോസ്റ്റ് വായിക്കുക.
 
live web stats