Wednesday, December 26, 2007

വരികള്‍ നഷ്ടപ്പെടുന്ന പാട്ടുകള്‍

ഡൈലാമോ, ജുംബലക്ക, ഹമ്മ ഹമ്മ, ഛയ്യ ഛയ്യ, മക്കസായി, ഷക്കലക്ക ബേബി, ബംബാട്ടു ഹുഡുഗി, ഓസലാമ,ഷാബഷാബ, ഹോസൈന, ഡിങ്കിരി ഡിങ്കിരി,അത്തള പിത്തള, സഡക്ക് സഡക്ക്, ധൂംതനക്കടി, ഓക്കേല, ജുംബാ ജുംബാ, അക്കിക്കൊക്കി, ദേവൂഡ, ബല്ലേലിക്കാ, ജില്ലേല ജില്ലേല, സിങ്കാര സിങ്കാര...ഇത്തരം വാക്കുകള്‍ കൊണ്ട് ഹിറ്റുകളായ പാട്ടുകളെക്കുറിച്ചും, അവയുടെ അര്‍ത്ഥമില്ലായ്മയെക്കുറിച്ചും രവിമേനോന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു. റൈമിങ്ങിനു് വേണ്ടി ചേര്‍ക്കുന്ന ഇത്തരം യുക്തിരഹിതവാക്കുകള്‍ പാട്ടുകളുടെ, പലപ്പോഴും സിനിമകളുടെ തന്നെ വിജയത്തിനു് കാരണമാകാറുമുണ്ടു്.

ഗാനങ്ങളിലെ കാവ്യഭംഗിയ്ക്ക് പ്രാധാന്യം കുറഞ്ഞുവരുന്നതും ശ്രാവ്യഭംഗിയ്ക്ക് മുന്‍തൂക്കം വരുന്നതും സാധാരണയായിക്കൊണ്ടിരിയ്ക്കുകയാണു്. മലയാള
സാഹിത്യത്തിലെ കവിതാശാഖയെ ജനകീയമാക്കുന്നതില്‍ ചലച്ചിത്രഗാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നാടകഗാനങ്ങള്‍ മലയാളികളുടെ
ചുണ്ടില്‍തത്തിക്കളിച്ചിരുന്ന ഒരു ചരിത്രം നമുക്കുണ്ടു്. ഇപ്പോള്‍ അത് ചലച്ചിത്രഗാനങ്ങളാണ്. നാടകഗാനങ്ങള്‍ നിറഞ്ഞുനിന്നിരുന്ന സമയത്ത്
ജനങ്ങളെ ആകര്‍ഷിച്ചത് തീര്‍ച്ചയായും വരികള്‍ തന്നെ. ഈണത്തിന് സംഗീതത്തില്‍ നിന്ന് വേറിട്ടു നില്‍ക്കാന്‍ കഴിയില്ലെന്നു മറക്കുന്നില്ല. ഒ.എന്‍.വി. പി. ഭാസ്കരന്‍, വയലാര്‍ എന്നിവരുടെയെല്ലാം അനശ്വരങ്ങളായിത്തീര്‍ന്ന ഗാനങ്ങളിലെല്ലാം വരികള്‍ക്കതിന്റേതായ സ്ഥാനം ഉണ്ടായിരുന്നു.പലപ്പോഴും സാമൂഹ്യപരിഷ്കരണത്തിന്റെ കാഹളമൂതുന്നവയുമായിരുന്നു അവ.

പുതിയ സംഗീത സംവിധായകര്‍ പാട്ടിലെ വരികളെക്കുറിച്ചും കാവ്യഭംഗിയെക്കുറിച്ചും എന്ത് ചിന്തിയ്ക്കുന്നുവെന്നു് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞയാഴ്ചത്തെ ലക്കം വായിച്ചപ്പോള്‍ പിടികിട്ടി. വാക്കുകളുടെ അര്‍ത്ഥത്തെക്കാള്‍ പ്രായോഗികതയാണു് വാക്കുകള്‍ തിരഞ്ഞെടുക്കുന്നതില്‍ സംഗീത സംവിധായകരെ നയിക്കാറുള്ളതെന്നു് ജാസി ഗിഫ്റ്റ് പറയുന്നു.
പിബി സുരേഷ്, പ്രകാശ് രാമദാസ് എന്നിവര്‍ ജാസി ഗിഫ്റ്റുമായി നടത്തിയ അഭിമുഖം മാതൃഭൂമിയില്‍ വന്നതില്‍ നിന്ന് കൗതുകമെന്നു തോന്നിയ ചിലവ ഇവിടെ പകര്‍ത്തുന്നു.

"പരമ്പരാഗത മ്യൂസിക്കും ആയി മലയാളിയ്ക്ക് ഇനി അധികകാലം മുന്നോട്ട് പോകാന്‍ കഴിയില്ല....സാധാരണ നമ്മുടെ തബലയടിയും വീണയും കൊണ്ട് അധികകാലം മുന്നോട്ടു് പോകാന്‍ പറ്റില്ല."

"അനശ്വരഗാനങ്ങള്‍ എന്നൊക്കെ പറഞ്ഞ് നമ്മളങ്ങ് അനശ്വരമാക്കുന്നതല്ലേ. അനശ്വരഗാനങ്ങള്‍ എന്നുപറയുന്നതു് ഒരു പരിധിയില്‍ അതിഷ്ടപ്പെടുന്നവരുടെ മനസ്സില്‍ മാത്രമേയുള്ളൂ...... ഇന്നത്തെ ഒരു കാലഘട്ടത്തിലാണു് ആ പാട്ടുകള്‍ വന്നിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഒന്നും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു"

"മലയാളിയ്ക്കു് world music നെക്കുറിച്ചു് അവബോധം കുറവാണെന്നാണു് എനിയ്ക്കു് തോന്നുന്നത്. കുട്ടികള്‍ പോലും നീട്ടിനീട്ടി പാടിയാലേ Music ആകൂ എന്ന തരത്തില്‍ കൊച്ചു ജനറേഷനെപ്പോലും അങ്ങനെയാണു് കൊണ്ടുവരുന്നതു്. ഇങ്ങനെ നില്‍ക്കുമ്പോള്‍ നമ്മുടെ Music വെളിയിലേയ്ക്കു് പോകുന്നതിനു് പ്രശ്നം വരും. മലയാളം fil music ല്‍ നിന്ന് നാലുഭാഷയില്‍ ഹിറ്റായ ഒരേയൊരു ഗാനം ലജ്ജാവതിയാണു്"

നമ്മുടെ സംഗീതം നമുക്കുള്ളതല്ലേ, നമ്മുടെ കഴിഞ്ഞല്ലേ ബാക്കിയുള്ളവരുള്ളൂ. മലയാളം പാട്ടുകളൊക്കെ ഇങ്ങനെ 'വെളിയില്‍ പോവാന്‍ ' വേണ്ടി രൂപപ്പെടുത്തിയാലെന്താവും സ്ഥിതി? സത്യത്തില്‍ ലജ്ജാവതിയുടെ വിജയത്തിനു പിന്നില്‍ അതിന്റെ വ്യത്യസ്ഥതയ്ക്കല്ലേ മുഖ്യ പങ്കു്. അതേ പോലെ പിന്നീട് ഗാനങ്ങളെഴുതാന്‍ ശ്രമിച്ചപ്പോള്‍ ആ വ്യത്യസ്തത ഇല്ലാതായി പരാജയപ്പെടുകയും ചെയ്തു. അതിന്റെ തെളിവല്ലേ താഴെപ്പറയുന്നതു്?

"എനിയ്ക്കു് മലയാളത്തില്‍ സംഭവിച്ച വീഴ്ച, For the people നു‌ ശേഷം ഒരു പടവും ചെയ്യരുതായിരുന്നു"

"ഭയങ്കര കാവ്യ ഭംഗി സിനിമാപ്പാട്ടില്‍ വേണമെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നില്ല. പാട്ടിന്റെ ട്യൂണിനനുസരിച്ചു് wording വേണം. പിന്നെ എല്ലാര്‍ക്കും മനസ്സിലാകണം. എലാ ജനറേഷനും ഇഷ്ടപ്പെടുന്ന ഒരു രീതിയിലായിരിയ്ക്കണം. ഒരു ചെറിയ ട്യൂണിനകത്തേയ്ക്കു് കവിത തിരുകിക്കയറ്റുന്നതില്‍ വലിയ താത്പര്യമില്ല."

അപ്പോള്‍ അതാണു് കാര്യം. അവസാനം പറഞ്ഞത് എല്ലാറ്റിനും ഉത്തരം നല്കുന്നു. മൂന്ന് മിനിട്ട് നേരത്തെ പാട്ടില്‍ ആരാണു് നായകന്‍? ഗാനരചയിതാവോ സംഗീത സംവിധായകനോ? താളമനുസരിച്ച് ഗാനമെഴുതാന്‍ തുടങ്ങിയതു മുതല്‍ സംഗീതസംവിധായകനല്ലേ മേല്‍ക്കൈ? 'ഭയങ്കര' കാവ്യഭംഗി വേണ്ട, ഭയങ്കരമല്ലാത്ത കാവ്യഭംഗിയില്ലാത്ത പാട്ട് പാട്ടാകുന്നതെങ്ങനെ? വെറും ഈണം മാത്രമാണു് സംഗീതമെന്നും അതില്‍ ട്യൂണിനനുസരിച്ച് കവിത തിരുകിക്കേറ്റരുതെന്നുമുള്ള സംഗീതസംവിധായകരുടെ നിലപാടിന്റെ ഔചിത്യമെന്ത്?

ലജ്ജാവതിയും ജാസിഗിഫ്റ്റും ശബ്ദഘോഷവും എന്ന ഈ ബ്ലോഗ് പോസ്റ്റും വായിച്ചു.

ട്യൂണിനനുസരിച്ച് പാട്ടെഴുതുന്നവര്‍ തന്നെ പാട്ടിനെ അര്‍ത്ഥശൂന്യമാക്കി മാറ്റുന്നുമുണ്ടു്. ആദ്യം പറഞ്ഞ രീതിയിലുള്ള അര്‍ത്ഥരഹിതമായ വാക്കുകള്‍ പാട്ടുകളില്‍ കയറ്റുന്നതില്‍ ഗാനരചയിതാക്കള്‍ക്കും പങ്കുണ്ടു്. ഏതോ ഒരു ചാനലില്‍ ഇങ്ങനെ ഗാനങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഒരു പരിപാടി കണ്ടതായി ഓര്‍ക്കുന്നു. കുറച്ച് ഊതിവീര്‍പ്പിച്ചുള്ളതാണെങ്കിലും കുറെയൊക്കെ കാര്യമുണ്ടെന്നു് തോന്നി. ഗിരീഷ് പുത്തഞ്ചേരിയുടെ 'കാണാ' പ്രയോഗത്തെയുള്ള വിമര്‍ശനം അസ്സലായിരുന്നു. കാണാപാദസരം, കാണാവെയില്‍, കാണാത്ത മരമറുത്തു് കനവുകൊണ്ട് കൊട്ടാരം പണിതവനേ..കാണാപ്രാവേ , കാണാക്കോണില്‍ എന്നിങ്ങനെ.. മുഴുവന്‍ ലോജിക്കലായ ഒരു പാട്ടു വേണമെന്നൊന്നുമല്ല ഞാന്‍ പറയുന്നതു്. ആരെങ്കിലും ഈ വരികളെടുത്തൊന്നു വായിച്ചു നോക്കിയാല്‍ അയ്യേന്ന് പറയരുതല്ലോ.

മൊത്തം ജനറലൈസ് ചെയ്ത് എഴുതിയതാണെന്ന് വിചാരിയ്ക്കരുതേ, ഇതൊക്കെ വായിച്ചപ്പോള്‍ തോന്നിയ ചില ചിന്തകള്‍ കുറിച്ചിട്ടെന്നു മാത്രം. വ്യക്തിപരമായി പാട്ടുകളിലെ വരികളെ കൂടുതല്‍ സ്നേഹിയ്ക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്കു്. നിങ്ങളുടെ അഭിപ്രായവും അറിയാന്‍ ആഗ്രഹിയ്ക്കുന്നു.

Sunday, December 23, 2007

ഗ്നു/ലിനക്സില്‍ നിന്നു് ബ്ലോഗെഴുതാന്‍

ഗ്നു/ലിനക്സ് ഉപയോക്താക്കള്‍ക്ക് ലൈവ്ജേര്‍ണല്‍, ബ്ലോഗ്ഗര്‍, വേര്‍ഡ്പ്രേസ്സ് എന്നിവയിലേയ്ക്ക് ബ്ലോഗ് എഡിറ്റ് ചെയ്യാനുള്ള കുറച്ചു സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പരിചയപ്പെടാം. ബ്ലോഗെഴുതാന്‍ വെറും ടെക്സ്റ്റ് എഡിറ്റര്‍ മതിയെങ്കിലും ഈ അപ്ലിക്കേഷനുകള്‍ ബ്ലോഗ് എഡിറ്റിങ്ങിനു മാത്രമായി ചില സൗകര്യങ്ങള്‍ തരുന്നു. ലിങ്ക് ചേര്‍ക്കല്‍, ചിത്രം ചേര്‍ക്കല്‍, ഫോര്‍മാറ്റിങ്ങ് , സ്പെല്‍ചെക്ക്, പ്രിവ്യു മുതലായവ. ഓഫ്‌ലൈന്‍ ബ്ലോഗ് എഡിറ്റിങ്ങിനാണു് ഇവ പ്രയോജനപ്പെടുക.

1. GNOME Blog Entry Poster
വളരെ ലളിതമായ ഒരു അപ്ലിക്കേഷനാണിതു്. ഗ്നോം പാനലില്‍ ഒരു ആപ്‌ലെറ്റ് ആയി ഇതു പ്രവര്‍ത്തിയ്ക്കും. Blog എന്നെ ടോഗിള്‍ ബട്ടണില്‍ ക്ലിക്കിയാല്‍ നിങ്ങള്‍ക്കു് ഒരു എഡിറ്റര്‍ കിട്ടുന്നു. ബോള്‍ഡ്, ലിങ്ക് എന്നീ ഫീചറുകള്‍ മാത്രമേ ഇതു് തരുന്നുള്ളൂ. പക്ഷേ നിങ്ങള്‍ക്ക് സ്വയം HTML ചേര്‍ക്കുകയുമാകാം..ബ്ലോഗ് അക്കൗണ്ടുകള്‍ ബ്ലോഗ്ഗര്‍, ലൈവ്‌ജേര്‍ണല്‍, ഗ്നോം ബ്ലോഗ് എന്നിവ ഇതു് സപ്പോര്‍ട്ട് ചെയ്യും. താഴെകൊടുത്തിരിയ്ക്കുന്ന സ്ക്രീന്‍ ഷോട്ട് കാണുക.

ഇന്‍സ്റ്റാള്‍ ചെയ്യാന്‍ (ഡെബിയന്‍/ഉബുണ്ടു എന്നിവയില്‍)
a) സിനാപ്റ്റിക് ഉപയോഗിച്ചു് gnome-blog എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക. അല്ലെങ്കില്‍
b) apt-get install gnome-blog
ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഗ്നോം പാനലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത്, Add to Panel എടുത്ത് Blog Entry Poster തിരഞ്ഞെടുത്ത് പാനലിലേയ്ക്ക് ചേര്‍ക്കുക

2. Drivel Journal Editor
ലൈവ്‌ജേര്‍ണലിനു ഡിസൈന്‍ ചെയ്തതാണെങ്കിലും ബ്ലോഗ്ഗര്‍, വേര്‍ഡ്‌‌‌പ്രെസ്സ് എന്നിവയിലും ഇതു് പ്രവര്‍ത്തിയ്ക്കും. ധാരാളം ഫോര്‍മാറ്റിങ്ങ് ഐച്ഛികങ്ങളുമുണ്ടു്.


ഇന്‍സ്റ്റാള്‍ ചെയ്യാന്‍ (ഡെബിയന്‍/ഉബുണ്ടു എന്നിവയില്‍)
a) സിനാപ്റ്റിക് ഉപയോഗിച്ചു് drivel എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക. അല്ലെങ്കില്‍
b) apt-get install drivel

3. BloGTK Blog Editor
ധാരാളം HTML ഓപ്ഷനുകളുള്ള ഒരു എഡിറ്ററാണിതു്. ബ്ലോഗ് പ്രിവ്യു സൗകര്യം ഉണ്ടു്.
ഇന്‍സ്റ്റാള്‍ ചെയ്യാന്‍ (ഡെബിയന്‍/ഉബുണ്ടു എന്നിവയില്‍)

a) സിനാപ്റ്റിക് ഉപയോഗിച്ചു് blogtk എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക. അല്ലെങ്കില്‍
b) apt-get install blogtk
ഫെഡോറയില്‍ ആപ്റ്റിനു പകരം yum ഉപയോഗിയ്ക്കുക.


4. സ്ക്രൈബ്ഫയര്‍ ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍
ഇവിടെ നിന്ന് ഇന്സ്‌റ്റാള്‍ ചെയാം. ഏത് പ്രവര്‍ത്തകസംവിധാനത്തിലും ഫയര്‍ഫോക്സിന്റെയൊപ്പം ഉപയോഗിയ്ക്കാം.വേര്‍ഡ് പ്രെസ്സ്, ലൈവ്‌ ജേര്‍ണല്‍, ബ്ലോഗര്‍ തുടങ്ങി മിക്കതരം ബ്ലോഗും ഇതിലെഴുതി പോസ്റ്റ് ചെയ്യാം.


കുശല്‍ ദാസ് ഇന്ന് "ചോട്ടാ" എന്ന ഒരു പുതിയ ബ്ലോഗ് എഡിറ്റര്‍ പുറത്തിറക്കിയിട്ടുണ്ടു്. വേര്‍ഡ് പ്രസ്സിനുള്ളതാണിതു്. പൈത്തണ്‍ സോഴ്സ്കോഡ് കമ്പൈല്‍ ചെയ്ത് എടുക്കേണ്ടിവരും വിശദവിവരങ്ങളിവിടെ

ഇനി വേറെ കുറെ എഡിറ്റര്‍ അപ്ലിക്കേഷനുകള്‍:
1. ഫ്ലോക്ക് ബ്രൗസറിന്റെ കൂടെ ഫ്ലോക്ക് ബ്ലോഗ് പോസ്റ്റര്‍ എന്ന അപ്ലിക്കേഷന്‍ വരുന്നുണ്ടു്.
2. Thingamablog
3. JBlogEditor
4. QTM
5. KBlogger: ഒരു KDE പാനല്‍ ആപ്‌ലെറ്റ്
6. Bleezer
7. ഗൂഗിള്‍ ഡോക് ബ്ലോഗ് എഡിറ്ററായി ഉപയോഗിയ്ക്കാം

Drivel കുറച്ചു കാലം ഉപയോഗിച്ചിരുന്നുവെങ്കിലും, എനിക്കിഷ്ടം GEDIT തന്നെ, 'വെറും' ടെക്സ്റ്റ് എഡിറ്റര്‍ :)
എഴുതാന്‍ ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ, വരമൊഴി, മൊഴി, ലളിത തുടങ്ങിയവയിലേതെങ്കിലും ഒന്ന് ഉപയോഗിയ്ക്കാം.GNOME Blog Entry Poster, Drivel Journal Editor, BloGTK എന്നിവയില്‍ മലയാളം സ്പെല്‍ചെക്കും ഉപയോഗിയ്ക്കാം.

Friday, December 14, 2007

ഓരോ കുട്ടിയ്ക്കും ഓരോ ലാപ്‌‌ടോപ്പ്OLPC - One Laptop per Child എന്ന സംരംഭത്തെപ്പറ്റി നേരത്തേ തന്നേ കേട്ടിരുന്നുവെങ്കിലും ഫോസ്സ്.ഇന്‍ പരിപാടിയ്ക്കിടയിലാണ് സംഗതി നേരിട്ട് കാണാന്‍ കഴിഞ്ഞത്. ടോം കളവേയ്(Tom Callaway) പച്ചയും വെള്ളയും നിറത്തിലുള്ള കൊച്ചുലാപ്‌ടോപ് തന്റെ ചോറ്റുപാത്രമാണെന്ന് പറഞ്ഞ് എല്ലാവരെയും പരിചയപ്പെടുത്തി നടക്കുന്നുണ്ടായിരുന്നു. വളരെപ്പെട്ടെന്ന് തന്നെ ടോമും കൊച്ചു ലാപ്‌ടോപ്പും പരിപാടിയിലെ ഒരു ശ്രദ്ധാകേന്ദ്രമായി

ടോം തന്റെ ലാപ്‌ടോപ്പുമായി

2005 ജനുവരിയില്‍ MIT യിലാണ് OLPC പ്രൊജക്ട് തുടങ്ങുന്നത്. Nicholas Negroponte ആണ് ഇതിന് തുടക്കമിട്ടത് വികസ്വര, ദരിദ്ര രാജ്യങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ എത്തിയ്ക്കുക എന്നതാണ് പ്രൊജക്ടിന്റെ ലക്ഷ്യം. ഇത് ഒരു ലാപ്‌ടോപ് പ്രൊജക്ടല്ല, മറിച്ച് ഒരു വിദ്യാഭ്യാസ പ്രൊജക്ടാണ് എന്ന് പ്രൊജക്ടിന്റെ വക്താക്കള്‍ പറയുന്നു. ഈ പ്രൊജക്ട് നടത്താന്‍ MIT യില്‍ നിന്ന് സ്വതന്ത്രമായി OLPC എന്ന സംഘടന ഉണ്ടാക്കുകയും ചെയ്തു.

പല വിദ്യാലയങ്ങളിലും ഭൗതിക സൗകര്യങ്ങളുടെ കുറവ് നല്ല രീതിയിലുള്ള അധ്യയനത്തിന് തടസ്സമാവുന്നുണ്ട്. അത് പരിഹരിയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നതോടൊപ്പം വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ പുതിയ വാതിലുകളും സ്വയം പഠനത്തിന്റെ സാധ്യതകളും തുറക്കുകയെന്നത് പ്രൊജക്റ്റിന്റെ ലക്ഷ്യമാണ്. 100 ഡോളറില്‍ ഇതിന്റെ വില ഒതുക്കി സാമ്പത്തികബാധ്യത കുറയ്ക്കാനും പ്രൊജക്ട് ലക്ഷ്യമിടുന്നു. സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍ ഈ പേജില്‍ വിശദീകരിച്ചിരിയ്ക്കുന്നു .
ചലിയ്ക്കുന്ന ഭാഗങ്ങളൊക്കെ ഒഴിവാക്കിയാണ് ലാപ്‌ടോപ്പ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഹാര്‍ഡ് ഡിസ്ക് , സീഡി , ഡിവിഡി ഡ്രവുകളൊന്നുമില്ല. തണുപ്പിയ്ക്കാന്‍ ഫാന്‍ ആവശ്യമില്ലാത്ത ചെറിയ വൈദ്യുതി മാത്രം ഉപയോഗിക്കുന്ന പ്രൊസസ്സറാണ് ഉപയോഗിച്ചിരിയ്ക്കുന്നതു്.
Processor: AMD 433 MHz
Memory: 256MB SDRAM
Storage: 1GB Flash
ഡാറ്റ സ്കൂളിലേ തന്നെ ഒരു ഡാറ്റാ സെര്‍വറിലേക്കോ, ഓണ്‍ലൈനായോ ശേഖരിയ്ക്കുകയുമാവാം. ലാപ്‌ടോപ്പിന്റെ മുയല്‍ചെവി wifi ആന്റിനയാണ്.
സ്ക്രീന്‍ കളറോ ബ്ലാക്ക് & വൈറ്റോ ആക്കി മാറ്റാവുന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തിലും വായിക്കാന്‍ പറ്റുന്ന തരത്തിലുള്ളവയാണിവ. സ്ക്രീന്‍ ലാപ്‌ടോപ്പിന് ചുറ്റും കറക്കാവുന്നതാണ്.
Screen Details:
19cm (7.5 inches) LCD display
Colour mode: Resolution 800x600 (133dpi); power consumption 1 watt
Black and white mode: Resolution 1200x900 (200dpi); power consumption 0.2 watt; sunlight readableഇതിന്റെ വളരെ പ്രാധാന്യമുള്ള ഒരു സവിശേഷത ബാറ്ററി ദൈര്‍ഘ്യമാണ്. 9 മണിക്കൂറോളം നില്‍ക്കും. മിക്ക സ്കൂളിലും വൈദ്യുതി ഉണ്ടാവാന്‍ സാദ്ധ്യതയില്ലല്ലോ. മാത്രമല്ല ആധുനികമായ സ്കൂളുകളില്‍ പോലും ഓരോ കുട്ടിയ്ക്കും വൈദ്യുതി പ്ളഗ്ഗുകളില്ല. ഇനി തീരെ വൈദ്യുതി ഇല്ലാത്ത നാടാണെങ്കില്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്ന തരം ചാര്‍ജ്ജറുകളുണ്ട്. കാലുകൊണ്ട് ചവിട്ടി ചാര്‍ജ്ജ് ചെയ്യുന്ന പെഡല്‍ മോഡല്‍ ചാര്‍ജ്ജറുകളുണ്ട്. ഒരു ചരട് വലിച്ച് ( നമ്മുടെ ചില ജനറേറ്റര്‍ സെറ്റുകള്‍ സ്റ്റാര്‍ട്ട് ചെയ്യുന്നപോലെ ) ചാര്‍ജ്ജ് ചെയ്യാവുന്ന യോ-യോ എന്നറിയപ്പെടുന്ന ചാര്‍ജ്ജറുമുണ്ട്. ഒരു മിനുട്ട് ചരട് വലിച്ചാല്‍ 10 മിനുട്ടു നേരത്തേക്കായി.

കീബോര്‍ഡ് കുഞ്ഞുകൈകള്‍ക്ക് വേണ്ടി ഡിസൈന്‍ ചെയ്തതാണ്. വളരെ ചെറിയ റബ്ബര്‍ കീകളാണ് ഉള്ളത്. വാട്ടര്‍പ്രൂഫ് ആണ്. കാപ്സ് ലോക്ക് കീയ്ക്ക് പകരം "geek key" ആണ്. പ്രോഗ്രാമിന്റെ കോഡ് കാണാന്‍?!
വെള്ളവും പൊടിയും അകത്ത് കടക്കാത്ത തരത്തിലാണ് പുറം ചട്ട. ലാപ്‌ടോപ്പ് അടച്ചാല്‍ മുയല്‍ചെവികള്‍ ഡാറ്റാപോര്‍ട്ടുകളെ അടച്ച് അടപ്പ് പൂട്ടുന്നു. 3 USB പോര്‍ട്ടുകളും ഒരു SD കാര്‍ഡ് മെമ്മറി സ്ലോട്ടുമുണ്ട്. 5 അടി ഉയരത്ത് നിന്ന് ഇട്ടിട്ടും ലാപ്ടോപ്പ് 10 മിനുട്ട് വെള്ളത്തിലിട്ടിട്ടും ഒന്നും പറ്റിയില്ലെന്ന് OLPC അവകാശപ്പെടുന്നു!
ലാപ്‌ടോപ്പിന്റെ പിടിയിലെ ദ്വാരങ്ങളില്‍ തുണിക്കയറോ മറ്റോ കെട്ടി തോളിലിട്ട് നടക്കാം
സ്ക്രീനിടെ വലത് ഭാഗത്തായി ഒരു വീഡിയോ കാമറ ഉണ്ട്. വീഡിയോ ചാറ്റ് ചെയ്യാം, പടം പിടിയ്ക്കാം...
ഇതിന്റെ മെഷ് നെറ്റ്‌വര്‍ക്ക് എന്ന ആശയം കിടിലനാണ്. ഓരോ ലാപ്‌ടോപ്പും ഒരേ സമയം റൂട്ടറും ക്ലയന്റുമാണ്. തൊട്ടടുത്ത ലാപ്‌ടോപ്പുകള്‍ ഇങ്ങനെ പരസ്പരം ബന്ധിച്ച് ഒരു നെറ്റ്‌വര്‍ക്ക് നിര്‍മ്മിയ്ക്കുന്നു. ഇതിന്റെ ഒരു അവതരണം ഇവിടെ കാണാം

സോഫ്റ്റ്‌വെയര്‍
എല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. റെഡ്ഹാറ്റിന്റെ ഗ്നു ലിനക്സ് പതിപ്പാണ് ഉപയോഗിയ്ക്കുന്നത്. 130 MB യാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. വിന്‍ഡോസ് XP ഉപയോഗിയ്ക്കുകയാണെങ്കില്‍ 1.5 GB വേണ്ടിവരുമായിരുന്നു. യൂസര്‍ ഇന്റര്‍ഫെസ് ഷുഗര്‍ എന്നാണറിയപ്പെടുന്നത്.
എബിവേര്‍ഡ് അടിസ്ഥാനമാക്കിയുള്ള ഒരു word processor, പെയിന്റ് പ്രോഗ്രാം, കാല്‍ക്കുലേറ്റര്‍, ഫയര്‍ഫോക്സ് ബ്രൗസര്‍, എവിന്‍സ് PDF reader, മൂവി പ്ലേയര്‍ , കളികള്‍, സൗണ്ട് റെക്കോര്‍ഡര്‍ എന്നിവയെല്ലാം ഉണ്ട്. ഡെസ്ക്‌ടോപ്പ് സ്ക്രീനിന്റെ നടുവില്‍ ഒരു വട്ടം കാണാം. ഓരോ അപ്ലിക്കേഷന്‍ തുറന്നാലും ഈ വട്ടത്തില്‍ അതിന്റെ ഒരു ഐക്കണ്‍ കാണാം. മെമ്മറി വളരെ കുറവായതുകൊണ്ടു് ഈ വട്ടം നിറഞ്ഞാല്‍ പിന്നെ വേറെ അപ്ലിക്കേഷനൊന്നും തുറക്കാന്‍ പറ്റില്ല.
എന്തു കൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നു? കുട്ടികളെല്ലാം പ്രോഗ്രാമര്‍മാര്‍ ആകുമോ?

ലാപ്‌ടോപ്പുകളുടെ സാങ്കേതിക വിദ്യയ്ക്ക് സാരമായ സംഭാവന നല്കാന്‍ OLPC യ്ക്ക് കഴിയുമെന്ന് കരുതുന്നു. പവര്‍ മാനേജ്മെന്റ്, മെഷ് നെറ്റ്‌വര്‍ക്ക് തുടങ്ങി മറ്റു ലാപ്‌ടോപ്പുകള്‍ക്ക് പകര്‍ത്താന്‍ പറ്റിയ ധാരാളം സംഗതികള്‍ OLPC യിലുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഇത് എത്രത്തോളം സഹായകരമാവുമെന്ന് കണ്ടറിയണം. എക്സല്‍, വേര്‍ഡ് തുടങ്ങിയ അപ്ലിക്കേഷനുകള്‍ പരിശീലിയ്ക്കുന്നതിനു് പകരം, കമ്പ്യൂട്ടറിന്റെ ഉപയോഗ സാധ്യതകള്‍ വെന്‍ഡര്‍ ഇന്‍ഡിപെന്റന്റ് രീതിയില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് നല്ലതു തന്നെ. ഒരു മൂന്നാം ക്ലാസുമുതല്‍ 6, 7 ക്ലാസ് വരെ നമ്മുടെ സിലബസിനൊപ്പം ഒത്തു പോകാന്‍ ഇതിന് കഴിയുമെന്ന് തോന്നുന്നു. കൂട്ടായ്മയിലൂടെയും കളികളിലൂടെയും പഠനം രസകരമാക്കാന്‍ ഇതും സഹായകമായേക്കാം. പല രാജ്യങ്ങളിലും സ്കൂളുകളില്‍ ഇവ പരീക്ഷിക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. എത്രത്തോളം വിജയകരമാവുമെന്ന് കാത്തിരുന്നു കാണാം.
ലാപ്‌ടോപ്പ് ഉപയോഗിച്ചു തുടങ്ങിയ ചിലരുടെ അനുഭവക്കുറിപ്പുകള്‍:
1. A child's view of the $100 laptop
2. ബംഗാളിലെ ഒരു സ്കൂളില്‍ ഒരു കുട്ടി ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യം

ഇതിന്റെ പ്രാദേശികവത്കരണം വളരെ ഗൗരവമായി തന്നെ നടക്കുന്നുണ്ട്. ഹിന്ദിയിലെ ഇന്റര്‍ഫേസ് തയ്യാറായിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. മലയാളം പ്രാദേശികവത്കരണം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങാണു് ഏറ്റെടുത്തിരിയ്ക്കുന്നതു്. താത്പര്യമുള്ളവര്‍ക്ക് പങ്കു ചേരാം

പരീക്ഷിച്ചു നോക്കാന്‍.
ഈ ലാപ്‌ടോപ്പിലെ സോഫ്റ്റ്‌വെയര്‍ പരീക്ഷിച്ചു നോക്കണമെങ്കില്‍ അത് നമ്മുടെ കമ്പ്യൂട്ടറിലും സാധിയ്ക്കും.
ഇവിടെ നിന്ന് ബൂട്ടബിള്‍ ഇമേജ് ഡൗണ്‍ലോഡ് ചെയ്ത്, എക്സ്ട്രാക്റ്റ് ചെയ്ത്, qemu എന്ന എമുലേറ്ററിന്റെ സഹായത്തോടെ ഇത് ബൂട്ട് ചെയ്യാവുന്നതാണ്.
qemu -hda olpc-redhat-stream-development-devel_ext3.img
എന്ന കമാന്റു കൊണ്ട് സംഗതി ബൂട്ട് ചെയ്ത്, 'വര്‍ക്ക് ' ചെയ്ത് തുടങ്ങാം. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ മുകളില്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം ബൂട്ട് ചെയ്യുന്നതു കൊണ്ട് (എമുലേറ്റ് ചെയ്യുന്നത് കൊണ്ട്) കുറച്ച് മെല്ലെയായിരിയ്ക്കും പ്രവര്‍ത്തിയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വിക്കി പേജ് നോക്കുക എന്റെ ലാപ്‌ടോപ്പിലെ ഡെബിയന്‍ ലെന്നിയില്‍ OLPC എമുലേറ്റ് ചെയ്തിരിയ്ക്കുന്നതിന്റെ ചില ചിത്രങ്ങള്‍ താഴെ:
OLPC ലാപ്‌ടോപ്പുകളുടെ ഒരു ഇമേജ് ഗാലറി ഇവിടെ
ഫോസ്സ്.ഇന്‍ പരിപാടിയില്‍ ലാപ്‌ടോപ്പ് തുറക്കാനുള്ള 'ആക്രാന്ത'ത്തിന്റെ ഒരു തമാശ വീഡിയോ

വിവരങ്ങള്‍ക്ക് കടപ്പാട് http://laptop.org.

Monday, December 10, 2007

മലയാളം നിവേശകരീതികള്‍ ഒരു വിശകലനം

സെബിന്റെ ബ്ലോഗിലെ മലയാളം മലയാളത്തിലെഴുതാന്‍ എന്ന പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ നിവേശകരീതികളെപ്പറ്റി ഒരു വിശകലനത്തിന് ശ്രമിയ്ക്കുന്നു

മലയാളം എഴുതാന്‍ നല്ലത് ഇന്‍സ്ക്രിപ്റ്റ്, വരമൊഴി എന്നിവയിലേത് ഉപയോഗിയ്ക്കണമെന്ന് വിശകലനം ചെയ്യുന്നത് എവിടെയും എത്താത്ത ഇടുങ്ങിയ വിശകലനമായിരിയ്ക്കും. നിവേശകരീതികളെ ഞാന്‍ വേറൊരു രീതിയിലാണ് തരംതിരിയ്ക്കാനിഷ്ടപ്പെടുന്നത്.
1. നോണ്‍ഫൊണറ്റിക് - ശബ്ദാത്മകം അല്ലാത്തത്.
2. ഫൊണറ്റിക് - ശബ്ദാത്മകം
നോണ്‍ഫൊണറ്റിക് - ശബ്ദാത്മകം അല്ലാത്തത്
ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉള്ള ഒരു കീബോര്‍ഡ് ഉപയോഗിയ്ക്കുമ്പോള്‍ ഇംഗ്ലീഷ് അക്ഷരങ്ങളുടെ ഫൊണറ്റിക് മൂല്യങ്ങളോട് ഒട്ടും ചേരാതെ ഒരു ഭാഷയിലെ അക്ഷരങ്ങളെ മാപ്പ് ചെയ്യുന്ന നിവേശകരീതികളെ ഇങ്ങനെ വിശേഷിപ്പിയ്ക്കാം. ഇന്‍സ്ക്രിപ്റ്റാണ് ഇതിന്റെ നല്ല ഉദാഹരണം. L എന്ന കീയുടെ സ്ഥാനത്ത് ത , ഥ എന്നീ അക്ഷരങ്ങളെ ചേര്‍ക്കുമ്പോള്‍ സംഭവിയ്ക്കുന്നത് , കീബോര്‍ഡില്‍ മലയാളം കട്ടകളാണെന്ന് മനസ്സില്‍ വിചാരിച്ച് ടൈപ്പ് ചെയ്യണം എന്നാണ്. ഈ മാപ്പിങ്ങ് ഇങ്ങനെ മനസ്സില്‍ വിചാരിയ്ക്കാന്‍ പഠിയ്ക്കുന്നതിനെ ഇന്‍സ്ക്രിപ്റ്റ് ടൈപ്പിങ്ങ് പഠനം എന്ന് നമുക്ക് പറയാം. നമുക്കറിയാം ഈ പഠനം സമയമെടുക്കുന്നതിന്റെ കാരണം, L ന്റെ ലയുടെ അടുത്തു വരുന്ന ഫൊണറ്റിക് സവിശേഷത തയുടെയോ , ഥയുടെയോ അടുത്തെവിടെയും വരാത്തതാണ്. ഈ ബുദ്ധിമുട്ടിന്റെ പശ്ചാത്തലമായി മലയാളത്തിന് പൊതുവേ ഭാരതീയ ഭാഷകള്‍ക്കൊക്കെയുള്ള എഴുതുന്നതു പോലെ വായിയ്ക്കുന്നതും , ഒരക്ഷരവും അതിനു മാത്രം സ്വന്തമായ ഉച്ചാരണവുമെന്ന പ്രത്യേകതയുണ്ട്. ഭാഷാവിദഗ്ധര്‍ ഇതിനെ one to one grapheme to phonetic mapping എന്നു പറയും.
ഇന്‍സ്ക്രിപ്റ്റ് രൂപകല്പന ചെയ്തിരിയ്ക്കുന്നത് പ്രാഥമികമായി ഭാരതീയ ഭാഷകള്‍ ഉപയോഗിയ്ക്കുന്ന ഒരു ഉപയോക്താവിനെ മനസ്സില്‍ കണ്ടു കൊണ്ടാണ്. ആ ഭാഷ മാത്രമായി ഉപയോഗിയ്ക്കുന്ന ഒരാള്‍ക്ക് ഇംഗ്ലീഷ് കട്ടകള്‍ക്ക് പകരം സ്വന്തം ഭാഷയിലെ അക്ഷരങ്ങളാണ് കീബോര്‍ഡില്‍ വേണ്ടതെന്ന സങ്കല്‍പവും ഉണ്ട്. അക്ഷരങ്ങളെ കീബോര്‍ഡില്‍ വിന്യസിയ്ക്കുമ്പോള്‍ ഇംഗ്ലീഷ് അനുവര്‍ത്തിച്ചിരിയ്ക്കുന്ന ശാസ്ത്രീയതയും അതിനുണ്ട്. ഒരു ഭാഷ ടൈപ്പ് ചെയ്യാന്‍ പഠിച്ചാല്‍ ബാക്കി എല്ലാ ഭാരതീയ ഭാഷകളും വിഷമം കൂടാതെ പഠിയ്ക്കാമെന്നുള്ള പ്രത്യേകതയുണ്ട്. ഇന്‍സ്ക്രിപ്റ്റ് എന്ന സ്റ്റാന്‍ഡേര്‍ഡ് മറ്റു നിവേശകരീതികളെ അപേക്ഷിച്ച് കുറച്ചുകൂടി ഉറച്ചതാണെന്ന് വാദവും ഉണ്ട്.

ഫൊണറ്റിക് - ശബ്ദാത്മകം
ഇംഗ്ലീഷ് അക്ഷരങ്ങളുടെ സാമാന്യമായ ഫൊണറ്റിക് സവിശേഷതകളുടെ സ്വന്തം ഭാഷയിലേയ്ക്കുള്ള പകര്‍ത്തലിലൂടെയുള്ള കീബോര്‍ഡ് വിന്യാസത്തെയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരം കീ വിന്യാസങ്ങളെ വീണ്ടും രണ്ട് രീതിയില്‍ തരംതിരിയ്ക്കാം.

a) ലിപ്യന്തരണം അടിസ്ഥാനമാക്കിയുള്ളത്: നമ്മുടെ ഭാഷയുടെ ഉച്ചാരണത്തെ ലാറ്റിന്‍ ലിപികള്‍ കൊണ്ട് പ്രതിനിധാനം ചെയ്യിയ്ക്കുന്ന രീതിയാണ് ഇത്. മലയാളം എന്നത് malayaalam എന്ന് എഴുതുന്ന വിദ്യ. ഈ വിധത്തിലുള്ള പൊതുവില്‍ അറിയപ്പെടുന്ന കുറച്ച് നിവേശകരീതികള്‍ പറയാം. ഇത് ഇത്തരംനിവേശകരീതികളുടെ ഒരു മുഴുവന്‍ ലിസ്റ്റല്ല. ഉദാഹരണത്തിന് ചിലത് പറയുന്നുവെന്നു മാത്രം.
1. വരമൊഴി/മൊഴി കീമാപ്പ്: മലയാളികള്‍ക്ക് ഇതിന് യാതൊരു പരിചയപ്പെടുത്തലിന്റെയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല
2. സ്വനലേഖ : ഗ്നു ലിനക്സ് പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായി ഞാന്‍ തന്നെ എഴുതിയ ഫ്ലെക്സിബിള്‍ കീമാപ്പിങ്ങ് ഉള്ള നിവേശകരീതി. ഏറെക്കുറെ മൊഴി കമ്പാറ്റിബിള്‍ ആണ്. കൂടാതെ ടൈപ്പ് ചെയ്യുമ്പോള്‍ എഴുതിയ ഇംഗ്ലീഷ് അക്ഷരങ്ങളുടെ കോമ്പിനേഷനനുസരിച്ചുള്ള സാധ്യമായ എല്ലാ മലയാളം അക്ഷരങ്ങളും കഴ്സറിനടിയില്‍ മെനുവായി വന്നുകൊണ്ടിരിയ്ക്കും. അതുകൊണ്ട് കൃത്യമായി ട്രാന്‍സ്ലിറ്ററേഷന്‍ നിയമങ്ങള്‍ അറിയണമെന്നില്ല. കോപി പേസ്റ്റ് കൂടാതെ എല്ലാ അപ്ലിക്കേഷനുകളിലും നേരിട്ട് ടൈപ്പ് ചെയ്യാം. മലയാളത്തിന് പുറമേ ബംഗാളി, ഗുജറാത്തി, കന്നഡ, പഞ്ചാബി, ഹിന്ദി, തെലുഗ്, ഒറിയ എന്നി ഭാഷകളിലും ഇത് ടെസ്റ്റിങ് സ്റ്റേജിലുണ്ട്.
3. ഐട്രാന്‍സ് ITRANS കുറച്ച് വ്യത്യസ്തമായ ലിപ്യന്തരണം ഉപയോഗിയ്ക്കുന്ന നിവേശകരീതി
4. ബരാഹ IME ഇന്ത്യന്‍ ഭാഷകള്‍ക്ക് ഉള്ള ട്രാന്‍സ്ലിറ്ററേഷന്‍ രീതി. സ്കിം നിവേശകരീതിയായി ഇത് മലയാളത്തിനും ലഭ്യമാണങ്കിലും ആരും ഉപയോഗിച്ചു കണ്ടിട്ടില്ല.
മേല്‍പ്പറഞ്ഞവ കൂടാതെ അധികമാരും അറിയപ്പെടാതെ കിടക്കുന്ന വെബ്, പ്രൊപ്രൈറ്ററി നിവേശകരീതികളും ധാരാളം ഉണ്ട്.
കുറച്ചു കൂടി ഇന്റലിജന്റ് ആയി ട്രാന്‍സ്ലിറ്ററേഷനില്‍ മെഷീന്‍ ലേണിങ് എന്ന വിദ്യ ഉപയോഗിച്ച് കൊണ്ടുള്ള ഗൂഗിളിന്റെ ട്രാന്‍സ്ലിറ്ററേറ്റ് എന്ന വെബ് അപ്ലിക്കേഷനും ഉണ്ട്. ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേറ്റിന്റെ എല്ലാ ഫീച്ചറുകളും ഉള്ള ഡെസ്ക്ടോപ്പ് അപ്ലിക്കേഷനായ സുലേഖ എന്ന എഡിറ്റര്‍ തയ്യാറായി വരുന്നുണ്ട്.
ട്രാന്‍സ്ലിറ്ററേഷന്‍ എന്നതിന് ആസ്കിയോളം തന്നെ പഴക്കമുണ്ട്. കീബോര്‍ഡിലൊതുക്കാന്‍ പറ്റാവുന്നതിനേക്കാളേത്രയോ അക്ഷരങ്ങളുള്ള ചൈനീസ് , ജപ്പാനീസ് , കൊറിയന്‍ ഭാഷകള്‍ക്ക് ഇത് പണ്ടേ നിലവിലുണ്ടത്രേ. ഈ ഭാഷകള്‍ക്ക് വേണ്ടിയാണ് ഗ്നു ലിനക്സിലെ സ്കിം വന്നതെങ്കിലും ഇപ്പോള്‍ മിക്ക ഭാഷകള്‍ക്കും അത് ഉപയോഗിയ്ക്കുന്നുണ്ട്.

b) ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ അഴിച്ചുപണി നടത്തിക്കൊണ്ട് അതിന്റെ ഫൊണറ്റിക് മാപ്പിങ്ങ് കറക്ട് ചെയ്തു കൊണ്ടുള്ള കീബോര്‍ഡ് ലേയൗട്ടുകള്‍ : ഹിന്ദിയിലെ ബോല്‍നാഗരി, അതിനെ അടിസ്ഥാനമാക്കിക്കൊണ്ട് മലയാളത്തിലുള്ള ലളിത എന്നിവ ഇതിനുദാഹണം. ലളിതയില്‍ L എന്ന കീ ല, ള എന്നിവയ്ക്ക് മാപ്പ് ചെയ്തിരിയ്ക്കുന്നു.

ഇനി ഇത് ഏത് ഉപയോഗിയ്ക്കണം എന്ന ചര്‍ച്ചയിലേക്ക് കടക്കാം. ഞാനിതിനെ എഴുതുന്നയാള്‍, എഴുതുന്നത് എന്നീ രണ്ട് കോണുകളിലൂടെ നോക്കിക്കാണാന്‍ ശ്രമിയ്ക്കുന്നു

എഴുതുന്നയാള്‍: ഇംഗ്ലീഷ് അക്ഷരങ്ങള്‍ ലേഖനം ചെയ്ത ഒരു കീബോര്‍ഡിന്റെ മുന്നിലിരിയ്ക്കുന്ന ഒരാള്‍ ആരൊക്കെയായിരിയ്ക്കാം?
1. ഒരു സാദാ മലയാളി. അയാള്‍ക്ക് "ABCD" അറിയാം. Palakkad എന്നത് പാലക്കാട് എന്ന് വായിക്കാനറിയാം. ഇംഗ്ലീഷ് അക്ഷരങ്ങള്‍ പഠിയ്ക്കുമ്പോള്‍ സ്വന്തം പേര് suresh എന്നോ meera എന്നോ എഴുതാന്‍ പഠിച്ചവന്‍(ള്‍). കൂട്ടുകാരുടെ പേരുകള്‍ മലയാളത്തില്‍ പറഞ്ഞാല്‍ ഇംഗ്ലീഷില്‍ എങ്ങനെ എഴുതണമെന്ന് ഏകദേശം പറയാനറിയുന്നവന്‍...കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ payar, paripp, pappadam എന്നൊക്കെ തുണ്ടു കടലാസില്‍ എഴുതാനറിയുന്നവന്‍ .. കടകളുടെ ബോര്‍ഡില്‍ Maya jwellery എന്ന് കണ്ടാല്‍ വായിക്കാനറിയുന്നവന്‍...5 ഇംഗ്ലീഷ് വാക്കുകള്‍ എഴുതാന്‍ പറഞ്ഞാല്‍ 2 എണ്ണമെങ്കിലും തെറ്റി എഴുതുന്നവന്‍.
കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കുന്ന ഇത്രയൊക്കെ വിദ്യാഭ്യാസയോഗ്യതയുള്ള ഒരാളെ നമുക്ക് ബേസ് ആയി എടുക്കാം. ബാക്കിയുള്ളവര്‍ എല്ലാം ഇദ്ദേഹത്തിന്റെ പരിഷ്കരിച്ച പുരോഗമിച്ചവര്‍. ഇദ്ദേഹത്തിന് മലയാളം മംഗ്ലീഷ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാകും എന്ന് ആര്‍ക്കെങ്കിലും തോന്നുണ്ടോ? അതേ സമയം ഇദ്ദേഹത്തിനെ ഇന്‍സ്ക്രിപ്റ്റ് പഠിയ്ക്കാന്‍ മുന്‍പത്തേക്കാളും എളുപ്പം ആയിരിയ്ക്കും എന്ന് ആര്‍ക്കെങ്കിലും തോന്നുണ്ടോ?
2. മലയാളം നിത്യജീവിതത്തിന്റെ ഭാഗമായി ഉപയോഗിയ്ക്കേണ്ടി വരുന്ന ഒരു ഡി ടി പി സെന്റര്‍ ജോലിക്കാരന്‍ , ഭാഷാഗവേഷണം നടത്തുന്നവര്‍, മലയാളം ടൈപ്പിങ് പാഠ്യപദ്ധതിയുടെ ഭാഗമായി പഠിയ്ക്കുന്ന ഒരു വിദ്യാര്‍ത്ഥി - ഇവര്‍ക്ക് ഇന്‍സ്ക്രിപ്റ്റ് ആണ് ഏറ്റവും യോജിച്ചത്. ഇന്‍സ്ക്രിപ്റ്റ് പഠിയ്ക്കുന്നതിന്റെ മൂല്യ വര്‍ദ്ധനവ് അവര്‍ക്ക് ലഭ്യമാകും, ആയാസരഹിതമായ മലയാളം ഉപയോഗത്തിന് രൂപകല്പന ചെയ്തിരിയ്ക്കുന്ന ഇന്‍സ്ക്രിപ്റ്റ് കീ വിന്യാസത്തിന്റെ ഗുണഫലങ്ങള്‍ അവര്‍ക്ക് കിട്ടുന്നു.
3. ഒരു ഐടി പ്രൊഫഷണല്‍ - തൊഴിലിന്റെ ഭാഗമായി ധാരാളം ഇംഗ്ലീഷും അതിനിടയ്ക്ക് മലയാളവും ഉപയോഗിക്കേണ്ടി വരുന്ന ഒരാള്‍- പഠിയ്ക്കാന്‍ സമയം മെനക്കെടുത്താന്‍ മനസ്സിലാത്തവന്‍- ഇവര്‍ ഏതുപയോഗിയ്ക്കും.മംഗ്ലീഷ് ഉപയോഗിച്ചാല്‍ ഇംഗ്ലീഷ് ടൈപ്പിങ്ങ് സ്പീഡിന്റെ അതേ വേഗത തന്നെ മലയാളം ടൈപ്പ് ചെയ്യാനും ഉപയോഗിയ്ക്കാമെങ്കില്‍ എന്തിന് മടിയ്ക്കണം?

എഴുതുന്നത്:
എഴുതുന്നത് എങ്ങനെയാണെങ്കിലും മലയാളം തന്നെ!. ഇന്‍സ്ക്രിപ്റ്റും ട്രാന്‍സ്ലിറ്ററേഷനും, ഫൊണറ്റികും തമ്മിലുള്ള വേര്‍തിരിവ് അക്ഷരങ്ങളെ മാപ്പ് ചെയ്യുന്നത് സോഫ്റ്റ്‌വെയറോ അതോ നമ്മളോ എതാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ സമ്മതിയ്ക്കുമോ? ഇംഗ്ലീഷ് കീബോര്‍ഡിന്റെ മുന്നിലിരിയ്ക്കുന്ന നിങ്ങള്‍ L എന്ന കീ അടിച്ചാല്‍ ത വരും എന്ന് തീരുമാനിയ്ക്കുന്നത്/അറിയുന്നത് നിങ്ങളുടെ മനസ്സ് നടത്തുന്ന മാപ്പിങ്ങിലൂടെ . പോട്ടെ, കീകളുടെ മുകളില്‍ മലയാളം എഴുതി ഒട്ടിച്ചു വച്ചുവെന്നിരിയ്ക്കട്ടെ. അപ്പോളും സംഭവിയ്ക്കുന്നതെന്ത്? നിങ്ങള്‍ L അമര്‍ത്തുമ്പോള്‍ സോഫ്റ്റ്‌വെയറിന് കിട്ടുന്നത് ത അല്ലല്ലോ. L ന്റെ കീ കോഡല്ലേ. അത് XKB തുടങ്ങിയവ തയുടെ യുണിക്കോഡിലേയ്ക്ക് മാറ്റുമ്പോളല്ലേ ത വരുന്നത്? അവിടെ നടക്കുന്നതും ഒരു മാപ്പിങ്ങ്! ട്രാന്‍സ്ലിറ്ററേഷനും അത്തരം ഒരു മാപ്പിങ് തന്നെ. അതുകൊണ്ട് മലയാളം ഇംഗ്ലീഷ് ഉപയോഗിച്ച് ടൈപ്പ് ചെയ്താല്‍ മലയാളഭാഷയ്ക്ക് വല്ലതും സംഭവിയ്ക്കും എന്നതിന് ഒരു കഴമ്പുമില്ല. വായിക്കുന്നതും എഴുതുന്നതും മലയാളം തന്നെ. എഴുതാനുള്ള ടൂള്‍ എന്ന് മാത്രം ഇവയെ പരിഗണിച്ചാല്‍ പോരേ?
ഇനി കീ സ്ട്രോക്സിന്റെ എണ്ണം കണക്കിലെടുക്കാം. അകാരത്തിലവസാനിയ്ക്കുന്ന (ക, ഖ, ച യ ...) അക്ഷരങ്ങള്‍ക്ക് ഫൊണറ്റിക്, ഇന്‍സ്ക്രിപ്റ്റ് എന്നിവയില്‍ ഒരു കീ സ്ട്രോക് മതിയാകുമ്പോള്‍ ട്രാന്‍സ്ലിറ്ററേഷനില്‍ രണ്ട് കീ സ്ട്രോക് വേണം
ക(1) -> ka(2)
യ(1) -> ya(2)
പക്ഷേ
ക് (2) -> k(1)
വ് (2) -> v(1)
ഇ, ഉ, എ, ഒ എന്നീ സ്വരചിഹ്നങ്ങളില്‍ അവസാനിയ്ക്കുന്നവയ്ക്ക് മിക്കപ്പോഴും ട്രാന്‍ലിറ്ററേഷനിലും ഇന്‍സ്ക്രിപ്റ്റ്/ഫൊണറ്റിക് എന്നിവയിലും കീ സ്ട്രോക് എണ്ണം തുല്യമാണെന്ന് കാണാം
കി (2) -> ki(2)
വി (2) -> vi (2)

കൂട്ടക്ഷരങ്ങളെക്കുറിച്ചും ചില്ല് അനുസ്വാരം തുടങ്ങിയവ അടങ്ങിയ വാക്കുകള്‍ക്ക് എത്ര കീ സ്ട്രോക്ക് വേണം എന്നതിനെ കുറിച്ച് നല്ല ഒരു പഠനം നടത്തേണ്ടിയിരിയ്ക്കുന്നു. ആള്‍ട്ട്, ഷിഫ്റ്റ്, കണ്ട്രോള്‍ എന്നിവ ഉപയോഗിച്ചുള്ള കീബോര്‍ഡ് ലേയൗട്ടുകളില്‍ ഇത്തരം പഠനം നടത്തുമ്പോള്‍ ആ മോഡിഫയര്‍ കീ കൂടി എണ്ണണമെന്നാണ് എന്റെ പക്ഷം. മറ്റുപല കാര്യങ്ങള്‍ കൂടി പരിഗണിയ്ക്കണം. ഉദാഹരണം
ക്ക = ക+ ് + ക , kka ഇവിടെ ഒരു കീ രണ്ടു പ്രാവശ്യം ടൈപ്പ് ചെയ്യുന്നതും വ്യത്യസ്തങ്ങളായ രണ്ട് കീ ടൈപ്പ് ചെയ്യുന്നതും ഒരേ പോലെ പരിഗണിയ്ക്കാമോ? ഒരു കീ രണ്ട് തവണ ടൈപ്പ് അടുപ്പിച്ച് ടൈപ്പ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമല്ലേ?

ചുരുക്കിപ്പറഞ്ഞാല്‍ ഏത് ഉപയോഗിയ്ക്കണമെന്ന് തീരുമാനിയ്ക്കുന്നത് എന്തിനുവേണ്ടി ഉപയോഗിയ്ക്കുന്നു, ആരു് ഉപയോഗിയ്ക്കുന്നു എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു. ഇവയെ പരിഗണിയ്ക്കാതെ ഏതെങ്കിലും ഒന്നാണ് നല്ലതെന്ന് പറയുന്നത് യുക്തിസഹമല്ല.

പക്ഷേ, വളരെ കണിശമായി ഏത് ഇന്‍പുട്ട് സ്കീം ഉപയോഗിച്ചാലും പരിഗണിയ്ക്കേണ്ട ഒരു ഘടകം എനിയ്ക്ക് ചൂണ്ടിക്കാണിയ്ക്കാനുണ്ട്. അത് എന്‍കോഡിങ് കൃത്യതയാണ്. ഏത് ഇന്‍പുട്ട് സ്കീം ഉപയോഗിച്ചാലും, എന്ത് ലോജിക്ക് ഉപയോഗിച്ചാലും, ഉപയോക്താവിന് എളുപ്പമാവാന്‍ വേണ്ടി എന്ത് സങ്കേതം ഉപയോഗിച്ചാലും അതിന്റെയൊക്കെ ഔട്ട്പുട്ട് ആയി വരുന്ന മലയാളം ഒന്നായിരിയ്ക്കണം. അത് ഇന്‍സ്ക്രിപ്റ്റ് ഉപയോഗിച്ചെഴുതിയ മലയാളത്തിന് തുല്യമാകണം. ഓരോ മലയാളം അക്ഷരത്തിനും യുണിക്കോഡ് അനുശാസിയ്ക്കുന്ന കോഡ് പോയിന്റ് തന്നെ വരണം. ഒന്നും അധികവും കുറവും ആകരുത്. നിര്‍ഭാഗ്യവശാല്‍ വരമൊഴിയുടെയും, മൊഴിയുടെയും എന്‍കോഡിങ്ങ് പിഴവുകള്‍ മൂലം നമ്മുടെ ബ്ലോഗുകളിലെയും വിക്കിപ്പീഡിയയിലെയും ഉള്ളടക്കം പലവാക്കുകളെയും പിശകുള്ളതായിരിക്കുന്നത് അറിഞ്ഞു കാണുമോ?
വരമൊഴിയില്‍ എഴുതിയ എന്റെ പേര് ഇന്‍സ്ക്രിപ്റ്റിലെഴുതിയ പേരില്‍ നിന്ന് 24 ബിറ്റ് വ്യത്യാസത്തിലാണ്. ഈ ബഗ്ഗിനെപ്പറ്റി ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്.
അതുകൊണ്ട് ഏത് ഇന്‍പുട്ട് മെത്തേഡ് എന്നത് ഒരോരുത്തരുടെയും ഇഷ്ടത്തിന് വിടാം. പക്ഷേ ആ ഇന്‍പുട്ട് മെത്തേഡുകള്‍ ഉണ്ടാക്കുന്ന മലയാളങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമുണ്ടാവരുത്.

[ഈ ലേഖനം വളരെ കുറച്ച് സമയം എടുത്ത് എഴുതിയതാണ്. കുറച്ചു കൂടി കാര്യങ്ങള്‍ പിന്നീട് ഉള്‍പ്പെടുത്താം]

Sunday, December 9, 2007

കേള്‍വി ഒരു കല, സംഭാഷണം സംഗീതവും

"കേള്‍വി ഒരു കലയാണ്. നാക്ക് നമ്മുടെ ചെവിയിലായിരുന്നെങ്കില്‍ ശബ്ദത്തെ രുചിയ്ക്കാമായിരുന്നു" ഫോസ്.ഇന്‍ പരിപാടിയ്ക്കിടയില്‍ ഉണ്ടായ ഒരു സംഭാഷണമദ്ധ്യേ പ്രശസ്ത ഡിസൈനറും കോളമിസ്റ്റൂം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകനുമായ നിയാം ഭൂഷണ്‍ എന്നോടു പറഞ്ഞു.
ഫോസ്.ഇന്‍ പരിപാടിയില്‍ എന്റെ ഭാരതീയ ഭാഷാ സംഭാഷണവിശ്ലേഷിണിയെപ്പറ്റിയുള്ള(Speech Synthesizer) അവതരണത്തില്‍ നിയാം ഭൂഷണും ശ്രോതാവായി വന്നിരുന്നു. വാക്കുകളെ ശബ്ദമാക്കുമ്പോള്‍ ശാസ്ത്രം അഭിമുഖീകരിയ്ക്കുന്ന ഒരു വെല്ലുവിളിയാണ് വായിക്കുന്നതിന്റെ താളഭംഗിയും അതിന്റെ സ്വാഭാവികതയും. ധ്വനി എന്ന എന്റെ സോഫ്റ്റ്‌വെയര്‍ തികച്ചും യാന്ത്രികമായിട്ടാണ് 8 ഭാഷകള്‍ വായിക്കുന്നത്. കേട്ടാല്‍ മനസ്സിലാവുമെങ്കിലും അതിന്റെ റോബോട്ടിക് സംസാരശൈലി പലപ്പോഴും അരോചകമാണെന്നത് സത്യമാണ്. ശബ്ദങ്ങളെ കൂട്ടിയിണക്കിയുള്ള സംസാരവിശ്ലേഷിണികളാണ് ഏറെയും പ്രചാരത്തിലുള്ളത്. അവയില്‍ താളവും സ്വാഭാവികതയും കൊണ്ടു വരുന്നതിനെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ ഇപ്പോളും പൂര്‍ണ്ണവിജയത്തിലെത്തിയിട്ടില്ല. പലരും അങ്ങനെയൊരു സംരംഭം പൂര്‍ണ്ണവിജയം കാണില്ലെന്ന് വാദിയ്ക്കുന്നുണ്ടു താനും. ഈ ഗവേഷണം ലാറ്റിന്‍ ഭാഷകളില്‍ ഏറെക്കുറെ പുരോഗതി നേടിയിട്ടുണ്ട്. ഫെസ്റ്റിവല്‍ എന്ന സോഫ്റ്റ്‌വെയര്‍ ഇംഗ്ലീഷിനു വേണ്ടി ഉപയോഗിച്ചു നോക്കിയാല്‍ ഇതു മനസ്സിലാക്കാന്‍ പറ്റും. രണ്ട് പ്രശ്നങ്ങളാണ് ഈ ഗവേഷണങ്ങള്‍ക്ക് മുന്നിലുള്ളത്.
1. എപ്പോളൊക്കെയാണ് സംസാരം നീട്ടിയോ താളത്തിലോ നമ്മള്‍ പറയുന്നത്?
2. ഒന്നാമത്തെ ചോദ്യത്തിനുത്തരം ലഭിച്ചുകഴിഞ്ഞാല്‍ എങ്ങനെയാണ് കൃത്രിമമായി അത്തരം നീട്ടിക്കുറുക്കലുകള്‍ സംസാരത്തില്‍ കൊണ്ടു വരുന്നത്?
രണ്ടാമത്തെ ചോദ്യത്തിനുത്തരം ഡി എസ് പി അഥവാ ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസ്സിങ്ങ് എന്ന ടെക്നോളജി എന്ന വാക്കിലൊതുക്കാമെങ്കിലും, ഇതു വരെ നടന്നിട്ടുള്ള ഗവേഷണങ്ങള്‍ സൂചിപ്പിയ്ക്കുന്നതു് നാം എത്രത്തോളം ഡി എസ് പി പ്രൊസസ്സിങ്ങ് ഒരു ശബ്ദതരംഗത്തിനുമേല്‍ നടത്തുന്നുവോ അത്രത്തോളം അതിന്റെ സ്വാഭാവികതയ്ക്കു് കുറവു് വരുന്നു എന്നാണു്. അതുകൊണ്ടു തന്നെയാണു്, നേരത്തെ ശേഖരിച്ചു് മനുഷ്യസംസാരശകലങ്ങളെ കൂടിയിണക്കുന്നതുനു് പകരം കൃത്രിമമായി ശബ്ദതരംഗങ്ങളെ സൃഷ്ടിയ്ക്കുന്ന സങ്കേതങ്ങള്‍ വേണ്ടത്ര വിജയിക്കാത്തതും.
എന്റെ അവതരത്തിനിടയില്‍ നിയാം ഭൂഷണ്‍ പറഞ്ഞത്, സംസാരം എന്നത് ഒരുതരത്തില്‍ സംഗീതം തന്നെയാണെന്നാണ്. താളക്രമങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കുറവായിരിയ്ക്കുന്ന ഒരു സംഗീതത്തെ സംഭാഷണമാണെന്ന് കണക്കാക്കാമത്രെ. നിയാം സംഗീതത്തെക്കുറിച്ചും വിശിഷ്യാ ശബ്ദത്തിന്റെ വിവിധ രൂപഭാവങ്ങളെയും കുറിച്ച് ദീര്‍ഘകാലമായി ഗവേഷണം നടത്തുന്ന വ്യക്തിയാണു്. എന്റെ അവതരണത്തിനു ശേഷം ഈ വിഷയത്തി‌ല്‍ അദ്ദേഹവുമായി ഒരു മണിക്കൂറിലേറെ സമയം ഞാന്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. 20Hz നും 20KHz നും ഇടയില്‍ മാത്രമല്ല, അതില്‍ കുറഞ്ഞ ആവൃത്തിയിലുള്ള ശബ്ദവും നമുക്ക് കേള്‍ക്കാന്‍ പറ്റില്ലെങ്കിലും സംവേദനക്ഷമമാണ് . കാതുകളല്ലാതെ നമ്മുടെ ശരീരത്തിന്റെ ഓരോ അവയവത്തിനും ഇത്തരം ശബ്ദത്തിനെ മനസ്സിലാക്കാന്‍ കഴിവുണ്ട്. ഇത് തെളിയിക്കാന്‍ വേണ്ടി നിയാം എന്റെ തലയില്‍ രണ്ട് കൊട്ടുകൊട്ടിയിട്ട് അതിന്റെ ശബ്ദം ചെവി ഉപയോഗിച്ചാണോ ശ്രവിച്ചതെന്ന് ചോദിച്ചു. അതുപോലെ തന്നെ തണുപ്പുകാലത്ത് നമ്മുടെ പല്ലുകള്‍ കൂട്ടിമുട്ടുമ്പോഴും...കൊച്ചുകുട്ടികളുടെ ശ്രവണശേഷിയ്ക്ക് കുറഞ്ഞ ആവൃത്തിയുള്ള ശബ്ദങ്ങള്‍ സംവേദനക്ഷമമാണത്രേ..കൊച്ചുകുട്ടികള്‍ അമ്മയെ വിളിയ്ക്കുമ്പോള്‍ തുടങ്ങുമ്പോള്‍ ഉപയോഗിയ്ക്കുന്നത് മകാരത്തിന്റെ രൂപഭേദങ്ങളാണെന്നതിന് ശാസ്ത്രീയമായ ചിലകാരണങ്ങളുണ്ടത്രേ. അതുപോലെ അച്ഛനെ വിളിയ്ക്കാനുപയോഗിയ്ക്കുന്ന പകാരത്തിനും. പയും മയും ഒരേ വര്‍ഗ്ഗാക്ഷരങ്ങളുമാണല്ലോ.. ശബ്ദത്തിന്റെയും മനുഷ്യന്റെ സംഭാഷണശേഷിയുടെയും ഇത്തരം അടിസ്ഥാനവസ്തുകളെക്കുറിച്ച് കൂടുതല്‍ പഠിയ്ക്കുന്നത് ധ്വനിയുടെയും ശ്യാം വികസിപ്പിച്ച് കൊണ്ടിരിയ്ക്കുന്ന ശാരിക എന്ന മലയാളം സംസാരസംശ്ലേഷിണിയുടെയും(Speech Recognizer) പ്രോഗ്രാമ്മിങ്ങിനു് ഉപകാരപ്രദമായിരിയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശബ്ദമലിനീകരണം കൊണ്ടും ഒരേ ശബ്ദം പലയാവര്‍ത്തി ശ്രവിയ്ക്കുന്നതിലൂടെയും നമ്മുടെ ശ്രവണശേഷിയ്ക്ക് തകരാറു് പറ്റാറുണ്ടു്. ഈ പേജില്‍ നിയാം എങ്ങനെ കേള്‍വിയ്ക്കുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങളെ അതിജീവിയ്ക്കാമെന്നു് വിശദീകരിയ്ക്കുന്നുണ്ടു്. ശബ്ദത്തിന്റെ അതിന്റെ ഒച്ചക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന വിപത്തുകളെക്കുറിച്ചും വളരെ വിശദമായൊരു ലേഖനം ഇവിടെയുണ്ടു്. കേള്‍വി എന്നത് ഒരു കലയാണെങ്കില്‍ അതാസ്വദിയ്ക്കാന്‍ നമ്മുടെ കാതുകളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണു്.
മാതൃഭൂമി ആഴ്ചപ്പതിപ്പു് ഡിസംബര്‍ 2-8(ലക്കം 40 - പേജ് 60) ല്‍ വന്ന "നമ്മുടെ ആയുസ്സില്‍ ശബ്ദത്തിന്റെ സ്വാധീനം" എന്ന ജീവന്‍ ജോബ് തോമസിന്റെ ശാസ്ത്രലേഖനവും ഇതേ വിഷയത്തിലുള്ളതാണു്.

ശബ്ദത്തെക്കുറിച്ചും നമ്മുടെ ശബ്ദസംവേദന ശേഷി വര്‍ദ്ധിപ്പിയ്ക്കാനും കാതുകളെ പരിശീലിപ്പിയ്ക്കാനുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഗ്നു സോല്‍ഫേജ്

സംഗീതം ഒരു മഹാസാഗരമാണെങ്കില്‍ സംഭാഷണവും അങ്ങനെത്തന്നെ!!!

കുറിപ്പ്: എന്റെ http://santhoshtr.livejournal.com എന്ന ബ്ലോഗ് പ്ലാനറ്റ് ഫ്ലോസ് ഇന്ത്യ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുടെ ബ്ലോഗ് അഗ്രഗേറ്റര്‍ സബ്‌‌സ്ക്രൈബ് ചെയ്യുന്നത് കൊണ്ട്, അതില്‍ ഇനി ഇംഗ്ലീഷില്‍ മാത്രമേ എഴുതുള്ളൂ.
 
live web stats