Friday, September 19, 2008

സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2008: ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്‍സ്റ്റാള്‍ ഫെസ്റ്റും

സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2008
ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്‍സ്റ്റാള്‍ ഫെസ്റ്റും
മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട്

സപ്തംബര്‍ 20, രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ

സംഘാടനം: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട്,

ഫോസ്സ്‌സെല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ലനോളജി - കോഴിക്കോട്

വിവരസാങ്കേതികവിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും ധിഷണയുടെ പ്രതീകവുമാണു് സ്വതന്ത്രസോഫ്റ്റ്‌വേറുകള്‍. പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈ മാറ്റത്തിലൂടെ, ചങ്ങലകളും മതിലുകളും ഇല്ലാതെ, ഡിജിറ്റല്‍ യുഗത്തില്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും ലോകപുരോഗതിക്കു് ഉപയുക്തമാക്കുവാനുമാണു് സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ നിലകൊള്ളുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ വാഗ്ദാനം ചെയ്യുന്ന മനസ്സിലാക്കാനും പകര്‍ത്താനും നവീകരിക്കാനും പങ്കുവെക്കുവാനുമുള്ള സ്വാതന്ത്ര്യമാണു് സ്വതന്ത്ര വിവരവികസന സംസ്കാരത്തിന്റെ അടിത്തറ. ഈ സ്വാതന്ത്ര്യം പൊതുജനമദ്ധ്യത്തിലേക്കു് കൊണ്ടു വരുവാനും പ്രചരിപ്പിക്കാനുമായി ഓരോ വര്‍ഷവും സപ്തംബര്‍ മാസ ത്തിലെ മൂന്നാമത് ശനിയാഴ്ച ലോകമെമ്പാടും സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.

ഈ വര്‍ഷത്തെ സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനം മലയാളഭാഷാ കമ്പ്യൂട്ടിംഗിനു് പ്രാമുഖ്യം നല്കി , ഈ മേഖലയില്‍ ഇതിനകം നടന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും വിലയിരുത്താനും ഉപയോഗിക്കാനും കൂട്ടായ പ്രവര്ത്തനത്തിലൂടെ അവ മെച്ച പ്പെടുത്തുവാനും ലക്ഷ്യമിട്ടുകൊണ്ടു് സംഘടിപ്പിക്കപ്പെടുകയാണു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഈ പരിപാടിയുടെ ഭാഗമായി ഫോസ്സ്‌സെല്‍, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്ലനോളജി - കോഴിക്കോട്, ഇന്‍സ്റ്റള്‍ ഫെസ്റ്റ് ഒരുക്കുന്നു. വിവിധ സ്വതന്ത്ര സോഫ്റ്റു വേറുകള്‍ , ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രായോഗിക പ്രവര്ത്തനങ്ങള്‍ക്കുള്ളവയും, ആവശ്യമുള്ളവര്‍ക്കു് സൗജന്യമായി ഇന്‍സ്റ്റള്‍ ചെയ്തു് ഉപയോഗക്രമം പരിശീലിപ്പിക്കുകയാണു് ഇന്‍സ്റ്റള്‍ ഫെസ്റ്റില്‍ ചെയ്യുക.

സ്വതന്ത്ര സോഫ്റ്റ്‌വേറിലും ഭാഷാ കമ്പ്യൂട്ടിങ്ങിലും തല്പരരായ ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. കംമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ മുന്‍ പരിചയം വേണമെന്നില്ല. സെമിനാറില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യുക. സപ്തംമ്പര്‍ 18 നു് വൈകുന്നേരം 5 മണിയ്ക്കു് മുമ്പായി ഡോ. കെ. വി. തോമസ്, മലയാള വിഭാഗം, മലബാര്‍ ക്രസ്ത്യന്‍ കോളേജ്, കോഴിക്കോട് എന്ന വിലാസത്തില്‍ (സെല്‍ 9447339013, മെയില്‍:mcccentenary@gmail.com) നിങ്ങളുടെ റജിസ്ട്രേഷന്‍ അപേക്ഷകള്‍ എത്തിയ്ക്കുക. സ്വന്തം കമ്പ്യൂട്ടറില്‍ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റവും പ്രയോഗ സോഫ്റ്റ്‌വെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവര്‍ സിപിയു/ലാപ് ടോപ് കൊണ്ടുവരേണ്ടതാണു്.

കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുവാനുള്ള വിലാസം:

ഡോ.മഹേഷ് മംഗലാട്ട് , 94470-34697, maheshmangalat at gmail.com

പരിപാടികള്‍

Inaugural Session:
Welcome: Dr. Sreejith M.Nair
President: Mrs.Gladys PE Isaac,Principal,Malabar Christian College
Inauguration: Dr.M.R.Raghava Varrier

Software Freedom Day Lecture: Sri. K. H. Hussain
Topic: Language, Society and Freedom

Software Freedom: An Introduction: Sri. Anivar Aravind

Felicitation: Comdr. Percy Mackaden,VSM

Vote of Thanks: Dr.K.Rajasekharan

Tea Break

Session 1: Language Computing

Rapporteur: Sri. M.E.Premanand
Presentation 1: Language Computing: Current Scenario – Dr. Mahesh Mangalat
Presentation 2: Text, Hypertext and New Publishing – Sri. P.P. Ramachandran
Presentation 3: Swathanthra malayalam Computing:Mission, Projects and Practice:
A Demonstration– Sri. Jaison Nedumpala


Lunch Break


Session 2: Towards a Knowledge Society
Rapporteur: Sri.A.P.M.Rafeeque

Presentation1: Introduction to Free Knowledge: Concept Framework
and Practice: Sri.Anivar Aravind

Presentation 2: Content Licensing and Open Standards:Sri. Hiran Venugopalan

Presentation 3: Bridging Digital Divide: The Way Forward: Sri.Shyam Karanatt


Tea Break


Session 3: Panel Discussion

ഭാഷയുടേയും സംസ്കാരത്തിന്റേയും സ്വാതന്ത്ര്യവും ഭാവിയും

Moderator: Dr.K.V.Thomas

Participants: Sri. Kalpetta Narayanan, Sri.N.P.Rajendran, Sri.P. Suresh,

Smt.T.V.Suneetha, Dr.C.J.George

Vote of Thanks: Sri.T.M.Raveendran

INSTALLFEST is being organized in connection with Software Freedom Day by FOSS-CELL, NIT-Calicut and FSUG-Calicut.
INSTALLFEST will be open from 11.30 am to 5.00pm.
Various Open Source Operating System distributions and Application Software will be installed free of cost and training will be provided to install and use them. Please bring your CPU/Laptop.



Organising Committee:
Patron: Mrs.Gladys PE Isaac,Principal
Members: Comdr. Percy Mackaden, VSM, Dr.Sreejith M.Nair,
Dr.K.V.Thomas, Sri.A.P.M.Rafeeque, Sri.M.E.Premanand,
Dr.K.Rajasekharan, Sri.T.M.Raveendran, Sri.Godwin Samraj,
Sri.P.C.Prajith, Sri.M.C.Vasisht

Tuesday, July 29, 2008

കെ.ഡി.ഇ. 4.1 പുറത്തിറങ്ങി

മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രത്തിലെ ഒരു സുപ്രധാനനാഴികക്കല്ലായി KDE 4.1 പുറത്തിറങ്ങിയിരിക്കുന്നു.....!
KDE യില്‍ ആദ്യമായി മലയാളത്തിനു് ഔദ്യോഗിക പിന്തുണയുമായി.....!

SMC യുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണിതു്.
10 ദിവസത്തിനുള്ളില്‍ രാത്രിയും പകലും 25 ല്‍ കൂടുതല്‍ കൂട്ടുകാരുടെ കഠിനപരിശ്രമത്തിന്റെ ഫലമായി 10000 ത്തില്‍ പരം വാചകങ്ങള്‍ തര്‍ജ്ജമ ചെയ്താണു് ഇതു സാധ്യമായതു്.
മലയാളത്തില്‍ തന്നെയുള്ള പ്രസാധനക്കുറിപ്പു് വായിയ്ക്കൂ
കൂടുതല്‍ വിവരങ്ങള്‍ :
KDE 4.1 to Officially Support Malayalam- Praveen's Blog
KDE യെപ്പറ്റി.
KDE 4.1 Malayalam Screenshots

Tuesday, May 13, 2008

മലയാളം, യൂണീകോഡ് 5.1, ഫോണ്ടുകള്‍...

യൂണിക്കോഡ് 5.1 പുറത്തിറങ്ങിയ വിവരവും, അതില്‍ മലയാളത്തിലെ ഇപ്പോള്‍ ചില്ലുകള്‍ ഉപയോഗിക്കുന്ന രീതിയ്ക്കു പകരം അറ്റോമിക് ചില്ലുകള്‍ ഉള്ളതും അറിഞ്ഞിരിക്കുമല്ലോ. ഇല്ലെങ്കില്‍ അതിനേപ്പറ്റി ഇവിടെ നിന്നു വായിക്കുക. അറ്റോമിക്‍ ചില്ലു് യൂണിക്കോഡില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഉന്നയിച്ച വിയോജിപ്പുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് UTC യ്ക്ക് സമര്‍പ്പിച്ച ഈ ഡോക്യുമെന്റില്‍ വിയോജിപ്പുകള്‍ പറഞ്ഞിട്ടുണ്ടു്. ഇതിനെപ്പറ്റി നടന്ന ചര്‍ച്ചകളുടെ ലിങ്കുകള്‍ ചിലതു് ഇവിടെ നിന്നും വായിക്കാം.

മലയാളത്തെ ഡുവല്‍ എന്‍കോഡിങ്ങിലേയ്ക്കും സുരക്ഷാപ്രശ്നങ്ങളിലേയ്ക്കും തള്ളിവിടുന്ന ഒരു സ്റ്റാന്‍ഡേഡ് അനുസരിക്കേണ്ട ബാദ്ധ്യത സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനില്ല. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഭാഷയ്ക്കു വേണ്ടിയാണു്, യൂണിക്കോഡിനു വേണ്ടിയല്ല നിലകൊള്ളുന്നതു്. അതുകൊണ്ടു തന്നെ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കു് പരിഹാരമാവാതെ 5.0 പതിപ്പില്‍ നിന്നു 5.1 പതിപ്പിലേയ്ക്കു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രൊജക്ടുകള്‍ മാറില്ല. പക്ഷേ ഒരു സ്റ്റാന്‍ഡേഡ് എന്ന നിലയ്ക്ക് ആര്‍ക്കും യൂണിക്കോഡ് 5.1 അപ്ലിക്കേഷനുകളില്‍ പ്രയോഗിക്കാന്‍ സ്വാതന്ത്ര്യവുമുണ്ടു്. പക്ഷേ സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് മെയിന്റെയിന്‍ ചെയ്യുന്ന/വികസിപ്പിച്ചെടുത്ത ഫോണ്ടുകളായ മീര, രചന, ദ്യുതി, തുടങ്ങിയ ഫോണ്ടുകളിലൊന്നും അറ്റോമിക് ചില്ലു് ഉണ്ടാവില്ല. അതുപോലെത്തന്നെ ഗ്നു/ലിനക്സിലെ നിവേശകരീതികളിലും മറ്റു സംരംഭങ്ങളിലും ഇവ അടുത്തൊന്നും ഉണ്ടാവില്ല. പ്രമുഖ ഗ്നു/ലിനക്സ് വിതരണങ്ങളുടെ മലയാളം ഫോണ്ടുകളുടെയും നിവേശകരീതികളുടെയും Upstream സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആയതുകൊണ്ടു് അവയിലും അറ്റോമിക് ചില്ലുണ്ടാവില്ല.

ഇപ്പോള്‍ അറ്റോമിക് ചില്ലു് നിലവിലുള്ളതു് അഞ്ജലി ഫോണ്ടിലും, വരമൊഴി/മൊഴി എന്നിവയുടെ പുതിയ പതിപ്പിലും മാത്രമാണു്. അവയുടെ പുതിയ പതിപ്പുകള്‍ ഉപയോഗിച്ചെഴുതിയ ചില ബ്ലോഗുകള്‍ അഞ്ജലിയൊഴികെയുള്ള ഫോണ്ടുകള്‍ കൊണ്ടു് വായിക്കാന്‍ ബുദ്ധിമുട്ടാകുന്നപ്രശ്നം നിലവിലുണ്ടു്. ചില്ലക്ഷരങ്ങള്‍ക്കു പകരം വട്ടത്തിനകത്ത് R എന്ന അക്ഷരമാവും കാണുക. ഏവൂരാന്‍ജി അതിനുവേണ്ടി രഘുമലയാളം എന്ന ഫോണ്ടിനെ മാറ്റിയെടുക്കാന്‍ ശ്രമം നടത്തുകയുണ്ടായി .

പക്ഷേ തെറ്റായ സ്റ്റാന്‍ഡേഡിനുവേണ്ടി ഫോണ്ടുകളെ മാറ്റാതെത്തന്നെ പുതിയ ചില്ലുകളുള്ള ബ്ലോഗുകള്‍ പ്രശ്നമൊന്നുമില്ലാതെ കാണാന്‍ വേണ്ടി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവര്‍ക്കു വേണ്ടി ഒരു extension ഉണ്ടാക്കിയിട്ടുണ്ടു്. നിഷാന്‍ നസീര്‍ നിര്‍മ്മിച്ച fix-ml എന്ന extension ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആണവചില്ലും ഏതു ഫോണ്ടും ഉപയോഗിച്ചു് വായിക്കാന്‍ കഴിയും. ഗ്രീസ് മങ്കി ഉപയോഗിക്കുന്നവരാണെങ്കില്‍ ഈ extension തന്നെ ഗ്രീസ് മങ്കി സ്ക്രിപ്റ്റായി ഇവിടെ നിന്നു ഡൌണ്‍ലോഡ് ചെയ്തു് ഉപയോഗിയ്ക്കാം.

സംശയങ്ങള്‍ ഇവിടെ കമന്റായോ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മെയിലിങ്ങ് ലിസ്റ്റിലോ, irc.freenode.net ല്‍ ഉള്ള #smc-project എന്ന IRC ചാനലിലോ ചോദിയ്ക്കാം
മെയിലിങ്ങ് ലിസ്റ്റിലെ ഈ ത്രെഡും കാണുക.

Tuesday, April 8, 2008

പേജ് ലേയൗട്ട് യൂണിക്കോഡ് മലയാളത്തില്‍

മലയാളം കമ്പ്യൂട്ടിങ്ങ് പുരോഗമിക്കുമ്പോഴും യൂണിക്കോഡ് അടിസ്ഥാനമാക്കിയുള്ള നല്ലൊരു പേജ് ലേയൗട്ട് പാക്കേജിന്റെ അഭാവം പലരും ചൂണ്ടിക്കാണിക്കാറുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ Scribus ലോ കുത്തക സോഫ്റ്റ്‌വെയറുകളായ അഡോബിയുടെ സോഫ്റ്റ്‌വെയറുകളിലോ ഇന്‍ഡിക് സ്ക്രിപ്റ്റ് പിന്തുണ ഇല്ല. ചിലതില്‍ ആസ്കി ഫോണ്ടുകള്‍ ഉപയോഗിച്ചു് ഒപ്പിയ്ക്കാമെന്നു മാത്രം. ഇതിനു് ഒരു പക്ഷേ പരിഹാരമായേക്കാവുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്തുകയാണു് ഈ ബ്ലോഗ് പോസ്റ്റിന്റെ ലക്ഷ്യം. ആദ്യമേ പറയട്ടേ, ഞാനിതു വരെ അഡോബിയുടെ പേജ് ലേയൗട്ട് സോഫ്റ്റ്‌വെയറുകളൊന്നും ഉപയോഗിച്ചിട്ടില്ല. Scribus വെറുതേ ഒന്നു തുറന്നു നോക്കിയിട്ടുണ്ടു്. അതുകൊണ്ടു് പേജ് ലേയൗട്ട് സോഫ്റ്റ്‌വെയറുകളിലുപയോഗിക്കുന്ന സാങ്കേതികപദങ്ങളത്ര പരിചയമില്ല. എന്റെ സുഹൃത്തു് അനിവറാണു് ഇത്തരം ഒരു സാധ്യതയെപ്പറ്റി എന്നോടു് പറഞ്ഞതു്.

ഇങ്ക്‌‌സ്കേപ് (Inkscape) എന്ന സ്വതന്ത്രവും സൗജന്യവുമായ ഒരു സോഫ്റ്റ്‌വെയറിനെപ്പറ്റിയാണു് പറയാന്‍ പോകുന്നതു്. ഗ്നു/ലിനക്സ് സിസ്റ്റങ്ങളിലെല്ലാം സാധാരണ ഉള്ളതായതുകൊണ്ടു് പാക്കേജ് മാനേജര്‍ ഉപയോഗിച്ചു് ഇന്‍സ്റ്റാള്‍ ചെയ്യാം. വിന്‍ഡോസിലും ഇതു പ്രവര്‍ത്തിയ്ക്കും . inkscape.org എന്ന സൈറ്റില്‍ നിന്നു് ഡൗണ്‍ലോഡ് ചെയ്യാം. പൂര്‍ണ്ണമായും യൂണീക്കോഡ് പിന്തുണയ്ക്കുന്ന സോഫ്റ്റ്‌വെയറാണു് ഇങ്ക്‌‌സ്കേപ്. പാംഗോ റെന്‍ഡരിങ്ങ് സംവിധാനം ഉപയോഗിക്കുന്നതിനാല്‍ ചിത്രീകരണപിഴവുകളൊന്നും തന്നെയില്ല. ഗ്നു/ലിനക്സിലെ ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ തുടങ്ങി ഏതു നിവേശകരീതികളും ഉപയോഗിക്കുകയും ചെയ്യാം.

ഇങ്ക്‌‌സ്കേപ് പ്രാഥമികമായി ഒരു DTP സോഫ്റ്റ്‌വെയറല്ല. SVG Image Editor ആണു്. അതിന്റെ ടെക്സ്റ്റ് എഡിറ്റിങ്ങ്/എംബെഡ്ഡിങ്ങ് ഫീച്ചറുകളാണു് ലേയൗട്ടിനു് സഹായിക്കുന്നതു്. ഇതെങ്ങനെ ഉപയോഗിക്കണമെന്നതിന്റെ സ്റ്റെപ് ബൈ സ്റ്റെപ് നിര്‍‌ദ്ദേശങ്ങള്‍ എഴുതുവാന്‍ ഉദ്ദേശമില്ല. എങ്കിലും ആര്‍ക്കും സ്വയം പെട്ടെന്നു് പഠിച്ചെടുക്കാവുന്നതാണു് എന്നാണെന്റെ അഭിപ്രായം. ഇങ്ക്‌‌സ്കേപ് തുറക്കുമ്പോള്‍ കിട്ടുന്ന ഡിഫോള്‍ട്ട് പേജിന്റെ വലിപ്പം, ഗ്രിഡ്, ബാക്ക്ഗ്രൗണ്ട് കളര്‍ എന്നിവ File->Document properties എന്ന വിന്‍ഡോയില്‍ ക്രമീകരിയ്ക്കുക. എന്നിട്ടു് ഇടതുവശത്തുള്ള ടൂള്‍ബോക്സില്‍ നിന്നു് ടെക്സ്റ്റ് ഒബജക്ട് ചേര്‍ക്കുക(F8). അതൊരു ബോക്സായിരിക്കും. വലിപ്പം, സ്ഥാനം എന്നിവ മൗസ് കൊണ്ടു് ക്രമീകരിക്കാം. അതില്‍ വേണ്ട ടെക്സ്റ്റ് ചേര്‍ക്കുക. ctrl+shift+T എന്നമര്‍ത്തി ഫോണ്ട്, വലുപ്പ സ്റ്റൈല്‍, ലൈന്‍ സ്പേസിങ്ങ് , ലേയൗട്ട്, അലൈന്‍മെന്റ് എന്നിവ ക്രമീകരിക്കുക. മറ്റു ഇമേജ് എഡിറ്ററുകളിലേപ്പോലെ ലേയറുകള്‍, ലൈന്‍, റെക്ടാങ്കിള്‍, എന്നിവ ചേര്‍ക്കാം. നിറം ക്രമീകരിക്കുന്നതും അതുപോലെയൊക്കെത്തന്നെ. എഡിറ്റിങ്ങിനു വേണ്ടി SVG ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. ലേയൗട്ട് ചെയ്ത് പേജുകള്‍ PNG ആയി എക്സ്പോര്‍ട്ട് ചെയ്യുക.
ഇങ്ക്‌‌സ്കേപ് ഉപയോഗിച്ചു് പേജ് ഡിസൈന്‍ ചെയ്യുന്നതിന്റെ ഒരു സ്ക്രീന്‍ ഷോട്ട് താഴെക്കൊടുക്കുന്നു.

മീര, ദ്യുതി എന്നീ സ്വതന്ത്ര യുണീക്കോഡ് ഫോണ്ടുകള്‍ ഉപയോഗിച്ച് വെറും പരീക്ഷണാര്‍ത്ഥം ചെയ്ത രണ്ട് പേജുകള്‍ താഴെക്കൊടുക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ലേയൗട്ട് ഒന്നു പകര്‍ത്തി നോക്കിയതാണു്.


കൂടുതല്‍ വിവരങ്ങള്‍ ഇങ്ക്‌‌സ്കേപിനോടൊപ്പമുള്ള ട്യൂട്ടോറിയലില്‍ നിന്നു വായിച്ചു മനസ്സിലാക്കാം. ആ ട്യൂട്ടോറിയല്‍ തന്നെ പേജ് ലേയൗട്ട് ചെയ്യുന്നതെങ്ങനെ എന്നതിനൊരുദാഹരണമാണു്. പ്രൊഫഷണലുകള്‍ക്കു് ഇതെത്ര ഉപകരിക്കുമെന്നറിയാന്‍ അവരു തന്നെ ഉപയോഗിച്ചു നോക്കിപറയണം. ഉപകാരപ്രദമാവുകയാണെങ്കില്‍ വളരെ സന്തോഷം. പേജ് ലേയൌട്ടിന്റെ പേരില്‍ മലയാളത്തിനു് ഇപ്പോഴും ആസ്കി ഉപയോഗിക്കുന്നവര്‍ക്കു് ഒരു മോചനമാവുമല്ലോ.

Sunday, March 16, 2008

നിങ്ങള്‍ക്കു വേണ്ടി ധ്വനി സംസാരിയ്ക്കും.

അന്ധര്‍ക്കു് ധ്വനി എങ്ങനെ ഉപയോഗപ്രദമാകും എന്നു് ഞാന്‍ എന്റെ മുന്‍പത്തെ ബ്ലോഗുകളില്‍ പറഞ്ഞിരുന്നു. അന്ധര്‍ക്കു് മാത്രമല്ല, സംസാരശേഷി നഷ്ടപ്പെട്ട വികലാംഗര്‍ക്കു് കൂടി ധ്വനി പ്രയോജനപ്പെടുത്താം. അവര്‍ക്കു വേണ്ടി ധ്വനി സംസാരിയ്ക്കും. ഇതെങ്ങനെ ചെയ്യാം എന്നതിനെപ്പറ്റി വിശദീകരിയ്ക്കാനാണീ ബ്ളോഗ് പോസ്റ്റ്.
KDE യിലെ അംഗവൈകല്യമുള്ള ഉപയോക്താക്കള്‍ക്കുള്ള ഒരു സഹായക പ്രയോഗമാണു് KMouth. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഉപയോക്താവിന്റെ വായ് ആയി ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തിയ്ക്കും. പറയേണ്ട കാര്യങ്ങള്‍ ടൈപ്പ് ചെയ്തു് കൊടുത്താല്‍ ഈ അപ്ലിക്കേഷന്‍ അതു് ഉറക്കെ വായിക്കും. സാധാരണ ഉപയോഗിയ്ക്കുന്ന വാചകങ്ങള്‍ ഒരു പുസ്തകമാക്കി സജ്ജീകരിച്ചു വെച്ചാല്‍ എപ്പോഴും എപ്പോഴും ടൈപ്പ് ചെയ്യാതെ ആ വാചകങ്ങള്‍ തിരഞ്ഞെടുത്തു് വായിപ്പിയ്ക്കാം. ഇതു കൂടാതെ ഉപയോക്താവു് ടൈപ്പ് ചെയ്യുന്ന പുതിയ വാചകങ്ങള്‍ KMouth പഠിയ്ക്കുകയും ചെയ്യും. ഉപയോഗിയ്ക്കുന്നതിന്റെ ആവൃത്തി അനുസരിച്ചു് പിന്നീടു് ടൈപ്പ് ചെയ്യുമ്പോള്‍ സൂചനകളായി ഒരു ലുക്കപ്പ് മെനുവായി ഇതു് ലഭ്യമാകും.
ഇതൊക്കെയാണു് ഇതിന്റെ സവിശേഷതകള്‍. ഇനി നമുക്കു് ധ്വനി ഇതില്‍ എങ്ങനെ സജ്ജീകരിയ്ക്കാമെന്നും, മലയാളം, ഹിന്ദി, കന്നഡ, തെലുഗു, ബംഗാളി, പഞ്ചാബി, ഒറിയ ഗുജറാത്തി ഭാഷകള്‍ KMouth ഉപയോഗിച്ചു് വായിപ്പിയ്ക്കുന്നതെങ്ങനെയെന്നും നോക്കാം.
ആദ്യം KMouth തുറക്കുക. KMenu->Utilities->Accessibility->Kmouth. നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ പാക്കേജ് മാനേജര്‍ ഉപയോഗിച്ചു് ഇന്‍സ്റ്റാള്‍ ചെയ്യുക.
നിങ്ങള്‍ ആദ്യമായി ഈ KMouth തുറക്കുകയാണെങ്കില്‍ അതു സജ്ജീകരിയ്ക്കനുള്ള ഒരു ജാലകമാണു് ആദ്യം ലഭിയ്ക്കുക. അവിടെ Command for Speaking text എന്നിടത്തു് dhvani %f എന്നു കൊടുക്കുക. Apply എന്ന ബട്ടണ്‍ അമര്‍ത്തുക.


ഇനി KMouth ല്‍ പറയാനുള്ളതു് ടൈപ്പ് ചെയ്യുക. എന്നിട്ട് എന്റര്‍ അമര്‍ത്തുക. ധ്വനി ആ വാചകം വായിക്കും. മേല്‍പറഞ്ഞ ഏതു ഭാഷയായാലും കുഴപ്പമില്ല.
ഇനി നേരത്തേ പറഞ്ഞ സാധാരണ ഉപയോഗിക്കുന്ന വാക്കുകളുടെ പുസ്തകമുണ്ടാക്കാന്‍ Phrasebooks എന്ന മെനുവില്‍ നിന്നു് Edit എന്നു് എടുത്തു് കുറെ വാചകങ്ങള്‍ ചേര്‍ത്തു് പുതിയൊരു പുസ്തകമുണ്ടാക്കുക. സ്ക്രീന്‍ ഷോട്ടില്‍ കാണുന്നതു് ഞാനുണ്ടാക്കിയ മലയാളം പുസ്തകത്തിലെ ചില വാചകങ്ങളാണു്. ഇതു കൂടാതെ പലസന്ദര്‍ഭങ്ങളിലുപയോഗിയ്ക്കുന്ന വാക്കുകള്‍ ഒരുമിച്ചു വെയ്ക്കുകയും ആവാം

ടൈപ്പ് ചെയ്യുമ്പോള്‍ വാക്കു് സ്വയം പൂര്‍ത്തിയാക്കാന്‍ KMouth സഹായിക്കും. അതിനായി ആദ്യം KMouth നെ പഠിപ്പിയ്ക്കേണ്ടതുണ്ടു്. Settings-->Configure KMouth-> Word completion എന്നിടത്തു് പോയി ഒരു ഡിക്ഷണറി ചേര്‍ക്കുക. പ്രത്യേകിച്ചൊന്നുമില്ല. ഏതെങ്കിലും ചില മലയാളം ഫയലുകള്‍ എടുത്തു കൊടുത്താല്‍ മതി. KMouth പഠിച്ചോളും.
ഇങ്ങനെ ആംഗ്യത്തിന്റെയോ, പേപ്പറിലെഴുതിക്കാണിയ്ക്കുന്നതിന്റെയോ ആവശ്യമില്ലാതെ സംസാരശേഷിയില്ലാത്തവര്‍ക്കു് ധ്വനിയെ കൂട്ടുപിടിയ്ക്കാം. കമ്പ്യൂട്ടര്‍ ഒപ്പം കൊണ്ടു നടക്കേണ്ടേ എന്നു തുടങ്ങിയ ചില പ്രായോഗികതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നേയ്ക്കാം. എന്നാലും ഇതു് സഹായകരമാവുന്ന വ്യക്തികളുണ്ടാവില്ലേ?
For for information about dhvani, how to install etc see the documentation

ധ്വനി-കെ.ഡി.ഇ സംയോജനം

KDE ഡെസ്ക്ടോപ്പില്‍ ധ്വനി ടെക്സ്റ്റ് ടു സ്പീച്ച് സിസ്റ്റം ചേര്‍ത്തു് kedit, kate, kwrite, konqueror എന്നിവയിലുള്ള മലയാളം(ധ്വനി പിന്തുണയ്ക്കുന്ന മറ്റു ഭാഷകളും) വായിക്കാം. കോണ്‍ക്വറര്‍ വെബ് ബ്രൌസറിലും മലയാളം വെബ് പേജുകള്‍ വായിക്കാന്‍ ധ്വനി ഉപയോഗിക്കാം. ഇതിനായി ഞാന്‍ പ്രത്യേകം കോഡൊന്നും എഴുതിയിട്ടില്ല. :). ktts(KDE യുടെ TTS system) കമാന്റ് പ്ലഗിന്‍ എന്ന ഒരു സൌകര്യം ഉപയോഗിച്ചാണു് ഇതു ചെയ്യാന്‍ കഴിയുന്നതു്.
Kontrol center ല്‍ പോയി Regional and Accessibility എന്ന വിഭാഗത്തിലെ Text-to-speech എടുക്കുക. അവിടെ Talkers tab ല്‍ Add എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Synthesizer എന്നതിന്റെ Show All തിരഞ്ഞെടുത്ത് Command എന്നെടുക്കുക. Language എന്നതു് Other എന്നും. ഇപ്പോള്‍ നിങ്ങള്‍ക്ക് സിന്തസൈസറിന്റെ കമാന്റ് ചേര്‍ക്കാനുള്ള ഒരു ജാലകം കിട്ടും. അവിടെ
dhvani %f




എന്നു ചേര്‍ക്കുക. ഈ Talker നെ ഡിഫോള്‍ട്ട് ആക്കുക. തീര്‍ന്നു. മുമ്പ് പറഞ്ഞ അപ്ലിക്കേനുകളിലെല്ലാം വായിക്കേണ്ട ഭാഗം സെലക്ട് ചെയ്തു് ടൂള്‍സ് മെനുവില്‍ നിന്നു് Speak text എടുക്കുക.
For for information about dhvani, how to install etc see the documentation

Friday, March 14, 2008

ഗ്നോം 2.22 പുറത്തിറങ്ങി.

ഗ്നോം 2.22 പുറത്തിറങ്ങി. ഗ്നോം ഔദ്യോഗികമായി പിന്തുണയ്ക്കുന്ന 46ഭാഷകളില്‍ ഇത്തവണയും മലയാളം ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്നു് മലയാളം കൂടാതെ തമിഴ്, പഞ്ചാബി, ഗുജറാത്തി, മറാത്തി എന്നീ ഭാഷകളുമുണ്ടു്. ഹിന്ദിയും ബംഗാളിയും ഇത്തവണ 80% പരിഭാഷ പൂര്‍ത്തിയാക്കിയില്ല.

പുത്തന്‍ പതിപ്പിനെക്കുറിച്ചു് ഇവിടെ വായിക്കൂ:


ഈ നേട്ടം സ്വന്തമാക്കാന്‍ സഹായിച്ച സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ എല്ലാവര്‍ക്കും നന്ദി, അഭിനന്ദനങ്ങള്‍....

Ubuntu 8.04, RHEL 6, SLES 11 എന്നിവയില്‍ ഈ പതിപ്പുണ്ടാകുമെന്നു് കേള്‍ക്കുന്നു:

Monday, March 3, 2008

ബഷീറിന്റെ മാന്ത്രികപ്പൂച്ച ധ്വനി വായിച്ചപ്പോള്‍

ഇക്കൊല്ലത്തെ ഫോസ് ഇന്ത്യാ അവാര്‍ഡ് നേടിയ ധ്വനി എന്ന ടെക്സ്റ്റ് റ്റു സ്പീച്ച് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു് വൈക്കം മുഹമ്മദ് ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവലിന്റെ ആദ്യഭാഗം വായിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ സൌണ്ട് ഫയലുകള്‍ താഴെക്കൊടുക്കുന്നു.

mp3 format (1.3 MB)
ogg format (402 KB)

ഇതിലേതെങ്കിലും ഒന്നു് ഡൗണ്‍ലോഡ് ചെയ്തു് കേട്ടുനോക്കൂ...

എന്താ ചങ്ങാതിമാരേ, കമ്പ്യൂട്ടര്‍ മലയാളം പറയുന്നതു് കേട്ടു് വല്ലതും മനസ്സിലായോ? :) ഇതാണു് ധ്വനി വായിയ്ക്കാന്‍ ശ്രമിച്ചതു്:

"ബഷീറിന്റെ മാന്ത്രികപ്പൂച്ച എന്ന നോവലിന്റെ ആദ്യഭാഗം ധ്വനി വായിക്കുന്നു.

ഒരു മാന്ത്രിക പൂച്ചയുടെ അവതാരത്തെപ്പറ്റിയാകുന്നു പറയാന്‍ പോകുന്നതു്. പണ്ടു പണ്ടു മുതല്‍ക്കേ അത്ഭുതങ്ങള്‍ ഒരുപാടു് ഒരുപാടു് ഈ ഭൂലോകത്തു് സംഭവിച്ചിട്ടുണ്ടല്ലോ. അത്തരം ഗൌരവമുള്ള കാര്യമല്ലിതു്. ഇതൊരു സാധാരണ പൂച്ചയായി ജനിച്ചു. പിന്നെങ്ങനെയാണു് ഇതൊരു മാന്ത്രിക പൂച്ചയായതു്? പ്രശ്നത്തിന്റെ അകത്തു ലേശം തമാശയുണ്ടു്. ഇതു ലോകത്തിലെ ആദ്യത്തെ മാന്ത്രിക പൂച്ചയാണോ? സംശയമാണു്. പ്രപഞ്ചചരിത്രത്തിന്റെ ഏടുകള്‍ ക്ഷമയോടെ മറിച്ചു നോക്കിയാല്‍ ഇത്തരം സംഭവങ്ങള്‍ ഒത്തിരി ഒത്തിരി കണ്ടെന്നുവരാം. അന്നൊരു പക്ഷേ ആരും ശ്രദ്ധിച്ചു കാണുകയില്ല. ഇപ്പോള്‍, ദാ, ഒരു സുവര്‍ണാവസരം. ശ്രദ്ധിക്കുക: ചുവന്ന കണ്ണുകള്‍, ചിരിക്കുന്ന മുഖഭാവം, ചെവികളിലും മുതുകിലും വാലിലും ലേശം ചുമപ്പു രാശിയുണ്ടു്. ബാക്കി എല്ലാം തൂവെള്ള. തറച്ചു മുഖത്തു നോക്കി മ്യാഓ എന്നു പറയുന്നതു കേട്ടാല്‍ വാരിയെടുത്ത് ഓമനിക്കാന്‍ തോന്നും."

മലയാളം കൂടാതെ വേറെ 7 ഭാരതീയ ഭാഷകള്‍ കൂടി ധ്വനി 'വായിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു'.

Sunday, March 2, 2008

സ്വനലേഖ ബുക്ക്‌മാര്‍ക്ക്‌ലെറ്റ്

ഗ്നു/ലിനക്സിലെ സ്കിം ഉപയോഗിച്ചുള്ള ലിപ്യന്തരണ നിവേശകരീതിയായ സ്വനലേഖയുടെ ബുക്ക്‌മാര്‍ക്ക്‌ലെറ്റ് ഇവിടെ. ഫയര്‍ഫോക്സില്‍ ഉപയോഗിക്കാവുന്ന ഇതു് ഏതു് വെബ് പേജുകളിലേയും ടെസ്ക്റ്റ് ഏരിയകളില്‍ ഉപയോഗിക്കാം.
വിശദവിവരങ്ങള്‍ അവിടെ കൊടുത്തിട്ടുണ്ടു്.

കൃഷ്ണകാന്ത് മനേ എന്ന അന്ധപ്രോഗ്രാമ്മര്‍

അന്ധനായ ഒരാള്‍ക്കു് ഒരു പ്രോഗ്രാമ്മറാവാമോ? കൃഷ്ണകാന്ത് മനേ ഒരു അന്ധ പ്രോഗ്രാമ്മറാണു്. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകനുമാണു്. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകനും, അന്ധരായ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന വിദഗ്ദ്ധനും, പല സംസ്ഥാന സര്‍ക്കാറുകളുടെയും അന്ധര്‍ക്കായുള്ള വിദ്യാഭ്യാസ പദ്ധതികളുടെ ഉപദേശകനുമാണു്.
കുറച്ചുമാസങ്ങള്‍ക്കു് മുന്‍പ്, ബാംഗ്ലൂരില്‍ വച്ചാണു് ഞാന്‍ മനേയെ പരിചയപ്പെടുന്നതു്. തന്റെ IBM thinkpad ലാപ്‌ടോപ്പില്‍ ഉബുണ്ടു ഗ്നു/ലിനക്സും ഓര്‍ക്ക(Orca) എന്ന സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്‌വെയറും ഉപയോഗിച്ചു് അദ്ദേഹം നെറ്റ് ബ്രൗസ് ചെയ്യുന്നതും, മെയില്‍ നോക്കുന്നതും, പ്രോഗ്രാം ചെയ്യുന്നതും കണ്ടു് ഞാന്‍ അത്ഭുതപ്പെടുപോയി. കാഴ്ചയുള്ള ആരും ചെയ്യുന്ന അതേ ലാളിത്യത്തോടുകൂടിത്തന്നെ അദ്ദേഹം അതെല്ലാം ചെയ്യുന്നു. Orca ഒരു സ്വതന്ത്ര സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്‌വെയറാണു്. അതു് സ്ക്രീനിലെ വാചകങ്ങളെ ശബ്ദമാക്കിത്തരുന്നു. ഇംഗ്ലീഷിലാണു് അദ്ദേഹം അതുപയോഗിച്ചിരുന്നതു്. ഫെസ്റ്റിവല്‍ എന്ന ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ.
അദ്ദേഹത്തെപ്പറ്റിയും തമിഴ്‌നാട് സര്‍ക്കാറിന്റെ ഓര്‍ക്കയും ഉബുണ്ടുവും ഉപയോഗിച്ചുള്ള അന്ധവിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിപാടിയെക്കുറിച്ചുമുള്ള ഒരു വീഡിയോ താഴെക്കൊടുത്തിരിക്കുന്നു.


ഇംഗ്ലീഷിനുപകരം മലയാളത്തിലോ തമിഴിലോ ഉള്ള ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതു കൂടുതല്‍ ഉപയോഗപ്രദമായിരിക്കും.ഇതിനുള്ള ഒരു തടസ്സം ഭാരതീയ ഭാഷകള്‍ക്കു് ഉപയോഗിക്കാവുന്ന ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറുകളുടെ അഭാവമാണു്. ഇതിനുള്ള ഒരു പരിഹാരമാണു്, ഞാനും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂരിലെ പ്രൊഫസറായ ഡോ: രമേഷ് ഹരിഹരനും കൂടി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ധ്വനി എന്ന സോഫ്റ്റ്‌വെയര്‍. മലയാളമടക്കം 8 ഭാഷകള്‍ ധ്വനിക്കു് സംസാരിയ്ക്കാന്‍ കഴിയും.

ധ്വനി ഇക്കൊല്ലത്തെ ഫോസ് ഇന്ത്യ അവാര്‍ഡിനു് അര്‍ഹമായ പ്രൊജക്റ്റാണു്. NRCFOSS(National Resouce Center for Free and Open Source Software) സ്പോണ്‍സര്‍ചെയ്യുന്ന 25000 രൂപയാണു് അവാര്‍ഡ് തുക. (സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വേറൊരു പ്രൊജക്റ്റായ ടക്സ് ടൈപ്പിനും അവാര്‍ഡുണ്ടു്. തൃശൂര്‍ എഞ്ചിനീയറിങ്ങ് കോളേജിലെ മോബിന്‍ , ശ്രീരഞ്ജ് , ശ്രേയസ്, പ്രിന്‍സ്, വിമല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണു് അവാര്‍ഡ് ലഭിച്ചതു്.)
ധ്വനി ഉപയോഗിച്ചു് എങ്ങനെ മലയാളം ടെക്സ്റ്റുകളെ mp3/ogg ആക്കി മാറ്റാമെന്നറിയാന്‍ ഈ ബ്ലോഗ് പോസ്റ്റ് വായിക്കുക.

Thursday, January 24, 2008

ആണവചില്ലും സ്പൂഫിങ്ങും

ന്‍, ര്‍,ല്‍, ള്‍,ണ്‍ എന്നീ ചില്ലക്ഷരങ്ങള്‍ക്ക് ഇപ്പോളുള്ള യഥാക്രമം ന+ചന്ദ്രക്കല+ZWJ, ര+ചന്ദ്രക്കല+ZWJ ,ല+ചന്ദ്രക്കല+ZWJ ,ള+ചന്ദ്രക്കല+ZWJ ണ+ചന്ദ്രക്കല+ZWJ എന്നീ യൂണിക്കോഡ് എന്‍‌കോഡിങ്ങിനു് പകരം ഒരൊറ്റ കോഡ് പോയിന്റ് മാത്രം ഉപയോഗിക്കുന്നതിനെയാണ് ആണവചില്ലു് അഥവാ അറ്റോമിക് ചില്ലെന്നു പറയുന്നത്. ഈ വസ്തുത എല്ലാവര്‍ക്കുമറിയാമെന്നു വിചാരിക്കുന്നു. ഇതെങ്ങനെ സ്പൂഫിങിന് കാരണമാകും എന്ന് വിശദമാക്കുകയാണ് ഈ ലേഖനത്തിന്റെ വിഷയം. പലര്‍ക്കുമറിയാവുന്ന കാര്യമായിരിയ്ക്കും. എന്നാലും അറിയാത്തവരുടെ അറിവിലേയ്ക്കായി എഴുതുന്നു.

ആദ്യം സ്പൂഫിങ് എന്താണെന്നു് ആദ്യം നോക്കാം
ഒരു പോലെയെന്നു് തോന്നിക്കുന്ന വിലാസം ഉള്ള വ്യാജസൈറ്റുകളുണ്ടാക്കുന്നതിനെയാണു് സ്പൂഫിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു്. ഇതിനെക്കുറിച്ച് വിശദമായി Spoofed URL,Spoofing Attack എന്നീ വിക്കിപ്പീഡിയ പേജുകളില്‍ നിന്നു് മനസ്സിലാക്കാം. ഇത്തരം തട്ടിപ്പുകളിലൂടെ ഉപയോക്താക്കളെ വ്യാജസൈറ്റിലേക്കു് ആ‍കര്‍ഷിച്ചു് പണം തട്ടുന്നത് പതിവാ‍ണു്. ICICI Bank ഉപയോക്താക്കളോട് സ്പൂഫിങ്ങിനെക്കുറിച്ചു് മുന്നറിയിപ്പു നല്‍കുന്ന ഈ പേജ് കാണൂ..

ആണവ് ചില്ലു് വരുമ്പോള്‍ നമ്മുടെ ചില്ലക്ഷരങ്ങളെല്ലാം രണ്ടു് രീതിയില്‍ എന്‍‌കോഡ് ചെയ്യപ്പെടും. യൂണിക്കോഡിന്റെ ബാക്ക്‌വേര്‍ഡ് കമ്പാറ്റിബിലിറ്റി നയമനുസരിച്ചു് നിലവിലുള്ള തരം ചില്ലു് കോഡുകളും, അറ്റോമിക് ചില്ലുകളും വരും. ഇതിലേതു് ഉപയോഗിച്ചാലും കാഴ്ചയില്‍ ഒരു പോലിരിയ്ക്കും. തിരിച്ചറിയാന്‍ പറ്റില്ല.

സര്‍ക്കാര്‍.com എന്ന ഒരു സൈറ്റ് ഉണ്ടെന്നിരിയ്ക്കട്ടെ. ഇതു് 4 പേര്‍ക്കു് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റും യഥാര്‍ത്ഥ സൈറ്റ് നിലവിലെ ചില്ലുപയോഗിച്ചു് സര്‍ക്കാര്‍.com എന്നു രജിസ്റ്റര്‍ ചെയ്തു എന്നിരിക്കട്ടെ.താഴെപ്പറയുന്നവയാണ് സ്പൂഫ് ചെയ്ത വ്യാജന്മാര്‍
1. സ[അറ്റോമിക് ര്‍]ക്കാ[നിലവിലെ ര്‍].com
2. സ[നിലവിലെ ര്‍]ക്കാ[അറ്റോമിക് ര്‍].com
3. സ[അറ്റോമിക് ര്‍]ക്കാ[അറ്റോമിക് ര്‍].com
കണ്ടാല്‍ ഒരുപോലെയിരിയ്ക്കുന്ന മൂന്നു് വ്യാജന്മാര്‍!
ഇതു പോലെ ഫെഡറല്‍ബാങ്ക് 2 പേര്‍ക്കു രെജിസ്റ്റര്‍ ചെയ്യാം. അങ്ങനെയങ്ങനെ...
ഇതിന്റെ ഒരു ഡെമോണ്‍സ്ട്രേഷന്‍ റാല്‍മിനോവ് ചെയ്തിട്ടുണ്ടു്
site 1: http://റാല്‍മിനോവ്.blogspot.com
site 2: http://റാൽമിനോവ്.blogspot.com [അറ്റോമിക് ചില്ലു്]

വ്യാജന്മാരുടെ ചാകര എന്ന പോസ്റ്റും കാണുക.

Wednesday, January 23, 2008

വേഗനിയന്ത്രണത്തിനായി പുതിയൊരു മാര്‍ഗ്ഗം!

കേരളത്തിലെ റോഡുകളില്‍ നിന്നു് പ്രചോദനമുള്‍ക്കൊണ്ടു് വാഹനങ്ങളുടെ വേഗനിയന്ത്രണത്തിനായി പുതിയൊരു മാര്‍ഗ്ഗം! താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങളൊന്നു നോക്കൂ!!!






ചിത്രങ്ങള്‍ക്ക് കടപ്പാട്: http://tides.ws/2008/01/20/new-speed-controlling-device/

Monday, January 21, 2008

മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താന്‍?

ഇംഗ്ലീഷ് ലേഖനം Is Microsoft the Great Satan?
പരിഭാഷ: സന്തോഷ് തോട്ടിങ്ങല്‍

സോഫ്റ്റ്‌വെയര്‍ വ്യവസായത്തിനാകെ നാശം വരുത്തുന്ന ചെകുത്താനായിട്ടാണു് മൈക്രോസോഫ്റ്റിനെ പലരും കരുതുന്നതു്. മൈക്രോസോഫ്റ്റിനെ ബഹിഷ്കരിയ്ക്കുക എന്നൊരു പ്രചരണവമുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയറിനോടു് വിരോധം കാണിയ്ക്കുക വഴി മൈക്രോസോഫ്റ്റ് ഈ വിശ്വാസത്തെ ഊട്ടിയുറപ്പിയ്ക്കുകയും ചെയ്തു.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിലെ ഞങ്ങളുടെ വീക്ഷണം പക്ഷേ വ്യത്യസ്തമാണു്. സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കള്‍ക്കാകമാനം മോശമായ രീതിയില്‍ മൈക്രോസോഫ്റ്റ് പലതും ചെയ്യുന്നതായാണു് ഞങ്ങള്‍ കാണുന്നത്: സോഫ്റ്റ്‌വെയര്‍ കുത്തകയാക്കുകയും അതുവഴി അവരുടെ അവകാശപ്പെട്ട സ്വാതന്ത്യം നിഷേധിയ്ക്കുകയും വഴി.

പക്ഷേ മൈക്രോസോഫ്റ്റ് മാത്രമല്ല ഇതെല്ലാം ചെയ്യുന്നതു്. മിക്ക സോഫ്റ്റ്‌വെയര്‍ കമ്പനികളും ഉപയോക്താക്കളോടു് ചെയ്യുന്നതിതു തന്നെയാണു്. മൈക്രോസോഫ്റ്റിനെക്കാള്‍ കുറച്ചു ഉപയോക്താക്കളുടെ മേല്‍ ആധിപത്യം നേടാനേ മറ്റുള്ളവര്‍ക്കു് കഴിഞ്ഞുള്ളൂ എന്നതു് അവര്‍ ശ്രമിയ്ക്കാഞ്ഞിട്ടല്ല.

മൈക്രോസോഫ്റ്റിനെ വെറുതെവിടാനല്ല ഇതു പറഞ്ഞതു്. ഉപയോക്താക്കളെ വിഭജിയ്ക്കുകയും അവരുടെ സ്വതന്ത്ര്യത്തെ ഹനിയ്ക്കുകയും ചെയ്യുകയെന്ന സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയുടെ സ്വഭാവത്തില്‍ നിന്നുള്ള സ്വാഭാവികമായ ആവിര്‍ഭാവമായിരുന്നു മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിനെ വിമര്‍ശിയ്ക്കുമ്പോള്‍ കുത്തക സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്ന മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികളെ നാം മറന്നുകൂടാ. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ നാം കുത്തകസോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുന്നില്ല, മൈക്രോസോഫ്റ്റിന്റെ മാത്രമല്ല, മറ്റാരുടെയും.

1998 ഒക്ടോബറില്‍ പുറത്തുവിട്ട "ഹാലോവീന്‍ രേഖകളില്‍ " സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനം തടയാനുള്ള വിവിധ പദ്ധതികള്‍ മൈക്രോസോഫ്റ്റ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നു. പ്രത്യേകിച്ചും,രഹസ്യ പ്രോട്ടോക്കോളുകളും രഹസ്യ ഫയല്‍ ഫോര്‍മാറ്റുകളും ഉണ്ടാക്കുകയും, സോഫ്റ്റ്‌വെയര്‍ അല്‍ഗോരിതങ്ങളും സവിശേഷതകളും പേറ്റന്റ് ചെയ്യുകയും ചെയ്യുന്നതിനെപ്പറ്റി.

വികസനവിരോധികളായ ഇത്തരം നിരോധനങ്ങള്‍ പുത്തനല്ല; മൈക്രോസോഫ്റ്റും മറ്റു സോഫ്റ്റ്‌വെയര്‍ കമ്പനികളും വര്‍ഷങ്ങളായി ചെയ്തു വരുന്നതാണിതു്. പക്ഷേ, പണ്ട് ഇതവര്‍ ചെയ്തിരുന്നതു് പരസ്പരം ആക്രമിയ്ക്കുന്നതിനായിരുന്നു, ഇപ്പോള്‍ നമ്മളാണു് ലക്ഷ്യമെന്നു തോന്നുന്നു. പക്ഷേ ആ മാറ്റം വലിയ വ്യത്യാസമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. കാരണം, സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളും രഹസ്യ സങ്കേതങ്ങളും എല്ലാവരെയും ബാധിയ്ക്കുന്നു,'ലക്ഷ്യത്തെ മാത്രമല്ല'.

രഹസ്യ സങ്കേതങ്ങളും പേറ്റന്റുകളും സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് ഭീഷണി തന്നെയാണു്. പണ്ടു് അതു് നമ്മുടെ വഴിമുടക്കിയിട്ടുണ്ടു്. കുറച്ചുകൂടിയ വര്‍ദ്ധിച്ച രീതിയില്‍ ഭാവിയില്‍ നാം അവ പ്രതീക്ഷിയ്ക്കണം. പക്ഷേ മൈക്രോസോഫ്റ്റില്ലെങ്കിലും നടക്കാന്‍ പോകുന്നതിനു് യാതൊരു മാറ്റവുമില്ല. "ഹാലോവീന്‍ രേഖകളുടെ" പ്രാധാന്യം എന്താണെന്നു ചോദിച്ചാല്‍, ഗ്നു/ലിനക്സ് സിസ്റ്റം വന്‍വിജയമാകാനുള്ള സാധ്യത മൈക്രോസോഫ്റ്റ് കണ്ടുതുടങ്ങി എന്നതാണു്.

നന്ദി മൈക്രോസോഫ്റ്റ്, പക്ഷേ ദയവായി ഞങ്ങളുടെ വഴിയില്‍ നിന്നു് മാറൂ.

Saturday, January 12, 2008

കല കലയ്ക്കു് വേണ്ടിയോ?


ചെന്നൈ കോടമ്പാക്കം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നൊരു ദൃശ്യം

Friday, January 11, 2008

കെ.ഡി.ഇ. 4.0 പുറത്തിറങ്ങി

കെഡിഇ സംരംഭം അതിനൂതനമായ സ്വതന്ത്ര സോഫ്റ്റുവെയര്‍ പണിയിടത്തിന്റെ നാലാമത്തെ പ്രധാന പതിപ്പു് പുറത്തിറക്കുന്നു.


"നിത്യോപയോഗത്തിനും പ്രത്യേകാവശ്യത്തിനുമൊരുപോലെ ഉപയോഗിയ്ക്കാവുന്ന വളരെയധികം പ്രയോഗങ്ങളുള്‍പ്പെടുന്ന ഒരു പുത്തനാശയമുള്‍ക്കൊള്ളുന്ന സ്വതന്ത്ര സോഫ്റ്റുവെയര്‍ പണിയിടമാണു് കെഡിഇ 4.0. പണിയിടവുമായും പ്രയോഗങ്ങളുമായും ഇടപഴകാനായി വളരെ എളുപ്പത്തില്‍ മനസ്സിലാകുന്ന വിനിമയതലം നല്‍കുന്ന കെഡിഇ 4 നു് വേണ്ടി വികസിപ്പിച്ച പണിയിടത്തിന്റെ ആവരണമാണു് പ്ലാസ്മ. കൊണ്‍ക്വറര്‍ വെബ് ബ്രൈസര്‍ പണിയിടത്തെ വെബുമായി ഏകീകരിയ്ക്കുന്നു. ഡോള്‍ഫിനെന്ന ഫയലുകളുടെ നടത്തിപ്പുകാരന്‍, ഒക്യുലാര്‍ എന്ന രചനകളുടെ നിരീക്ഷകന്‍ പിന്നെ സിസ്റ്റം സജ്ജീകരണങ്ങള്‍ എന്ന നിയന്ത്രണ കേന്ദ്രം അടിസ്ഥാനമായ പണിയിട ഗണം പൂര്‍ത്തിയാക്കുന്നു.
നൂതന ദൃശ്യങ്ങള്‍ക്കുള്ള കഴിവു് നല്‍കുന്ന ക്യൂട്ടി4ഉം ശൃംഖലയിലെ വിഭവങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്ന കെഐഒ തുടങ്ങിയ ഉള്‍ക്കൊള്ളുന്ന കെഡിഇ ലൈബ്രറികളുപയോഗിച്ചാണു് കെഡിഇ തയ്യാറാക്കിയിരിയ്ക്കുന്നതു്. കെഡിഇ ലൈബ്രറികളുടെ ഭാഗമായ ഫോനോണ്‍ സോളിഡ് എന്നിവ എല്ലാ കെഡിഇ പ്രയോഗങ്ങള്‍ക്കും മള്‍ട്ടിമീഡിയ ചട്ടക്കൂടും കൂടുതല്‍ മെച്ചപ്പെട്ട ഹാര്‍ഡുവെയര്‍ ഏകീകരണവും നല്‍കുന്നു."

മലയാളത്തിലുള്ള പ്രകാശനക്കുറിപ്പു് ഇവിടെ

സോഫ്റ്റ്‌വെയര്‍ ചരിത്രത്തിലാദ്യമായി ഒരു സോഫ്റ്റ്‌വെയറിന്റെ പ്രകാശനക്കുറിപ്പു് മലയാളത്തിലിറങ്ങുന്നു എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ടു്.


സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ കെ.ഡി.ഇ മലയാളം സ്ക്വാഡ് അംഗങ്ങളായ പ്രവീണും ആഷിക് സലാഹുദ്ദീനും ചേര്‍ന്നാണു് മലയാളത്തിലെ പ്രകാശനക്കുറിപ്പു് തയ്യാറാക്കിയതു്.
മലയാളത്തോടൊപ്പം ഹിന്ദി, ബംഗാളി , ഗുജറാത്തി, മറാത്തി , പഞ്ചാബി എന്നീ ഭാഷകളിലും ഈ പ്രകാശനക്കുറിപ്പു് ലഭ്യമാണു്.

Thursday, January 10, 2008

നോ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി?!

മനുസ്മൃതിയില്‍ മനു ഇങ്ങനെയെഴുതി:

പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

എന്നുവച്ചാല്‍: അച്ഛനും, ഭര്‍ത്താവും, മകനും പലപ്പോഴും രക്ഷിച്ചെന്നിരിയിയ്ക്കും. ന്നാലും ന
സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി. 'ന' എന്നു പറഞ്ഞാല്‍ No ന്നു്.
ഇതില്‍പ്പിടിച്ചു് പലരും സ്ത്രീ സ്വാതന്ത്ര്യത്തെ വ്യാഖ്യാനിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടു്. പലരീതിയിലും ഇതിനെ വ്യഖ്യാനിയ്ക്കാമെന്നു് പറയപ്പെടുന്നു.
കുറച്ചുകാലം മുമ്പു് വേറൊരു വ്യാഖ്യാനം ഞാന്‍ വായിക്കുകയുണ്ടായി. ആ ലാസ്റ്റ് ലൈനെഴുതുമ്പോള്‍ മനു അറിയാതെ (അതോ മനപൂര്‍വ്വമായോ) എന്റര്‍ കീ മാറി അടിച്ചുപോയീതാണെന്നു്. അതായതു്,

പുത്രോ രക്ഷതി വാര്‍ദ്ധക്യേന
സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

എന്നു്. അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു, 'ഇവ്വിധം' സ്ത്രീ
സ്വാതന്ത്ര്യമര്‍ഹിക്കുന്നു എന്നു്. 'ഏന' എന്ന സംസ്കൃതരൂപത്തിനു് ഇവ്വിധം, ഇതുപോലെ എന്നൊക്കെ അര്‍ത്ഥമുണ്ടത്രേ.. എന്തോ എനിയ്ക്കറിയില്ല.

ഞങ്ങള്‍ പ്രോഗ്രാമര്‍മാരുടെ ഭാഷയില്‍ ഒരു new line character മാറിയതോണ്ടാണോ സ്ത്രീസ്വാതന്ത്ര്യം ഇല്ലാതായതു്(ഇവ്വിധമായതു്)? അല്ലെങ്കിലും പണ്ടത്തെ ആ പീനല്‍ കോഡൊക്കെ ആരെങ്കിലും ഇപ്പോള്‍ നോക്കാറുണ്ടോ?

ഞാന്‍ സ്ത്രീസ്വാതന്ത്ര്യത്തിനെതിരാണോന്നാണോ ചോദ്യം? എനിയ്ക്ക് സ്ത്രീകളെ ഇഷ്ടമാണു്!

Wednesday, January 9, 2008

നിഘണ്ടുക്കള്‍ ഗ്നു/ലിനക്സില്‍

വി.കെ ആദര്‍ശ് എഴുതിയ ഇത് ഇ-നിഘണ്ടുവിന്റെ കാലം എന്ന ലേഖനം വായിച്ചു. ഗ്നു/ലിനക്സു് പ്രവര്‍ത്തകസംവിധാനത്തില്‍ നിഘണ്ടുക്കള്‍ ഉപയോഗിയ്ക്കുന്നതെങ്ങനെയെന്നു് വിശദീകരിയ്ക്കാം.

പ്രയോഗങ്ങള്‍-> ഉപകരണങ്ങള്‍->നിഘണ്ടു എന്ന മെനുവില്‍ നിന്നു് നിങ്ങള്‍ക്കു് നിഘണ്ടു എടുക്കാം. ഇതു് പ്രത്യേകിച്ച് ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല. ഒരു പണിയിടത്തില്‍ ആദ്യം മുതലേ ഉണ്ടായിരിയ്ക്കുന്ന ഒരു പ്രയോഗമാണിതു്. കാല്‍കുലേറ്റര്‍, ടെക്സ്റ്റ് എഡിറ്റര്‍ എന്നിവ പോലെ.

ഈ നിഘണ്ടു ഒരു ക്ലയന്റ് -സെര്‍വര്‍ മോഡലില്‍ ഉള്ളതാണു്. ഡിക്ട് പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണു് ഇതു് പ്രവര്‍ത്തിയ്ക്കുന്നതു്. ഒരു സെര്‍വറില്‍ ഡിക്ട് പ്രവര്‍ത്തിയ്ക്കുന്നു. ഒന്നോ അതിലധികമോ ക്ലയന്റുകള്‍ക്ക് ഇതിന്റെ സേവനം നെറ്റ്‌‌വര്‍ക്കിലൂടെ കിട്ടുന്നു. 2628-ാം പോര്‍ട്ടിലൂടെ ടിസിപി ഉപയോഗിച്ചാണു് വിവരങ്ങളുടെ വിനിമയം. നമ്മുടെ നിഘണ്ടുവിന്റെ സ്വതേയുള്ള സെര്‍വര്‍ സജ്ജീകരിച്ചിരിയ്ക്കുന്നത് dict.org എന്ന വെബ്‌സൈറ്റിലാണു്. പക്ഷേ അതു് ഉപയോഗപ്പെടുത്തണമെങ്കില്‍ ഇന്റര്‍നെറ്റ് വേണമല്ലോ. അപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെത്തന്നെ ഇതെങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കാം.

നിഘണ്ടു സെര്‍വറിനെ നമ്മളെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണാദ്യം വേണ്ടത്. അതെങ്ങെനെ ചെയ്യാം?
apt-get install dictd
തീര്‍ന്നു. ഇനി കമാന്റുപയോഗിയ്ക്കാന്‍ മടി ആണെങ്കില്‍ സിനാപ്ടിക് ഉപയോഗിയ്ക്കുക. ഫെഡോറ മുതലായ വിതരണങ്ങളില്‍ യം പോലുള്ള അതാതിന്റെ പാക്കേജ് മാനേജറുപയോഗിയ്ക്കുക.

വെറും സെര്‍വര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പോര. ആവശ്യമുള്ള ഭാഷകളിലെ നിഘണ്ടുക്കള്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യണം.അതിനുള്ള എളുപ്പവഴി സിനാപ്ടിക് എടുത്ത് dictioanary എന്ന് തിരയുകയാണു്. ഏകദേശം 50 ലേറെ നിഘണ്ടുക്കള്‍ അതു് കാണിച്ചു തരും. ആവശ്യമുള്ള ഭാഷകള്‍ തിരഞ്ഞുപിടിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക.
dict-gcide (GNU version of the Collaborative International Dictionary of English)എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇംഗ്ലീഷ്-ഇംഗ്ലീഷ് നിഘണ്ടുവായി. dict-freedict-eng-hin ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇംഗ്ലീഷ് -ഹിന്ദി നിഘണ്ടുവായി. അങ്ങനെയങ്ങനെ...

ഇന്‍സ്റ്റാളേഷനെല്ലാം കഴിഞ്ഞു. ഇനി നിഘണ്ടു എങ്ങനെ ഉപയോഗിയ്ക്കാം എന്നു നോക്കാം. നേരത്തെ പറഞ്ഞ പോലെ നിഘണ്ടു ഇന്റര്‍നെറ്റിലെ dict.org ലെയ്ക്ക് നോക്കാനായിരിയ്ക്കും സ്വതവേയുള്ള സജ്ജീകരണം. നിഘണ്ടു സെര്‍വര്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഇപ്പോള്‍ ഉണ്ട്. സംഗതി കമ്പ്യ്യൂട്ടര്‍ തുടങ്ങുമ്പോളേ സ്വയം ഓടിത്തുടങ്ങും. അതുകൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒന്ന് കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. ഇനിയിപ്പൊ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റില്ല എന്ന വാശിയാണെങ്കില്‍ ടെര്‍മിനലെടുത്ത് dictd എന്ന ഉത്തരവിറക്കുക. ഉത്തരവിറക്കാന്‍ സാധാരണക്കാരനു് സാധിയ്ക്കില്ല. root എന്ന ഭീകരനായ ശേഷം ഉത്തരവിറക്കുക. sudo ഉപയോഗിച്ച് തത്കാലത്തേയ്ക്ക് root ആവുകയും ചെയ്യാം.

പ്രയോഗങ്ങള്‍-> ഉപകരണങ്ങള്‍->നിഘണ്ടു എന്ന മെനുവില്‍ നിന്നു് നിങ്ങള്‍ക്കു് നിഘണ്ടു എടുക്കുക. ചിട്ടപെടുത്തുക എന്ന മെനുവില്‍ നിന്ന് മുന്‍ഗണനകള്‍ എന്ന് ക്ലിക്കുക. തുറക്കുന്ന ജാലകത്തില്‍ ഉറവിടം എന്നതില്‍ ഡിഫോള്‍ട്ട് ഡിക്ഷണറി സെര്‍വറില്‍ രണ്ടുതവണ ആഞ്ഞു ക്ലിക്കിയാല്‍ തുറക്കുന്ന ജാലകത്തില്‍ dict.org എന്നതു മാറ്റി localhost എന്നാക്കുക. എന്നിട്ട് dictionaries എന്ന ടാബില്‍ നോക്കിയാല്‍ നിങ്ങള്‍ നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്ത നിഘണ്ടുക്കളെല്ലാം കാണാം. ഇപ്പൊ തുറന്ന ജാലകങ്ങളെല്ലാം അടയ്ക്കുക.

മേല്‍പറഞ്ഞ പരിപാടികളെല്ലാം ആകെമൊത്തം ടോട്ടല്‍ ഒരേ ഒരു തവണ ചെയ്യേണ്ട പരിപാടികളാണു്. ഇനി മേലില്‍ നിഘണ്ടു എടുക്കുക, അര്‍ത്ഥം നോക്കുക എന്നതാണു് നിങ്ങള്‍ ചെയ്യേണ്ടത്. വേണ്ട നിഘണ്ടുക്കള്‍ അപ്പപ്പോള്‍ തിരഞ്ഞെടുക്കുക.

നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും വിന്‍ഡോസില്‍ ചുമ്മാ .exe ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത് (I agree എന്നു് കുറ്റപത്രത്തില്‍ ഒപ്പിട്ട ശേഷം) ചുമ്മാ അര്‍ത്ഥം നോക്കിയാല്‍ പോരെ, ഇവിടെ ഇതെന്താ ഇത്രയൊക്കെ പരിപാടികളെന്ന്? അതിന്റെ കാരണം ഞാന്‍ കാണിച്ച സ്ക്രീന്‍ഷോട്ടുകളില്‍ നിന്നു് മനസ്സിലായിക്കാണുമെന്നു് വിചാരിയ്ക്കുന്നു. ലോകത്തെ എല്ലാ ഭാഷകള്‍ക്കുമായാണു് ഇത് രൂപകല്പന ചെയ്തിരിയ്ക്കുന്നതു്. ഒരാള്‍ക്കും, ഒരു നെറ്റ്‌വര്‍ക്കിലെ എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗിയ്ക്കുന്ന വിധം. ബാക്കിയൊക്കെ ഉപയോഗിച്ചാല്‍ മനസ്സിലാവും

ഒരു ഇംഗ്ലീഷ് മലയാളം നിഘണ്ടു ഉണ്ടാക്കണമെന്നു് ആര്‍ക്കെങ്കിലും ആശയുണ്ടെങ്കില്‍ അറിയിയ്ക്കുക. കഴിയുന്ന സഹായങ്ങള്‍ ചെയ്യാം.

ചേനക്കാര്യം: നിഘണ്ടുക്കള്‍ എന്നാണു് നമ്മള്‍ പറയാറു്. നിഘണ്ടുകള്‍ എന്നു് പറയാറില്ല. അതെന്തോണ്ടാ?

Thursday, January 3, 2008

ബന്ധുക്കളെയറിയാന്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍

കഴിഞ്ഞ ഞായറാഴ്ച എന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനമായിരുന്നു. ധാരാളം ബന്ധുക്കളെ നേരില്‍ കാണാന്‍പറ്റി. നാട്ടില്‍ വല്ലപ്പോഴുമേ ഉണ്ടാവാറുള്ളൂ എന്നതുകൊണ്ട് അകലെയുള്ള ബന്ധുക്കളെയൊക്കെ ചോദിച്ചുപരിചയപ്പെട്ടു. അമ്മാവന്റെ അളിയന്റെ അനുജന്റെ ചെറിച്ചന്റെ മകളുടെ...വലിയച്ചന്റെ മകന്റെ ഭാര്യയുടെ അമ്മാവന്റെ അമ്മായിയുടെ... ഹൊ വലിയ കുടുംബമായാലുള്ള ബുദ്ധിമുട്ടേയ്...!!! ഇതൊക്കെ എങ്ങനെ ഓര്‍ത്തു വയ്ക്കും? ഹും...വഴിയുണ്ട്...!!!

കുടുംബവൃക്ഷത്തിലെ ആളുകളുടെ വിവരങ്ങളെ ശേഖരിയ്ക്കാനും അവയെ വിശകലനം ചെയ്യാനുമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഗ്രാമ്പ്സ് (GRAMPS - Genealogical Research and Analysis Management Programming System)
ഗ്രാമ്പ്സ് ഉപയോഗിച്ച് നിങ്ങളുടെ കുടുംബവൃക്ഷത്തിലെ ഓരോ ബന്ധുക്കളുടെയും പേരു്, ബന്ധം, ജനനത്തീയതി, വിലാസം, പടം, കുറിപ്പുകള്‍, ഭാര്യ, ഭര്‍ത്താവു് , കുട്ടികള്‍ , അവരുടെ ബന്ധുക്കളുടെ വിശദാംശങ്ങള്‍ തുടങ്ങിയ മിക്ക വിവരങ്ങളും ശേഖരിയ്ക്കാം. ഒരാളെ തിരഞ്ഞെടുത്ത് അയാളുടെ വംശവൃക്ഷം ഗ്രാഫിക്കലായി കാണാം(pedigree). പലരീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാം. യുണിക്കോഡ് സപ്പോര്‍ട്ടുള്ളതുകൊണ്ട്, മലയാളത്തില്‍തന്നെ നിങ്ങള്‍ക്ക് വിവരങ്ങള്‍ ശേഖരിയ്ക്കാം. കുറച്ചു ഭാഷകളില്‍ റിലേഷന്‍ഷിപ്പ് കാല്‍ക്കുലേറ്ററുണ്ട്. ഇതു് മലയാളത്തിന് ഇപ്പോള്‍ ലഭ്യമല്ല(രണ്ട് പേരെ തിരഞ്ഞെടുത്താല്‍ ഒരാള്‍ മറ്റേയാളുടെ അച്ഛനാണു് അല്ലെങ്കില്‍ അമ്മായിയപ്പനാണെന്നു് പറയുന്ന വിദ്യ! എങ്ങനെയൂണ്ടു്? ആര്‍ക്കെങ്കിലും മലയാളം പിന്തുണ ചേര്‍ക്കണമെന്നു് തോന്നുന്നോ?)
ഇന്‍സ്റ്റാള്‍ ചെയ്യാന്‍:
ഡെബിയന്‍/ഉബുണ്ടു ഉപയോക്താക്കള്‍:
a)സിനാപ്ടിക് ഉപയോഗിച്ചു് gramps എന്ന പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക
അല്ലെങ്കില്‍
b)apt-get install gramps
മറ്റു ഡിസ്ട്രിബ്യൂഷനുകള്‍ ഉപയോഗിയ്ക്കുന്നവര്‍ യം മുതലായ പാക്കേജ് മാനേജ്മെന്റ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിയ്ക്കുക

ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പ്രയോഗങ്ങള്‍->ഓഫീസ്->GRAMPS Geneology System(Applications->Office->Gramps Geneology System) എന്നെടുത്തു് പ്രവര്‍ത്തിപ്പിയ്ക്കാം
ഉപയോഗിയ്ക്കാന്‍ പ്രത്യേകിച്ചു് ബുദ്ധിമുട്ടൊന്നുമില്ല. എല്ലാം സ്വയം മനസ്സിലാക്കി ചെയ്യാവുന്നതേയുള്ളൂ. ആദ്യം ചേര്‍ക്കുന്ന ആളെ അടിസ്ഥാനമാക്കിയാണു് ബന്ധങ്ങളുടെ കണക്കുക്കൂട്ടല്‍. ഇയാളെ ഹോം പേഴ്സണ്‍ എന്നു് പറയും. ഇത് വേണമെങ്കില്‍ പിന്നിട് മാറ്റാം.. ആളുകളെ ചേര്‍ക്കാന്‍ People എന്നെടുത്ത് Add എന്ന ടൂള്‍ബാറിലെ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പിന്നെ പുതിയ ഒരു കുടുംബം ചേര്‍ക്കാന്‍ Familiy List എന്നെടുത്ത് Add എന്ന ടൂള്‍ബാറിലെ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ചേര്‍ത്ത വിവരങ്ങളെല്ലാം എപ്പോള്‍ വേണമെങ്കിലും തിരുത്താം.
റിപ്പോര്‍ട്ട്സ് മെനുവില്‍ നിന്നു് പലരീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കാം. HTML അടക്കം...

ചില സ്ക്രീന്‍ ഷോട്ടുകള്‍...

 
live web stats