Tuesday, March 31, 2009

"ക്ടാവ്" Slang converter തയാറാവുന്നു

ചങ്ങാതിമാരേ,
കേരളത്തിലെ രസകരമായ പ്രാദേശിക ഭാഷാ ഭേദങ്ങളെക്കുറിച്ചു് നിങ്ങള്‍ക്കെല്ലാമറിയാമല്ലോ? തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട്, കോഴിക്കോട് കണ്ണൂര്‍, വയനാട് തുടങ്ങി നമുക്കു് വ്യത്യസ്തങ്ങളായ മലയാളത്തിന്റെ രൂപഭേദങ്ങളുണ്ടു്. അച്ചടി മലയാളത്തില്‍ നിന്നും വളരെയേറെ വ്യത്യസ്തമാണു് അവ. അച്ചടി മലയാളം കൊടുത്തു് സ്ഥലത്തിന്റെ പേരു കൊടുത്താല്‍ ആ പ്രദേശത്തെ മലയാളത്തിന്റെ രീതിയിലേക്കു അതിനെ മാറ്റിത്തരുന്ന ഒരു സോഫ്റ്റ്‌വെയര്‍ രസകരമാവില്ലേ?

അത്തരത്തിലൊരു ശ്രമമാണു് "ക്ടാവ്" Slang converter എന്നു പേരിട്ടിരിക്കുന്ന പ്രൊജക്ട്. ഇതിന്റെ കൂടെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ട് നോക്കൂ. ഡെവലപ്മെന്റ് പതിപ്പിന്റെ ചിത്രമാണതു്. കുറച്ചു നിയമങ്ങളുടെ അടിസ്ഥാനത്തില്‍ Natural Language Processing ന്റെ പുതിയ ശാഖയായ AMP(Ambiguous Language Processing) എന്ന വിദ്യ ഉപയോഗിച്ചാണു് ഇതു ചെയ്തിരിക്കുന്നതു്. Qt/C++ ആണു് കോഡ്. UI ചെയ്യാന്‍ Qt Creator ഉപയോഗിച്ചു.

ഒരു മലയാളം ഫയലില്‍ പല സ്ലാങ്ങില്‍ തിരയാനുള്ള സംവിധാനവും തയ്യാറാക്കാന്‍ പദ്ധതിയുണ്ടു് . അതായതു് ഗഡി എന്നു തിരഞ്ഞാല്‍ സുഹൃത്തു് , ചങ്ങാതി എന്നൊക്കെ കിട്ടണം. പിന്നെ ഗഡി എന്നു സ്പെല്ലിങ്ങ് തെറ്റിച്ചെഴുതിയാല്‍ സുഹൃത്ത്, ചങ്ങാതി എന്നൊക്കെ സ്പെല്‍ചെക്കറില്‍ സൂചന വരാനുള്ള ഫീച്ചറും നമുക്കു് ചെയ്യണം. GPL V3 ലൈസന്‍സിലുള്ള ഈ അപ്ലിക്കേഷനു് ഇതിന്റെ നിയമങ്ങള്‍ വിപുലപ്പെടുത്താനും ടെസ്റ്റ് ചെയ്യാനും വിവിധ ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നുള്ള സഹായം ആവശ്യമുണ്ടു്.

സഹകരിക്കുമല്ലോ.

അഭിപ്രായങ്ങളറിയിക്കുക.

Thursday, January 1, 2009

മലയാളം അകാരാദിക്രമം

സ്വതന്ത്ര പ്രവര്‍ത്തകസംവിധാനങ്ങള്‍ക്കായി തയ്യാറാക്കിയ glibc (Gnu C Library ) അകാരാദിക്രമത്തിന്റെ(Collation) വിശദവിവരങ്ങള്‍ താഴെക്കൊടുക്കുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുക.



താഴെപ്പറയുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലാണു് മലയാളം അകാരാദിക്രമം തയ്യാറാക്കിയിരിക്കുന്നതു്.


  1. അക്ഷരമാലാക്രമം പിന്തുടരുക.

  2. അനുസ്വാരം മയുടെ സ്വരസാന്നിദ്ധ്യമില്ലാത്ത രൂപമായി പരിഗണിച്ചു് മയുടെ തൊട്ടുമുന്നില്‍ ക്രമീകരിയ്ക്കുക. പംപ < പമ്പ എന്ന പോലെ .

  3. ഓരോ വ്യഞ്ജനവും അതിന്റെ സ്വരസാന്നിദ്ധ്യമില്ലാത്ത രൂപത്തിന്റെ കൂടെ അകാരം ഉള്ള രൂപമായി കണക്കാക്കുക. അതായതു് ത എന്നതു് ത് എന്ന സ്വരസാന്നിദ്ധ്യമില്ലാത്ത വ്യഞ്ജനത്തിന്റെ കൂടെ അകാരം ഉള്ള രൂപമാണു്. ത = ത് + അ . താ = ത് + ആ എന്നിങ്ങനെ. ഇതില്‍ നിന്നും ത് < ത എന്നു വ്യക്തമാകുന്നു. അതുകൊണ്ടു് ത എന്നതു് ത് കഴിഞ്ഞേ വരൂ. അത് < അതല്ല < അതാണു്. അതേസമയം അത്ഭുതം > അതഭ. കൂട്ടക്ഷരങ്ങള്‍ അതിലെ ആദ്യത്തെ അക്ഷരത്തില്‍ സ്വരചിഹങ്ങള്‍ ചേര്‍ന്ന രൂപങ്ങളെല്ലാം കഴിഞ്ഞേ വരൂ.
    ത്ഭ = ത + ് + ഭ + ് + അ
    തഭ = ത + ് + അ + ഭ + ് + അ
    ആദ്യത്തെ രണ്ടക്ഷരങ്ങള്‍ തുല്യമായതുകൊണ്ടു്, ഇതിനെ നമുക്കു്
    ഭ + ് + അ
    അ + ഭ + ് + അ
    എന്നെഴുതാം. ഭ > അ ആണല്ലോ. അതുകൊണ്ടു് അത്ഭുതം എന്നതു് അതഭ എന്നതിനു ശേഷമേ വരൂ.

  4. ചില്ലക്ഷരങ്ങള്‍ അതാതിന്റെ വ്യഞ്ജങ്ങളുടെ സ്വരമില്ലാത്ത രൂപങ്ങളായതിനാല്‍ മേല്‍പറഞ്ഞപോലെ ക്രമീകരിക്കപ്പെടും. അതായതു് ര്‍ < ര . ഉദാഹരണം:
    അവര്

    അവര്‍

    അവര

  5. സംവൃതോകാരം ഉകാരത്തിനു തൊട്ടു പിന്നില്‍ വരും. അതു് < അതു

  6. മലയാളം അക്കങ്ങള്‍ അവയുടെ അറബി ലിപികളുടെ കൂടെ തന്നെ വരും.
    1

    १०

    2



    3

    ३०
    എന്ന രീതിയില്‍

  7. കൌ, കൗ എന്നിവ തുല്യങ്ങളായി കണക്കാക്കപ്പെടും.
    കൗ

    കൌ
    എന്ന രീതിയില്‍

  8. ഒ, ഓ, ഔ എന്നിവയുടെ സ്വരചിഹനങ്ങള്‍ യഥാക്രമം ൊ , ോ , ൌ എന്നോ െ+ ാ , േ+ ാ , െ+ ൗ എന്നോ എഴുതിയാലും തുല്യമായി കണക്കാക്കും(Canonical Equivalence)



ഈ വിഷയത്തെപ്പറ്റി നടന്ന ചര്‍ച്ചയും കൂടുതല്‍ വിവരങ്ങളും ഇവിടെ . പ്രത്യേകിച്ചു പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ യൂണിക്കോഡ് കൊളേഷന്‍ തിരുത്തി ശരിയാക്കാന്‍ ഇതു് അടിസ്ഥാനമാക്കാം.

Friday, September 19, 2008

സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2008: ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്‍സ്റ്റാള്‍ ഫെസ്റ്റും

സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യദിനാഘോഷം 2008
ഭാഷാ കമ്പ്യൂട്ടിങ്ങ് സെമിനാറും ഇന്‍സ്റ്റാള്‍ ഫെസ്റ്റും
മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട്

സപ്തംബര്‍ 20, രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ

സംഘാടനം: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട്,

ഫോസ്സ്‌സെല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ലനോളജി - കോഴിക്കോട്

വിവരസാങ്കേതികവിദ്യയുടെ മാനുഷികവും ജനാധിപത്യപരവുമായ മുഖവും ധിഷണയുടെ പ്രതീകവുമാണു് സ്വതന്ത്രസോഫ്റ്റ്‌വേറുകള്‍. പരമ്പരകളായി നാം ആര്‍ജ്ജിച്ച കഴിവുകള്‍ വിജ്ഞാനത്തിന്റെ സ്വതന്ത്ര കൈ മാറ്റത്തിലൂടെ, ചങ്ങലകളും മതിലുകളും ഇല്ലാതെ, ഡിജിറ്റല്‍ യുഗത്തില്‍ ഏവര്‍ക്കും ലഭ്യമാക്കുന്നതിനും ലോകപുരോഗതിക്കു് ഉപയുക്തമാക്കുവാനുമാണു് സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ നിലകൊള്ളുന്നതു്. സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ വാഗ്ദാനം ചെയ്യുന്ന മനസ്സിലാക്കാനും പകര്‍ത്താനും നവീകരിക്കാനും പങ്കുവെക്കുവാനുമുള്ള സ്വാതന്ത്ര്യമാണു് സ്വതന്ത്ര വിവരവികസന സംസ്കാരത്തിന്റെ അടിത്തറ. ഈ സ്വാതന്ത്ര്യം പൊതുജനമദ്ധ്യത്തിലേക്കു് കൊണ്ടു വരുവാനും പ്രചരിപ്പിക്കാനുമായി ഓരോ വര്‍ഷവും സപ്തംബര്‍ മാസ ത്തിലെ മൂന്നാമത് ശനിയാഴ്ച ലോകമെമ്പാടും സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു.

ഈ വര്‍ഷത്തെ സോഫ്റ്റ്‌വേര്‍ സ്വാതന്ത്ര്യ ദിനം മലയാളഭാഷാ കമ്പ്യൂട്ടിംഗിനു് പ്രാമുഖ്യം നല്കി , ഈ മേഖലയില്‍ ഇതിനകം നടന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും വിലയിരുത്താനും ഉപയോഗിക്കാനും കൂട്ടായ പ്രവര്ത്തനത്തിലൂടെ അവ മെച്ച പ്പെടുത്തുവാനും ലക്ഷ്യമിട്ടുകൊണ്ടു് സംഘടിപ്പിക്കപ്പെടുകയാണു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഈ പരിപാടിയുടെ ഭാഗമായി ഫോസ്സ്‌സെല്‍, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്ലനോളജി - കോഴിക്കോട്, ഇന്‍സ്റ്റള്‍ ഫെസ്റ്റ് ഒരുക്കുന്നു. വിവിധ സ്വതന്ത്ര സോഫ്റ്റു വേറുകള്‍ , ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രായോഗിക പ്രവര്ത്തനങ്ങള്‍ക്കുള്ളവയും, ആവശ്യമുള്ളവര്‍ക്കു് സൗജന്യമായി ഇന്‍സ്റ്റള്‍ ചെയ്തു് ഉപയോഗക്രമം പരിശീലിപ്പിക്കുകയാണു് ഇന്‍സ്റ്റള്‍ ഫെസ്റ്റില്‍ ചെയ്യുക.

സ്വതന്ത്ര സോഫ്റ്റ്‌വേറിലും ഭാഷാ കമ്പ്യൂട്ടിങ്ങിലും തല്പരരായ ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. കംമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ മുന്‍ പരിചയം വേണമെന്നില്ല. സെമിനാറില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി പേര് റജിസ്റ്റര്‍ ചെയ്യുക. സപ്തംമ്പര്‍ 18 നു് വൈകുന്നേരം 5 മണിയ്ക്കു് മുമ്പായി ഡോ. കെ. വി. തോമസ്, മലയാള വിഭാഗം, മലബാര്‍ ക്രസ്ത്യന്‍ കോളേജ്, കോഴിക്കോട് എന്ന വിലാസത്തില്‍ (സെല്‍ 9447339013, മെയില്‍:mcccentenary@gmail.com) നിങ്ങളുടെ റജിസ്ട്രേഷന്‍ അപേക്ഷകള്‍ എത്തിയ്ക്കുക. സ്വന്തം കമ്പ്യൂട്ടറില്‍ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റവും പ്രയോഗ സോഫ്റ്റ്‌വെയറുകളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവര്‍ സിപിയു/ലാപ് ടോപ് കൊണ്ടുവരേണ്ടതാണു്.

കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുവാനുള്ള വിലാസം:

ഡോ.മഹേഷ് മംഗലാട്ട് , 94470-34697, maheshmangalat at gmail.com

പരിപാടികള്‍

Inaugural Session:
Welcome: Dr. Sreejith M.Nair
President: Mrs.Gladys PE Isaac,Principal,Malabar Christian College
Inauguration: Dr.M.R.Raghava Varrier

Software Freedom Day Lecture: Sri. K. H. Hussain
Topic: Language, Society and Freedom

Software Freedom: An Introduction: Sri. Anivar Aravind

Felicitation: Comdr. Percy Mackaden,VSM

Vote of Thanks: Dr.K.Rajasekharan

Tea Break

Session 1: Language Computing

Rapporteur: Sri. M.E.Premanand
Presentation 1: Language Computing: Current Scenario – Dr. Mahesh Mangalat
Presentation 2: Text, Hypertext and New Publishing – Sri. P.P. Ramachandran
Presentation 3: Swathanthra malayalam Computing:Mission, Projects and Practice:
A Demonstration– Sri. Jaison Nedumpala


Lunch Break


Session 2: Towards a Knowledge Society
Rapporteur: Sri.A.P.M.Rafeeque

Presentation1: Introduction to Free Knowledge: Concept Framework
and Practice: Sri.Anivar Aravind

Presentation 2: Content Licensing and Open Standards:Sri. Hiran Venugopalan

Presentation 3: Bridging Digital Divide: The Way Forward: Sri.Shyam Karanatt


Tea Break


Session 3: Panel Discussion

ഭാഷയുടേയും സംസ്കാരത്തിന്റേയും സ്വാതന്ത്ര്യവും ഭാവിയും

Moderator: Dr.K.V.Thomas

Participants: Sri. Kalpetta Narayanan, Sri.N.P.Rajendran, Sri.P. Suresh,

Smt.T.V.Suneetha, Dr.C.J.George

Vote of Thanks: Sri.T.M.Raveendran

INSTALLFEST is being organized in connection with Software Freedom Day by FOSS-CELL, NIT-Calicut and FSUG-Calicut.
INSTALLFEST will be open from 11.30 am to 5.00pm.
Various Open Source Operating System distributions and Application Software will be installed free of cost and training will be provided to install and use them. Please bring your CPU/Laptop.



Organising Committee:
Patron: Mrs.Gladys PE Isaac,Principal
Members: Comdr. Percy Mackaden, VSM, Dr.Sreejith M.Nair,
Dr.K.V.Thomas, Sri.A.P.M.Rafeeque, Sri.M.E.Premanand,
Dr.K.Rajasekharan, Sri.T.M.Raveendran, Sri.Godwin Samraj,
Sri.P.C.Prajith, Sri.M.C.Vasisht

Tuesday, July 29, 2008

കെ.ഡി.ഇ. 4.1 പുറത്തിറങ്ങി

മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രത്തിലെ ഒരു സുപ്രധാനനാഴികക്കല്ലായി KDE 4.1 പുറത്തിറങ്ങിയിരിക്കുന്നു.....!
KDE യില്‍ ആദ്യമായി മലയാളത്തിനു് ഔദ്യോഗിക പിന്തുണയുമായി.....!

SMC യുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണിതു്.
10 ദിവസത്തിനുള്ളില്‍ രാത്രിയും പകലും 25 ല്‍ കൂടുതല്‍ കൂട്ടുകാരുടെ കഠിനപരിശ്രമത്തിന്റെ ഫലമായി 10000 ത്തില്‍ പരം വാചകങ്ങള്‍ തര്‍ജ്ജമ ചെയ്താണു് ഇതു സാധ്യമായതു്.
മലയാളത്തില്‍ തന്നെയുള്ള പ്രസാധനക്കുറിപ്പു് വായിയ്ക്കൂ
കൂടുതല്‍ വിവരങ്ങള്‍ :
KDE 4.1 to Officially Support Malayalam- Praveen's Blog
KDE യെപ്പറ്റി.
KDE 4.1 Malayalam Screenshots

Tuesday, May 13, 2008

മലയാളം, യൂണീകോഡ് 5.1, ഫോണ്ടുകള്‍...

യൂണിക്കോഡ് 5.1 പുറത്തിറങ്ങിയ വിവരവും, അതില്‍ മലയാളത്തിലെ ഇപ്പോള്‍ ചില്ലുകള്‍ ഉപയോഗിക്കുന്ന രീതിയ്ക്കു പകരം അറ്റോമിക് ചില്ലുകള്‍ ഉള്ളതും അറിഞ്ഞിരിക്കുമല്ലോ. ഇല്ലെങ്കില്‍ അതിനേപ്പറ്റി ഇവിടെ നിന്നു വായിക്കുക. അറ്റോമിക്‍ ചില്ലു് യൂണിക്കോഡില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഉന്നയിച്ച വിയോജിപ്പുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് UTC യ്ക്ക് സമര്‍പ്പിച്ച ഈ ഡോക്യുമെന്റില്‍ വിയോജിപ്പുകള്‍ പറഞ്ഞിട്ടുണ്ടു്. ഇതിനെപ്പറ്റി നടന്ന ചര്‍ച്ചകളുടെ ലിങ്കുകള്‍ ചിലതു് ഇവിടെ നിന്നും വായിക്കാം.

മലയാളത്തെ ഡുവല്‍ എന്‍കോഡിങ്ങിലേയ്ക്കും സുരക്ഷാപ്രശ്നങ്ങളിലേയ്ക്കും തള്ളിവിടുന്ന ഒരു സ്റ്റാന്‍ഡേഡ് അനുസരിക്കേണ്ട ബാദ്ധ്യത സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനില്ല. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഭാഷയ്ക്കു വേണ്ടിയാണു്, യൂണിക്കോഡിനു വേണ്ടിയല്ല നിലകൊള്ളുന്നതു്. അതുകൊണ്ടു തന്നെ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കു് പരിഹാരമാവാതെ 5.0 പതിപ്പില്‍ നിന്നു 5.1 പതിപ്പിലേയ്ക്കു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രൊജക്ടുകള്‍ മാറില്ല. പക്ഷേ ഒരു സ്റ്റാന്‍ഡേഡ് എന്ന നിലയ്ക്ക് ആര്‍ക്കും യൂണിക്കോഡ് 5.1 അപ്ലിക്കേഷനുകളില്‍ പ്രയോഗിക്കാന്‍ സ്വാതന്ത്ര്യവുമുണ്ടു്. പക്ഷേ സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് മെയിന്റെയിന്‍ ചെയ്യുന്ന/വികസിപ്പിച്ചെടുത്ത ഫോണ്ടുകളായ മീര, രചന, ദ്യുതി, തുടങ്ങിയ ഫോണ്ടുകളിലൊന്നും അറ്റോമിക് ചില്ലു് ഉണ്ടാവില്ല. അതുപോലെത്തന്നെ ഗ്നു/ലിനക്സിലെ നിവേശകരീതികളിലും മറ്റു സംരംഭങ്ങളിലും ഇവ അടുത്തൊന്നും ഉണ്ടാവില്ല. പ്രമുഖ ഗ്നു/ലിനക്സ് വിതരണങ്ങളുടെ മലയാളം ഫോണ്ടുകളുടെയും നിവേശകരീതികളുടെയും Upstream സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആയതുകൊണ്ടു് അവയിലും അറ്റോമിക് ചില്ലുണ്ടാവില്ല.

ഇപ്പോള്‍ അറ്റോമിക് ചില്ലു് നിലവിലുള്ളതു് അഞ്ജലി ഫോണ്ടിലും, വരമൊഴി/മൊഴി എന്നിവയുടെ പുതിയ പതിപ്പിലും മാത്രമാണു്. അവയുടെ പുതിയ പതിപ്പുകള്‍ ഉപയോഗിച്ചെഴുതിയ ചില ബ്ലോഗുകള്‍ അഞ്ജലിയൊഴികെയുള്ള ഫോണ്ടുകള്‍ കൊണ്ടു് വായിക്കാന്‍ ബുദ്ധിമുട്ടാകുന്നപ്രശ്നം നിലവിലുണ്ടു്. ചില്ലക്ഷരങ്ങള്‍ക്കു പകരം വട്ടത്തിനകത്ത് R എന്ന അക്ഷരമാവും കാണുക. ഏവൂരാന്‍ജി അതിനുവേണ്ടി രഘുമലയാളം എന്ന ഫോണ്ടിനെ മാറ്റിയെടുക്കാന്‍ ശ്രമം നടത്തുകയുണ്ടായി .

പക്ഷേ തെറ്റായ സ്റ്റാന്‍ഡേഡിനുവേണ്ടി ഫോണ്ടുകളെ മാറ്റാതെത്തന്നെ പുതിയ ചില്ലുകളുള്ള ബ്ലോഗുകള്‍ പ്രശ്നമൊന്നുമില്ലാതെ കാണാന്‍ വേണ്ടി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവര്‍ക്കു വേണ്ടി ഒരു extension ഉണ്ടാക്കിയിട്ടുണ്ടു്. നിഷാന്‍ നസീര്‍ നിര്‍മ്മിച്ച fix-ml എന്ന extension ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആണവചില്ലും ഏതു ഫോണ്ടും ഉപയോഗിച്ചു് വായിക്കാന്‍ കഴിയും. ഗ്രീസ് മങ്കി ഉപയോഗിക്കുന്നവരാണെങ്കില്‍ ഈ extension തന്നെ ഗ്രീസ് മങ്കി സ്ക്രിപ്റ്റായി ഇവിടെ നിന്നു ഡൌണ്‍ലോഡ് ചെയ്തു് ഉപയോഗിയ്ക്കാം.

സംശയങ്ങള്‍ ഇവിടെ കമന്റായോ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മെയിലിങ്ങ് ലിസ്റ്റിലോ, irc.freenode.net ല്‍ ഉള്ള #smc-project എന്ന IRC ചാനലിലോ ചോദിയ്ക്കാം
മെയിലിങ്ങ് ലിസ്റ്റിലെ ഈ ത്രെഡും കാണുക.

Tuesday, April 8, 2008

പേജ് ലേയൗട്ട് യൂണിക്കോഡ് മലയാളത്തില്‍

മലയാളം കമ്പ്യൂട്ടിങ്ങ് പുരോഗമിക്കുമ്പോഴും യൂണിക്കോഡ് അടിസ്ഥാനമാക്കിയുള്ള നല്ലൊരു പേജ് ലേയൗട്ട് പാക്കേജിന്റെ അഭാവം പലരും ചൂണ്ടിക്കാണിക്കാറുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ Scribus ലോ കുത്തക സോഫ്റ്റ്‌വെയറുകളായ അഡോബിയുടെ സോഫ്റ്റ്‌വെയറുകളിലോ ഇന്‍ഡിക് സ്ക്രിപ്റ്റ് പിന്തുണ ഇല്ല. ചിലതില്‍ ആസ്കി ഫോണ്ടുകള്‍ ഉപയോഗിച്ചു് ഒപ്പിയ്ക്കാമെന്നു മാത്രം. ഇതിനു് ഒരു പക്ഷേ പരിഹാരമായേക്കാവുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്തുകയാണു് ഈ ബ്ലോഗ് പോസ്റ്റിന്റെ ലക്ഷ്യം. ആദ്യമേ പറയട്ടേ, ഞാനിതു വരെ അഡോബിയുടെ പേജ് ലേയൗട്ട് സോഫ്റ്റ്‌വെയറുകളൊന്നും ഉപയോഗിച്ചിട്ടില്ല. Scribus വെറുതേ ഒന്നു തുറന്നു നോക്കിയിട്ടുണ്ടു്. അതുകൊണ്ടു് പേജ് ലേയൗട്ട് സോഫ്റ്റ്‌വെയറുകളിലുപയോഗിക്കുന്ന സാങ്കേതികപദങ്ങളത്ര പരിചയമില്ല. എന്റെ സുഹൃത്തു് അനിവറാണു് ഇത്തരം ഒരു സാധ്യതയെപ്പറ്റി എന്നോടു് പറഞ്ഞതു്.

ഇങ്ക്‌‌സ്കേപ് (Inkscape) എന്ന സ്വതന്ത്രവും സൗജന്യവുമായ ഒരു സോഫ്റ്റ്‌വെയറിനെപ്പറ്റിയാണു് പറയാന്‍ പോകുന്നതു്. ഗ്നു/ലിനക്സ് സിസ്റ്റങ്ങളിലെല്ലാം സാധാരണ ഉള്ളതായതുകൊണ്ടു് പാക്കേജ് മാനേജര്‍ ഉപയോഗിച്ചു് ഇന്‍സ്റ്റാള്‍ ചെയ്യാം. വിന്‍ഡോസിലും ഇതു പ്രവര്‍ത്തിയ്ക്കും . inkscape.org എന്ന സൈറ്റില്‍ നിന്നു് ഡൗണ്‍ലോഡ് ചെയ്യാം. പൂര്‍ണ്ണമായും യൂണീക്കോഡ് പിന്തുണയ്ക്കുന്ന സോഫ്റ്റ്‌വെയറാണു് ഇങ്ക്‌‌സ്കേപ്. പാംഗോ റെന്‍ഡരിങ്ങ് സംവിധാനം ഉപയോഗിക്കുന്നതിനാല്‍ ചിത്രീകരണപിഴവുകളൊന്നും തന്നെയില്ല. ഗ്നു/ലിനക്സിലെ ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ തുടങ്ങി ഏതു നിവേശകരീതികളും ഉപയോഗിക്കുകയും ചെയ്യാം.

ഇങ്ക്‌‌സ്കേപ് പ്രാഥമികമായി ഒരു DTP സോഫ്റ്റ്‌വെയറല്ല. SVG Image Editor ആണു്. അതിന്റെ ടെക്സ്റ്റ് എഡിറ്റിങ്ങ്/എംബെഡ്ഡിങ്ങ് ഫീച്ചറുകളാണു് ലേയൗട്ടിനു് സഹായിക്കുന്നതു്. ഇതെങ്ങനെ ഉപയോഗിക്കണമെന്നതിന്റെ സ്റ്റെപ് ബൈ സ്റ്റെപ് നിര്‍‌ദ്ദേശങ്ങള്‍ എഴുതുവാന്‍ ഉദ്ദേശമില്ല. എങ്കിലും ആര്‍ക്കും സ്വയം പെട്ടെന്നു് പഠിച്ചെടുക്കാവുന്നതാണു് എന്നാണെന്റെ അഭിപ്രായം. ഇങ്ക്‌‌സ്കേപ് തുറക്കുമ്പോള്‍ കിട്ടുന്ന ഡിഫോള്‍ട്ട് പേജിന്റെ വലിപ്പം, ഗ്രിഡ്, ബാക്ക്ഗ്രൗണ്ട് കളര്‍ എന്നിവ File->Document properties എന്ന വിന്‍ഡോയില്‍ ക്രമീകരിയ്ക്കുക. എന്നിട്ടു് ഇടതുവശത്തുള്ള ടൂള്‍ബോക്സില്‍ നിന്നു് ടെക്സ്റ്റ് ഒബജക്ട് ചേര്‍ക്കുക(F8). അതൊരു ബോക്സായിരിക്കും. വലിപ്പം, സ്ഥാനം എന്നിവ മൗസ് കൊണ്ടു് ക്രമീകരിക്കാം. അതില്‍ വേണ്ട ടെക്സ്റ്റ് ചേര്‍ക്കുക. ctrl+shift+T എന്നമര്‍ത്തി ഫോണ്ട്, വലുപ്പ സ്റ്റൈല്‍, ലൈന്‍ സ്പേസിങ്ങ് , ലേയൗട്ട്, അലൈന്‍മെന്റ് എന്നിവ ക്രമീകരിക്കുക. മറ്റു ഇമേജ് എഡിറ്ററുകളിലേപ്പോലെ ലേയറുകള്‍, ലൈന്‍, റെക്ടാങ്കിള്‍, എന്നിവ ചേര്‍ക്കാം. നിറം ക്രമീകരിക്കുന്നതും അതുപോലെയൊക്കെത്തന്നെ. എഡിറ്റിങ്ങിനു വേണ്ടി SVG ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. ലേയൗട്ട് ചെയ്ത് പേജുകള്‍ PNG ആയി എക്സ്പോര്‍ട്ട് ചെയ്യുക.
ഇങ്ക്‌‌സ്കേപ് ഉപയോഗിച്ചു് പേജ് ഡിസൈന്‍ ചെയ്യുന്നതിന്റെ ഒരു സ്ക്രീന്‍ ഷോട്ട് താഴെക്കൊടുക്കുന്നു.

മീര, ദ്യുതി എന്നീ സ്വതന്ത്ര യുണീക്കോഡ് ഫോണ്ടുകള്‍ ഉപയോഗിച്ച് വെറും പരീക്ഷണാര്‍ത്ഥം ചെയ്ത രണ്ട് പേജുകള്‍ താഴെക്കൊടുക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ലേയൗട്ട് ഒന്നു പകര്‍ത്തി നോക്കിയതാണു്.


കൂടുതല്‍ വിവരങ്ങള്‍ ഇങ്ക്‌‌സ്കേപിനോടൊപ്പമുള്ള ട്യൂട്ടോറിയലില്‍ നിന്നു വായിച്ചു മനസ്സിലാക്കാം. ആ ട്യൂട്ടോറിയല്‍ തന്നെ പേജ് ലേയൗട്ട് ചെയ്യുന്നതെങ്ങനെ എന്നതിനൊരുദാഹരണമാണു്. പ്രൊഫഷണലുകള്‍ക്കു് ഇതെത്ര ഉപകരിക്കുമെന്നറിയാന്‍ അവരു തന്നെ ഉപയോഗിച്ചു നോക്കിപറയണം. ഉപകാരപ്രദമാവുകയാണെങ്കില്‍ വളരെ സന്തോഷം. പേജ് ലേയൌട്ടിന്റെ പേരില്‍ മലയാളത്തിനു് ഇപ്പോഴും ആസ്കി ഉപയോഗിക്കുന്നവര്‍ക്കു് ഒരു മോചനമാവുമല്ലോ.

Sunday, March 16, 2008

നിങ്ങള്‍ക്കു വേണ്ടി ധ്വനി സംസാരിയ്ക്കും.

അന്ധര്‍ക്കു് ധ്വനി എങ്ങനെ ഉപയോഗപ്രദമാകും എന്നു് ഞാന്‍ എന്റെ മുന്‍പത്തെ ബ്ലോഗുകളില്‍ പറഞ്ഞിരുന്നു. അന്ധര്‍ക്കു് മാത്രമല്ല, സംസാരശേഷി നഷ്ടപ്പെട്ട വികലാംഗര്‍ക്കു് കൂടി ധ്വനി പ്രയോജനപ്പെടുത്താം. അവര്‍ക്കു വേണ്ടി ധ്വനി സംസാരിയ്ക്കും. ഇതെങ്ങനെ ചെയ്യാം എന്നതിനെപ്പറ്റി വിശദീകരിയ്ക്കാനാണീ ബ്ളോഗ് പോസ്റ്റ്.
KDE യിലെ അംഗവൈകല്യമുള്ള ഉപയോക്താക്കള്‍ക്കുള്ള ഒരു സഹായക പ്രയോഗമാണു് KMouth. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഉപയോക്താവിന്റെ വായ് ആയി ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തിയ്ക്കും. പറയേണ്ട കാര്യങ്ങള്‍ ടൈപ്പ് ചെയ്തു് കൊടുത്താല്‍ ഈ അപ്ലിക്കേഷന്‍ അതു് ഉറക്കെ വായിക്കും. സാധാരണ ഉപയോഗിയ്ക്കുന്ന വാചകങ്ങള്‍ ഒരു പുസ്തകമാക്കി സജ്ജീകരിച്ചു വെച്ചാല്‍ എപ്പോഴും എപ്പോഴും ടൈപ്പ് ചെയ്യാതെ ആ വാചകങ്ങള്‍ തിരഞ്ഞെടുത്തു് വായിപ്പിയ്ക്കാം. ഇതു കൂടാതെ ഉപയോക്താവു് ടൈപ്പ് ചെയ്യുന്ന പുതിയ വാചകങ്ങള്‍ KMouth പഠിയ്ക്കുകയും ചെയ്യും. ഉപയോഗിയ്ക്കുന്നതിന്റെ ആവൃത്തി അനുസരിച്ചു് പിന്നീടു് ടൈപ്പ് ചെയ്യുമ്പോള്‍ സൂചനകളായി ഒരു ലുക്കപ്പ് മെനുവായി ഇതു് ലഭ്യമാകും.
ഇതൊക്കെയാണു് ഇതിന്റെ സവിശേഷതകള്‍. ഇനി നമുക്കു് ധ്വനി ഇതില്‍ എങ്ങനെ സജ്ജീകരിയ്ക്കാമെന്നും, മലയാളം, ഹിന്ദി, കന്നഡ, തെലുഗു, ബംഗാളി, പഞ്ചാബി, ഒറിയ ഗുജറാത്തി ഭാഷകള്‍ KMouth ഉപയോഗിച്ചു് വായിപ്പിയ്ക്കുന്നതെങ്ങനെയെന്നും നോക്കാം.
ആദ്യം KMouth തുറക്കുക. KMenu->Utilities->Accessibility->Kmouth. നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ പാക്കേജ് മാനേജര്‍ ഉപയോഗിച്ചു് ഇന്‍സ്റ്റാള്‍ ചെയ്യുക.
നിങ്ങള്‍ ആദ്യമായി ഈ KMouth തുറക്കുകയാണെങ്കില്‍ അതു സജ്ജീകരിയ്ക്കനുള്ള ഒരു ജാലകമാണു് ആദ്യം ലഭിയ്ക്കുക. അവിടെ Command for Speaking text എന്നിടത്തു് dhvani %f എന്നു കൊടുക്കുക. Apply എന്ന ബട്ടണ്‍ അമര്‍ത്തുക.


ഇനി KMouth ല്‍ പറയാനുള്ളതു് ടൈപ്പ് ചെയ്യുക. എന്നിട്ട് എന്റര്‍ അമര്‍ത്തുക. ധ്വനി ആ വാചകം വായിക്കും. മേല്‍പറഞ്ഞ ഏതു ഭാഷയായാലും കുഴപ്പമില്ല.
ഇനി നേരത്തേ പറഞ്ഞ സാധാരണ ഉപയോഗിക്കുന്ന വാക്കുകളുടെ പുസ്തകമുണ്ടാക്കാന്‍ Phrasebooks എന്ന മെനുവില്‍ നിന്നു് Edit എന്നു് എടുത്തു് കുറെ വാചകങ്ങള്‍ ചേര്‍ത്തു് പുതിയൊരു പുസ്തകമുണ്ടാക്കുക. സ്ക്രീന്‍ ഷോട്ടില്‍ കാണുന്നതു് ഞാനുണ്ടാക്കിയ മലയാളം പുസ്തകത്തിലെ ചില വാചകങ്ങളാണു്. ഇതു കൂടാതെ പലസന്ദര്‍ഭങ്ങളിലുപയോഗിയ്ക്കുന്ന വാക്കുകള്‍ ഒരുമിച്ചു വെയ്ക്കുകയും ആവാം

ടൈപ്പ് ചെയ്യുമ്പോള്‍ വാക്കു് സ്വയം പൂര്‍ത്തിയാക്കാന്‍ KMouth സഹായിക്കും. അതിനായി ആദ്യം KMouth നെ പഠിപ്പിയ്ക്കേണ്ടതുണ്ടു്. Settings-->Configure KMouth-> Word completion എന്നിടത്തു് പോയി ഒരു ഡിക്ഷണറി ചേര്‍ക്കുക. പ്രത്യേകിച്ചൊന്നുമില്ല. ഏതെങ്കിലും ചില മലയാളം ഫയലുകള്‍ എടുത്തു കൊടുത്താല്‍ മതി. KMouth പഠിച്ചോളും.
ഇങ്ങനെ ആംഗ്യത്തിന്റെയോ, പേപ്പറിലെഴുതിക്കാണിയ്ക്കുന്നതിന്റെയോ ആവശ്യമില്ലാതെ സംസാരശേഷിയില്ലാത്തവര്‍ക്കു് ധ്വനിയെ കൂട്ടുപിടിയ്ക്കാം. കമ്പ്യൂട്ടര്‍ ഒപ്പം കൊണ്ടു നടക്കേണ്ടേ എന്നു തുടങ്ങിയ ചില പ്രായോഗികതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നേയ്ക്കാം. എന്നാലും ഇതു് സഹായകരമാവുന്ന വ്യക്തികളുണ്ടാവില്ലേ?
For for information about dhvani, how to install etc see the documentation
 
live web stats