Showing posts with label യൂണിക്കോഡ്. Show all posts
Showing posts with label യൂണിക്കോഡ്. Show all posts

Tuesday, May 13, 2008

മലയാളം, യൂണീകോഡ് 5.1, ഫോണ്ടുകള്‍...

യൂണിക്കോഡ് 5.1 പുറത്തിറങ്ങിയ വിവരവും, അതില്‍ മലയാളത്തിലെ ഇപ്പോള്‍ ചില്ലുകള്‍ ഉപയോഗിക്കുന്ന രീതിയ്ക്കു പകരം അറ്റോമിക് ചില്ലുകള്‍ ഉള്ളതും അറിഞ്ഞിരിക്കുമല്ലോ. ഇല്ലെങ്കില്‍ അതിനേപ്പറ്റി ഇവിടെ നിന്നു വായിക്കുക. അറ്റോമിക്‍ ചില്ലു് യൂണിക്കോഡില്‍ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഉന്നയിച്ച വിയോജിപ്പുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് UTC യ്ക്ക് സമര്‍പ്പിച്ച ഈ ഡോക്യുമെന്റില്‍ വിയോജിപ്പുകള്‍ പറഞ്ഞിട്ടുണ്ടു്. ഇതിനെപ്പറ്റി നടന്ന ചര്‍ച്ചകളുടെ ലിങ്കുകള്‍ ചിലതു് ഇവിടെ നിന്നും വായിക്കാം.

മലയാളത്തെ ഡുവല്‍ എന്‍കോഡിങ്ങിലേയ്ക്കും സുരക്ഷാപ്രശ്നങ്ങളിലേയ്ക്കും തള്ളിവിടുന്ന ഒരു സ്റ്റാന്‍ഡേഡ് അനുസരിക്കേണ്ട ബാദ്ധ്യത സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനില്ല. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഭാഷയ്ക്കു വേണ്ടിയാണു്, യൂണിക്കോഡിനു വേണ്ടിയല്ല നിലകൊള്ളുന്നതു്. അതുകൊണ്ടു തന്നെ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കു് പരിഹാരമാവാതെ 5.0 പതിപ്പില്‍ നിന്നു 5.1 പതിപ്പിലേയ്ക്കു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രൊജക്ടുകള്‍ മാറില്ല. പക്ഷേ ഒരു സ്റ്റാന്‍ഡേഡ് എന്ന നിലയ്ക്ക് ആര്‍ക്കും യൂണിക്കോഡ് 5.1 അപ്ലിക്കേഷനുകളില്‍ പ്രയോഗിക്കാന്‍ സ്വാതന്ത്ര്യവുമുണ്ടു്. പക്ഷേ സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് മെയിന്റെയിന്‍ ചെയ്യുന്ന/വികസിപ്പിച്ചെടുത്ത ഫോണ്ടുകളായ മീര, രചന, ദ്യുതി, തുടങ്ങിയ ഫോണ്ടുകളിലൊന്നും അറ്റോമിക് ചില്ലു് ഉണ്ടാവില്ല. അതുപോലെത്തന്നെ ഗ്നു/ലിനക്സിലെ നിവേശകരീതികളിലും മറ്റു സംരംഭങ്ങളിലും ഇവ അടുത്തൊന്നും ഉണ്ടാവില്ല. പ്രമുഖ ഗ്നു/ലിനക്സ് വിതരണങ്ങളുടെ മലയാളം ഫോണ്ടുകളുടെയും നിവേശകരീതികളുടെയും Upstream സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആയതുകൊണ്ടു് അവയിലും അറ്റോമിക് ചില്ലുണ്ടാവില്ല.

ഇപ്പോള്‍ അറ്റോമിക് ചില്ലു് നിലവിലുള്ളതു് അഞ്ജലി ഫോണ്ടിലും, വരമൊഴി/മൊഴി എന്നിവയുടെ പുതിയ പതിപ്പിലും മാത്രമാണു്. അവയുടെ പുതിയ പതിപ്പുകള്‍ ഉപയോഗിച്ചെഴുതിയ ചില ബ്ലോഗുകള്‍ അഞ്ജലിയൊഴികെയുള്ള ഫോണ്ടുകള്‍ കൊണ്ടു് വായിക്കാന്‍ ബുദ്ധിമുട്ടാകുന്നപ്രശ്നം നിലവിലുണ്ടു്. ചില്ലക്ഷരങ്ങള്‍ക്കു പകരം വട്ടത്തിനകത്ത് R എന്ന അക്ഷരമാവും കാണുക. ഏവൂരാന്‍ജി അതിനുവേണ്ടി രഘുമലയാളം എന്ന ഫോണ്ടിനെ മാറ്റിയെടുക്കാന്‍ ശ്രമം നടത്തുകയുണ്ടായി .

പക്ഷേ തെറ്റായ സ്റ്റാന്‍ഡേഡിനുവേണ്ടി ഫോണ്ടുകളെ മാറ്റാതെത്തന്നെ പുതിയ ചില്ലുകളുള്ള ബ്ലോഗുകള്‍ പ്രശ്നമൊന്നുമില്ലാതെ കാണാന്‍ വേണ്ടി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവര്‍ക്കു വേണ്ടി ഒരു extension ഉണ്ടാക്കിയിട്ടുണ്ടു്. നിഷാന്‍ നസീര്‍ നിര്‍മ്മിച്ച fix-ml എന്ന extension ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആണവചില്ലും ഏതു ഫോണ്ടും ഉപയോഗിച്ചു് വായിക്കാന്‍ കഴിയും. ഗ്രീസ് മങ്കി ഉപയോഗിക്കുന്നവരാണെങ്കില്‍ ഈ extension തന്നെ ഗ്രീസ് മങ്കി സ്ക്രിപ്റ്റായി ഇവിടെ നിന്നു ഡൌണ്‍ലോഡ് ചെയ്തു് ഉപയോഗിയ്ക്കാം.

സംശയങ്ങള്‍ ഇവിടെ കമന്റായോ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ മെയിലിങ്ങ് ലിസ്റ്റിലോ, irc.freenode.net ല്‍ ഉള്ള #smc-project എന്ന IRC ചാനലിലോ ചോദിയ്ക്കാം
മെയിലിങ്ങ് ലിസ്റ്റിലെ ഈ ത്രെഡും കാണുക.

Tuesday, April 8, 2008

പേജ് ലേയൗട്ട് യൂണിക്കോഡ് മലയാളത്തില്‍

മലയാളം കമ്പ്യൂട്ടിങ്ങ് പുരോഗമിക്കുമ്പോഴും യൂണിക്കോഡ് അടിസ്ഥാനമാക്കിയുള്ള നല്ലൊരു പേജ് ലേയൗട്ട് പാക്കേജിന്റെ അഭാവം പലരും ചൂണ്ടിക്കാണിക്കാറുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ Scribus ലോ കുത്തക സോഫ്റ്റ്‌വെയറുകളായ അഡോബിയുടെ സോഫ്റ്റ്‌വെയറുകളിലോ ഇന്‍ഡിക് സ്ക്രിപ്റ്റ് പിന്തുണ ഇല്ല. ചിലതില്‍ ആസ്കി ഫോണ്ടുകള്‍ ഉപയോഗിച്ചു് ഒപ്പിയ്ക്കാമെന്നു മാത്രം. ഇതിനു് ഒരു പക്ഷേ പരിഹാരമായേക്കാവുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്തുകയാണു് ഈ ബ്ലോഗ് പോസ്റ്റിന്റെ ലക്ഷ്യം. ആദ്യമേ പറയട്ടേ, ഞാനിതു വരെ അഡോബിയുടെ പേജ് ലേയൗട്ട് സോഫ്റ്റ്‌വെയറുകളൊന്നും ഉപയോഗിച്ചിട്ടില്ല. Scribus വെറുതേ ഒന്നു തുറന്നു നോക്കിയിട്ടുണ്ടു്. അതുകൊണ്ടു് പേജ് ലേയൗട്ട് സോഫ്റ്റ്‌വെയറുകളിലുപയോഗിക്കുന്ന സാങ്കേതികപദങ്ങളത്ര പരിചയമില്ല. എന്റെ സുഹൃത്തു് അനിവറാണു് ഇത്തരം ഒരു സാധ്യതയെപ്പറ്റി എന്നോടു് പറഞ്ഞതു്.

ഇങ്ക്‌‌സ്കേപ് (Inkscape) എന്ന സ്വതന്ത്രവും സൗജന്യവുമായ ഒരു സോഫ്റ്റ്‌വെയറിനെപ്പറ്റിയാണു് പറയാന്‍ പോകുന്നതു്. ഗ്നു/ലിനക്സ് സിസ്റ്റങ്ങളിലെല്ലാം സാധാരണ ഉള്ളതായതുകൊണ്ടു് പാക്കേജ് മാനേജര്‍ ഉപയോഗിച്ചു് ഇന്‍സ്റ്റാള്‍ ചെയ്യാം. വിന്‍ഡോസിലും ഇതു പ്രവര്‍ത്തിയ്ക്കും . inkscape.org എന്ന സൈറ്റില്‍ നിന്നു് ഡൗണ്‍ലോഡ് ചെയ്യാം. പൂര്‍ണ്ണമായും യൂണീക്കോഡ് പിന്തുണയ്ക്കുന്ന സോഫ്റ്റ്‌വെയറാണു് ഇങ്ക്‌‌സ്കേപ്. പാംഗോ റെന്‍ഡരിങ്ങ് സംവിധാനം ഉപയോഗിക്കുന്നതിനാല്‍ ചിത്രീകരണപിഴവുകളൊന്നും തന്നെയില്ല. ഗ്നു/ലിനക്സിലെ ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ തുടങ്ങി ഏതു നിവേശകരീതികളും ഉപയോഗിക്കുകയും ചെയ്യാം.

ഇങ്ക്‌‌സ്കേപ് പ്രാഥമികമായി ഒരു DTP സോഫ്റ്റ്‌വെയറല്ല. SVG Image Editor ആണു്. അതിന്റെ ടെക്സ്റ്റ് എഡിറ്റിങ്ങ്/എംബെഡ്ഡിങ്ങ് ഫീച്ചറുകളാണു് ലേയൗട്ടിനു് സഹായിക്കുന്നതു്. ഇതെങ്ങനെ ഉപയോഗിക്കണമെന്നതിന്റെ സ്റ്റെപ് ബൈ സ്റ്റെപ് നിര്‍‌ദ്ദേശങ്ങള്‍ എഴുതുവാന്‍ ഉദ്ദേശമില്ല. എങ്കിലും ആര്‍ക്കും സ്വയം പെട്ടെന്നു് പഠിച്ചെടുക്കാവുന്നതാണു് എന്നാണെന്റെ അഭിപ്രായം. ഇങ്ക്‌‌സ്കേപ് തുറക്കുമ്പോള്‍ കിട്ടുന്ന ഡിഫോള്‍ട്ട് പേജിന്റെ വലിപ്പം, ഗ്രിഡ്, ബാക്ക്ഗ്രൗണ്ട് കളര്‍ എന്നിവ File->Document properties എന്ന വിന്‍ഡോയില്‍ ക്രമീകരിയ്ക്കുക. എന്നിട്ടു് ഇടതുവശത്തുള്ള ടൂള്‍ബോക്സില്‍ നിന്നു് ടെക്സ്റ്റ് ഒബജക്ട് ചേര്‍ക്കുക(F8). അതൊരു ബോക്സായിരിക്കും. വലിപ്പം, സ്ഥാനം എന്നിവ മൗസ് കൊണ്ടു് ക്രമീകരിക്കാം. അതില്‍ വേണ്ട ടെക്സ്റ്റ് ചേര്‍ക്കുക. ctrl+shift+T എന്നമര്‍ത്തി ഫോണ്ട്, വലുപ്പ സ്റ്റൈല്‍, ലൈന്‍ സ്പേസിങ്ങ് , ലേയൗട്ട്, അലൈന്‍മെന്റ് എന്നിവ ക്രമീകരിക്കുക. മറ്റു ഇമേജ് എഡിറ്ററുകളിലേപ്പോലെ ലേയറുകള്‍, ലൈന്‍, റെക്ടാങ്കിള്‍, എന്നിവ ചേര്‍ക്കാം. നിറം ക്രമീകരിക്കുന്നതും അതുപോലെയൊക്കെത്തന്നെ. എഡിറ്റിങ്ങിനു വേണ്ടി SVG ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. ലേയൗട്ട് ചെയ്ത് പേജുകള്‍ PNG ആയി എക്സ്പോര്‍ട്ട് ചെയ്യുക.
ഇങ്ക്‌‌സ്കേപ് ഉപയോഗിച്ചു് പേജ് ഡിസൈന്‍ ചെയ്യുന്നതിന്റെ ഒരു സ്ക്രീന്‍ ഷോട്ട് താഴെക്കൊടുക്കുന്നു.

മീര, ദ്യുതി എന്നീ സ്വതന്ത്ര യുണീക്കോഡ് ഫോണ്ടുകള്‍ ഉപയോഗിച്ച് വെറും പരീക്ഷണാര്‍ത്ഥം ചെയ്ത രണ്ട് പേജുകള്‍ താഴെക്കൊടുക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ലേയൗട്ട് ഒന്നു പകര്‍ത്തി നോക്കിയതാണു്.


കൂടുതല്‍ വിവരങ്ങള്‍ ഇങ്ക്‌‌സ്കേപിനോടൊപ്പമുള്ള ട്യൂട്ടോറിയലില്‍ നിന്നു വായിച്ചു മനസ്സിലാക്കാം. ആ ട്യൂട്ടോറിയല്‍ തന്നെ പേജ് ലേയൗട്ട് ചെയ്യുന്നതെങ്ങനെ എന്നതിനൊരുദാഹരണമാണു്. പ്രൊഫഷണലുകള്‍ക്കു് ഇതെത്ര ഉപകരിക്കുമെന്നറിയാന്‍ അവരു തന്നെ ഉപയോഗിച്ചു നോക്കിപറയണം. ഉപകാരപ്രദമാവുകയാണെങ്കില്‍ വളരെ സന്തോഷം. പേജ് ലേയൌട്ടിന്റെ പേരില്‍ മലയാളത്തിനു് ഇപ്പോഴും ആസ്കി ഉപയോഗിക്കുന്നവര്‍ക്കു് ഒരു മോചനമാവുമല്ലോ.

Thursday, January 24, 2008

ആണവചില്ലും സ്പൂഫിങ്ങും

ന്‍, ര്‍,ല്‍, ള്‍,ണ്‍ എന്നീ ചില്ലക്ഷരങ്ങള്‍ക്ക് ഇപ്പോളുള്ള യഥാക്രമം ന+ചന്ദ്രക്കല+ZWJ, ര+ചന്ദ്രക്കല+ZWJ ,ല+ചന്ദ്രക്കല+ZWJ ,ള+ചന്ദ്രക്കല+ZWJ ണ+ചന്ദ്രക്കല+ZWJ എന്നീ യൂണിക്കോഡ് എന്‍‌കോഡിങ്ങിനു് പകരം ഒരൊറ്റ കോഡ് പോയിന്റ് മാത്രം ഉപയോഗിക്കുന്നതിനെയാണ് ആണവചില്ലു് അഥവാ അറ്റോമിക് ചില്ലെന്നു പറയുന്നത്. ഈ വസ്തുത എല്ലാവര്‍ക്കുമറിയാമെന്നു വിചാരിക്കുന്നു. ഇതെങ്ങനെ സ്പൂഫിങിന് കാരണമാകും എന്ന് വിശദമാക്കുകയാണ് ഈ ലേഖനത്തിന്റെ വിഷയം. പലര്‍ക്കുമറിയാവുന്ന കാര്യമായിരിയ്ക്കും. എന്നാലും അറിയാത്തവരുടെ അറിവിലേയ്ക്കായി എഴുതുന്നു.

ആദ്യം സ്പൂഫിങ് എന്താണെന്നു് ആദ്യം നോക്കാം
ഒരു പോലെയെന്നു് തോന്നിക്കുന്ന വിലാസം ഉള്ള വ്യാജസൈറ്റുകളുണ്ടാക്കുന്നതിനെയാണു് സ്പൂഫിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതു്. ഇതിനെക്കുറിച്ച് വിശദമായി Spoofed URL,Spoofing Attack എന്നീ വിക്കിപ്പീഡിയ പേജുകളില്‍ നിന്നു് മനസ്സിലാക്കാം. ഇത്തരം തട്ടിപ്പുകളിലൂടെ ഉപയോക്താക്കളെ വ്യാജസൈറ്റിലേക്കു് ആ‍കര്‍ഷിച്ചു് പണം തട്ടുന്നത് പതിവാ‍ണു്. ICICI Bank ഉപയോക്താക്കളോട് സ്പൂഫിങ്ങിനെക്കുറിച്ചു് മുന്നറിയിപ്പു നല്‍കുന്ന ഈ പേജ് കാണൂ..

ആണവ് ചില്ലു് വരുമ്പോള്‍ നമ്മുടെ ചില്ലക്ഷരങ്ങളെല്ലാം രണ്ടു് രീതിയില്‍ എന്‍‌കോഡ് ചെയ്യപ്പെടും. യൂണിക്കോഡിന്റെ ബാക്ക്‌വേര്‍ഡ് കമ്പാറ്റിബിലിറ്റി നയമനുസരിച്ചു് നിലവിലുള്ള തരം ചില്ലു് കോഡുകളും, അറ്റോമിക് ചില്ലുകളും വരും. ഇതിലേതു് ഉപയോഗിച്ചാലും കാഴ്ചയില്‍ ഒരു പോലിരിയ്ക്കും. തിരിച്ചറിയാന്‍ പറ്റില്ല.

സര്‍ക്കാര്‍.com എന്ന ഒരു സൈറ്റ് ഉണ്ടെന്നിരിയ്ക്കട്ടെ. ഇതു് 4 പേര്‍ക്കു് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റും യഥാര്‍ത്ഥ സൈറ്റ് നിലവിലെ ചില്ലുപയോഗിച്ചു് സര്‍ക്കാര്‍.com എന്നു രജിസ്റ്റര്‍ ചെയ്തു എന്നിരിക്കട്ടെ.താഴെപ്പറയുന്നവയാണ് സ്പൂഫ് ചെയ്ത വ്യാജന്മാര്‍
1. സ[അറ്റോമിക് ര്‍]ക്കാ[നിലവിലെ ര്‍].com
2. സ[നിലവിലെ ര്‍]ക്കാ[അറ്റോമിക് ര്‍].com
3. സ[അറ്റോമിക് ര്‍]ക്കാ[അറ്റോമിക് ര്‍].com
കണ്ടാല്‍ ഒരുപോലെയിരിയ്ക്കുന്ന മൂന്നു് വ്യാജന്മാര്‍!
ഇതു പോലെ ഫെഡറല്‍ബാങ്ക് 2 പേര്‍ക്കു രെജിസ്റ്റര്‍ ചെയ്യാം. അങ്ങനെയങ്ങനെ...
ഇതിന്റെ ഒരു ഡെമോണ്‍സ്ട്രേഷന്‍ റാല്‍മിനോവ് ചെയ്തിട്ടുണ്ടു്
site 1: http://റാല്‍മിനോവ്.blogspot.com
site 2: http://റാൽമിനോവ്.blogspot.com [അറ്റോമിക് ചില്ലു്]

വ്യാജന്മാരുടെ ചാകര എന്ന പോസ്റ്റും കാണുക.
 
live web stats