Monday, December 10, 2007

മലയാളം നിവേശകരീതികള്‍ ഒരു വിശകലനം

സെബിന്റെ ബ്ലോഗിലെ മലയാളം മലയാളത്തിലെഴുതാന്‍ എന്ന പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ നിവേശകരീതികളെപ്പറ്റി ഒരു വിശകലനത്തിന് ശ്രമിയ്ക്കുന്നു

മലയാളം എഴുതാന്‍ നല്ലത് ഇന്‍സ്ക്രിപ്റ്റ്, വരമൊഴി എന്നിവയിലേത് ഉപയോഗിയ്ക്കണമെന്ന് വിശകലനം ചെയ്യുന്നത് എവിടെയും എത്താത്ത ഇടുങ്ങിയ വിശകലനമായിരിയ്ക്കും. നിവേശകരീതികളെ ഞാന്‍ വേറൊരു രീതിയിലാണ് തരംതിരിയ്ക്കാനിഷ്ടപ്പെടുന്നത്.
1. നോണ്‍ഫൊണറ്റിക് - ശബ്ദാത്മകം അല്ലാത്തത്.
2. ഫൊണറ്റിക് - ശബ്ദാത്മകം
നോണ്‍ഫൊണറ്റിക് - ശബ്ദാത്മകം അല്ലാത്തത്
ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉള്ള ഒരു കീബോര്‍ഡ് ഉപയോഗിയ്ക്കുമ്പോള്‍ ഇംഗ്ലീഷ് അക്ഷരങ്ങളുടെ ഫൊണറ്റിക് മൂല്യങ്ങളോട് ഒട്ടും ചേരാതെ ഒരു ഭാഷയിലെ അക്ഷരങ്ങളെ മാപ്പ് ചെയ്യുന്ന നിവേശകരീതികളെ ഇങ്ങനെ വിശേഷിപ്പിയ്ക്കാം. ഇന്‍സ്ക്രിപ്റ്റാണ് ഇതിന്റെ നല്ല ഉദാഹരണം. L എന്ന കീയുടെ സ്ഥാനത്ത് ത , ഥ എന്നീ അക്ഷരങ്ങളെ ചേര്‍ക്കുമ്പോള്‍ സംഭവിയ്ക്കുന്നത് , കീബോര്‍ഡില്‍ മലയാളം കട്ടകളാണെന്ന് മനസ്സില്‍ വിചാരിച്ച് ടൈപ്പ് ചെയ്യണം എന്നാണ്. ഈ മാപ്പിങ്ങ് ഇങ്ങനെ മനസ്സില്‍ വിചാരിയ്ക്കാന്‍ പഠിയ്ക്കുന്നതിനെ ഇന്‍സ്ക്രിപ്റ്റ് ടൈപ്പിങ്ങ് പഠനം എന്ന് നമുക്ക് പറയാം. നമുക്കറിയാം ഈ പഠനം സമയമെടുക്കുന്നതിന്റെ കാരണം, L ന്റെ ലയുടെ അടുത്തു വരുന്ന ഫൊണറ്റിക് സവിശേഷത തയുടെയോ , ഥയുടെയോ അടുത്തെവിടെയും വരാത്തതാണ്. ഈ ബുദ്ധിമുട്ടിന്റെ പശ്ചാത്തലമായി മലയാളത്തിന് പൊതുവേ ഭാരതീയ ഭാഷകള്‍ക്കൊക്കെയുള്ള എഴുതുന്നതു പോലെ വായിയ്ക്കുന്നതും , ഒരക്ഷരവും അതിനു മാത്രം സ്വന്തമായ ഉച്ചാരണവുമെന്ന പ്രത്യേകതയുണ്ട്. ഭാഷാവിദഗ്ധര്‍ ഇതിനെ one to one grapheme to phonetic mapping എന്നു പറയും.
ഇന്‍സ്ക്രിപ്റ്റ് രൂപകല്പന ചെയ്തിരിയ്ക്കുന്നത് പ്രാഥമികമായി ഭാരതീയ ഭാഷകള്‍ ഉപയോഗിയ്ക്കുന്ന ഒരു ഉപയോക്താവിനെ മനസ്സില്‍ കണ്ടു കൊണ്ടാണ്. ആ ഭാഷ മാത്രമായി ഉപയോഗിയ്ക്കുന്ന ഒരാള്‍ക്ക് ഇംഗ്ലീഷ് കട്ടകള്‍ക്ക് പകരം സ്വന്തം ഭാഷയിലെ അക്ഷരങ്ങളാണ് കീബോര്‍ഡില്‍ വേണ്ടതെന്ന സങ്കല്‍പവും ഉണ്ട്. അക്ഷരങ്ങളെ കീബോര്‍ഡില്‍ വിന്യസിയ്ക്കുമ്പോള്‍ ഇംഗ്ലീഷ് അനുവര്‍ത്തിച്ചിരിയ്ക്കുന്ന ശാസ്ത്രീയതയും അതിനുണ്ട്. ഒരു ഭാഷ ടൈപ്പ് ചെയ്യാന്‍ പഠിച്ചാല്‍ ബാക്കി എല്ലാ ഭാരതീയ ഭാഷകളും വിഷമം കൂടാതെ പഠിയ്ക്കാമെന്നുള്ള പ്രത്യേകതയുണ്ട്. ഇന്‍സ്ക്രിപ്റ്റ് എന്ന സ്റ്റാന്‍ഡേര്‍ഡ് മറ്റു നിവേശകരീതികളെ അപേക്ഷിച്ച് കുറച്ചുകൂടി ഉറച്ചതാണെന്ന് വാദവും ഉണ്ട്.

ഫൊണറ്റിക് - ശബ്ദാത്മകം
ഇംഗ്ലീഷ് അക്ഷരങ്ങളുടെ സാമാന്യമായ ഫൊണറ്റിക് സവിശേഷതകളുടെ സ്വന്തം ഭാഷയിലേയ്ക്കുള്ള പകര്‍ത്തലിലൂടെയുള്ള കീബോര്‍ഡ് വിന്യാസത്തെയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരം കീ വിന്യാസങ്ങളെ വീണ്ടും രണ്ട് രീതിയില്‍ തരംതിരിയ്ക്കാം.

a) ലിപ്യന്തരണം അടിസ്ഥാനമാക്കിയുള്ളത്: നമ്മുടെ ഭാഷയുടെ ഉച്ചാരണത്തെ ലാറ്റിന്‍ ലിപികള്‍ കൊണ്ട് പ്രതിനിധാനം ചെയ്യിയ്ക്കുന്ന രീതിയാണ് ഇത്. മലയാളം എന്നത് malayaalam എന്ന് എഴുതുന്ന വിദ്യ. ഈ വിധത്തിലുള്ള പൊതുവില്‍ അറിയപ്പെടുന്ന കുറച്ച് നിവേശകരീതികള്‍ പറയാം. ഇത് ഇത്തരംനിവേശകരീതികളുടെ ഒരു മുഴുവന്‍ ലിസ്റ്റല്ല. ഉദാഹരണത്തിന് ചിലത് പറയുന്നുവെന്നു മാത്രം.
1. വരമൊഴി/മൊഴി കീമാപ്പ്: മലയാളികള്‍ക്ക് ഇതിന് യാതൊരു പരിചയപ്പെടുത്തലിന്റെയും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല
2. സ്വനലേഖ : ഗ്നു ലിനക്സ് പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കായി ഞാന്‍ തന്നെ എഴുതിയ ഫ്ലെക്സിബിള്‍ കീമാപ്പിങ്ങ് ഉള്ള നിവേശകരീതി. ഏറെക്കുറെ മൊഴി കമ്പാറ്റിബിള്‍ ആണ്. കൂടാതെ ടൈപ്പ് ചെയ്യുമ്പോള്‍ എഴുതിയ ഇംഗ്ലീഷ് അക്ഷരങ്ങളുടെ കോമ്പിനേഷനനുസരിച്ചുള്ള സാധ്യമായ എല്ലാ മലയാളം അക്ഷരങ്ങളും കഴ്സറിനടിയില്‍ മെനുവായി വന്നുകൊണ്ടിരിയ്ക്കും. അതുകൊണ്ട് കൃത്യമായി ട്രാന്‍സ്ലിറ്ററേഷന്‍ നിയമങ്ങള്‍ അറിയണമെന്നില്ല. കോപി പേസ്റ്റ് കൂടാതെ എല്ലാ അപ്ലിക്കേഷനുകളിലും നേരിട്ട് ടൈപ്പ് ചെയ്യാം. മലയാളത്തിന് പുറമേ ബംഗാളി, ഗുജറാത്തി, കന്നഡ, പഞ്ചാബി, ഹിന്ദി, തെലുഗ്, ഒറിയ എന്നി ഭാഷകളിലും ഇത് ടെസ്റ്റിങ് സ്റ്റേജിലുണ്ട്.
3. ഐട്രാന്‍സ് ITRANS കുറച്ച് വ്യത്യസ്തമായ ലിപ്യന്തരണം ഉപയോഗിയ്ക്കുന്ന നിവേശകരീതി
4. ബരാഹ IME ഇന്ത്യന്‍ ഭാഷകള്‍ക്ക് ഉള്ള ട്രാന്‍സ്ലിറ്ററേഷന്‍ രീതി. സ്കിം നിവേശകരീതിയായി ഇത് മലയാളത്തിനും ലഭ്യമാണങ്കിലും ആരും ഉപയോഗിച്ചു കണ്ടിട്ടില്ല.
മേല്‍പ്പറഞ്ഞവ കൂടാതെ അധികമാരും അറിയപ്പെടാതെ കിടക്കുന്ന വെബ്, പ്രൊപ്രൈറ്ററി നിവേശകരീതികളും ധാരാളം ഉണ്ട്.
കുറച്ചു കൂടി ഇന്റലിജന്റ് ആയി ട്രാന്‍സ്ലിറ്ററേഷനില്‍ മെഷീന്‍ ലേണിങ് എന്ന വിദ്യ ഉപയോഗിച്ച് കൊണ്ടുള്ള ഗൂഗിളിന്റെ ട്രാന്‍സ്ലിറ്ററേറ്റ് എന്ന വെബ് അപ്ലിക്കേഷനും ഉണ്ട്. ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേറ്റിന്റെ എല്ലാ ഫീച്ചറുകളും ഉള്ള ഡെസ്ക്ടോപ്പ് അപ്ലിക്കേഷനായ സുലേഖ എന്ന എഡിറ്റര്‍ തയ്യാറായി വരുന്നുണ്ട്.
ട്രാന്‍സ്ലിറ്ററേഷന്‍ എന്നതിന് ആസ്കിയോളം തന്നെ പഴക്കമുണ്ട്. കീബോര്‍ഡിലൊതുക്കാന്‍ പറ്റാവുന്നതിനേക്കാളേത്രയോ അക്ഷരങ്ങളുള്ള ചൈനീസ് , ജപ്പാനീസ് , കൊറിയന്‍ ഭാഷകള്‍ക്ക് ഇത് പണ്ടേ നിലവിലുണ്ടത്രേ. ഈ ഭാഷകള്‍ക്ക് വേണ്ടിയാണ് ഗ്നു ലിനക്സിലെ സ്കിം വന്നതെങ്കിലും ഇപ്പോള്‍ മിക്ക ഭാഷകള്‍ക്കും അത് ഉപയോഗിയ്ക്കുന്നുണ്ട്.

b) ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ അഴിച്ചുപണി നടത്തിക്കൊണ്ട് അതിന്റെ ഫൊണറ്റിക് മാപ്പിങ്ങ് കറക്ട് ചെയ്തു കൊണ്ടുള്ള കീബോര്‍ഡ് ലേയൗട്ടുകള്‍ : ഹിന്ദിയിലെ ബോല്‍നാഗരി, അതിനെ അടിസ്ഥാനമാക്കിക്കൊണ്ട് മലയാളത്തിലുള്ള ലളിത എന്നിവ ഇതിനുദാഹണം. ലളിതയില്‍ L എന്ന കീ ല, ള എന്നിവയ്ക്ക് മാപ്പ് ചെയ്തിരിയ്ക്കുന്നു.

ഇനി ഇത് ഏത് ഉപയോഗിയ്ക്കണം എന്ന ചര്‍ച്ചയിലേക്ക് കടക്കാം. ഞാനിതിനെ എഴുതുന്നയാള്‍, എഴുതുന്നത് എന്നീ രണ്ട് കോണുകളിലൂടെ നോക്കിക്കാണാന്‍ ശ്രമിയ്ക്കുന്നു

എഴുതുന്നയാള്‍: ഇംഗ്ലീഷ് അക്ഷരങ്ങള്‍ ലേഖനം ചെയ്ത ഒരു കീബോര്‍ഡിന്റെ മുന്നിലിരിയ്ക്കുന്ന ഒരാള്‍ ആരൊക്കെയായിരിയ്ക്കാം?
1. ഒരു സാദാ മലയാളി. അയാള്‍ക്ക് "ABCD" അറിയാം. Palakkad എന്നത് പാലക്കാട് എന്ന് വായിക്കാനറിയാം. ഇംഗ്ലീഷ് അക്ഷരങ്ങള്‍ പഠിയ്ക്കുമ്പോള്‍ സ്വന്തം പേര് suresh എന്നോ meera എന്നോ എഴുതാന്‍ പഠിച്ചവന്‍(ള്‍). കൂട്ടുകാരുടെ പേരുകള്‍ മലയാളത്തില്‍ പറഞ്ഞാല്‍ ഇംഗ്ലീഷില്‍ എങ്ങനെ എഴുതണമെന്ന് ഏകദേശം പറയാനറിയുന്നവന്‍...കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ payar, paripp, pappadam എന്നൊക്കെ തുണ്ടു കടലാസില്‍ എഴുതാനറിയുന്നവന്‍ .. കടകളുടെ ബോര്‍ഡില്‍ Maya jwellery എന്ന് കണ്ടാല്‍ വായിക്കാനറിയുന്നവന്‍...5 ഇംഗ്ലീഷ് വാക്കുകള്‍ എഴുതാന്‍ പറഞ്ഞാല്‍ 2 എണ്ണമെങ്കിലും തെറ്റി എഴുതുന്നവന്‍.
കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കുന്ന ഇത്രയൊക്കെ വിദ്യാഭ്യാസയോഗ്യതയുള്ള ഒരാളെ നമുക്ക് ബേസ് ആയി എടുക്കാം. ബാക്കിയുള്ളവര്‍ എല്ലാം ഇദ്ദേഹത്തിന്റെ പരിഷ്കരിച്ച പുരോഗമിച്ചവര്‍. ഇദ്ദേഹത്തിന് മലയാളം മംഗ്ലീഷ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാകും എന്ന് ആര്‍ക്കെങ്കിലും തോന്നുണ്ടോ? അതേ സമയം ഇദ്ദേഹത്തിനെ ഇന്‍സ്ക്രിപ്റ്റ് പഠിയ്ക്കാന്‍ മുന്‍പത്തേക്കാളും എളുപ്പം ആയിരിയ്ക്കും എന്ന് ആര്‍ക്കെങ്കിലും തോന്നുണ്ടോ?
2. മലയാളം നിത്യജീവിതത്തിന്റെ ഭാഗമായി ഉപയോഗിയ്ക്കേണ്ടി വരുന്ന ഒരു ഡി ടി പി സെന്റര്‍ ജോലിക്കാരന്‍ , ഭാഷാഗവേഷണം നടത്തുന്നവര്‍, മലയാളം ടൈപ്പിങ് പാഠ്യപദ്ധതിയുടെ ഭാഗമായി പഠിയ്ക്കുന്ന ഒരു വിദ്യാര്‍ത്ഥി - ഇവര്‍ക്ക് ഇന്‍സ്ക്രിപ്റ്റ് ആണ് ഏറ്റവും യോജിച്ചത്. ഇന്‍സ്ക്രിപ്റ്റ് പഠിയ്ക്കുന്നതിന്റെ മൂല്യ വര്‍ദ്ധനവ് അവര്‍ക്ക് ലഭ്യമാകും, ആയാസരഹിതമായ മലയാളം ഉപയോഗത്തിന് രൂപകല്പന ചെയ്തിരിയ്ക്കുന്ന ഇന്‍സ്ക്രിപ്റ്റ് കീ വിന്യാസത്തിന്റെ ഗുണഫലങ്ങള്‍ അവര്‍ക്ക് കിട്ടുന്നു.
3. ഒരു ഐടി പ്രൊഫഷണല്‍ - തൊഴിലിന്റെ ഭാഗമായി ധാരാളം ഇംഗ്ലീഷും അതിനിടയ്ക്ക് മലയാളവും ഉപയോഗിക്കേണ്ടി വരുന്ന ഒരാള്‍- പഠിയ്ക്കാന്‍ സമയം മെനക്കെടുത്താന്‍ മനസ്സിലാത്തവന്‍- ഇവര്‍ ഏതുപയോഗിയ്ക്കും.മംഗ്ലീഷ് ഉപയോഗിച്ചാല്‍ ഇംഗ്ലീഷ് ടൈപ്പിങ്ങ് സ്പീഡിന്റെ അതേ വേഗത തന്നെ മലയാളം ടൈപ്പ് ചെയ്യാനും ഉപയോഗിയ്ക്കാമെങ്കില്‍ എന്തിന് മടിയ്ക്കണം?

എഴുതുന്നത്:
എഴുതുന്നത് എങ്ങനെയാണെങ്കിലും മലയാളം തന്നെ!. ഇന്‍സ്ക്രിപ്റ്റും ട്രാന്‍സ്ലിറ്ററേഷനും, ഫൊണറ്റികും തമ്മിലുള്ള വേര്‍തിരിവ് അക്ഷരങ്ങളെ മാപ്പ് ചെയ്യുന്നത് സോഫ്റ്റ്‌വെയറോ അതോ നമ്മളോ എതാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ സമ്മതിയ്ക്കുമോ? ഇംഗ്ലീഷ് കീബോര്‍ഡിന്റെ മുന്നിലിരിയ്ക്കുന്ന നിങ്ങള്‍ L എന്ന കീ അടിച്ചാല്‍ ത വരും എന്ന് തീരുമാനിയ്ക്കുന്നത്/അറിയുന്നത് നിങ്ങളുടെ മനസ്സ് നടത്തുന്ന മാപ്പിങ്ങിലൂടെ . പോട്ടെ, കീകളുടെ മുകളില്‍ മലയാളം എഴുതി ഒട്ടിച്ചു വച്ചുവെന്നിരിയ്ക്കട്ടെ. അപ്പോളും സംഭവിയ്ക്കുന്നതെന്ത്? നിങ്ങള്‍ L അമര്‍ത്തുമ്പോള്‍ സോഫ്റ്റ്‌വെയറിന് കിട്ടുന്നത് ത അല്ലല്ലോ. L ന്റെ കീ കോഡല്ലേ. അത് XKB തുടങ്ങിയവ തയുടെ യുണിക്കോഡിലേയ്ക്ക് മാറ്റുമ്പോളല്ലേ ത വരുന്നത്? അവിടെ നടക്കുന്നതും ഒരു മാപ്പിങ്ങ്! ട്രാന്‍സ്ലിറ്ററേഷനും അത്തരം ഒരു മാപ്പിങ് തന്നെ. അതുകൊണ്ട് മലയാളം ഇംഗ്ലീഷ് ഉപയോഗിച്ച് ടൈപ്പ് ചെയ്താല്‍ മലയാളഭാഷയ്ക്ക് വല്ലതും സംഭവിയ്ക്കും എന്നതിന് ഒരു കഴമ്പുമില്ല. വായിക്കുന്നതും എഴുതുന്നതും മലയാളം തന്നെ. എഴുതാനുള്ള ടൂള്‍ എന്ന് മാത്രം ഇവയെ പരിഗണിച്ചാല്‍ പോരേ?
ഇനി കീ സ്ട്രോക്സിന്റെ എണ്ണം കണക്കിലെടുക്കാം. അകാരത്തിലവസാനിയ്ക്കുന്ന (ക, ഖ, ച യ ...) അക്ഷരങ്ങള്‍ക്ക് ഫൊണറ്റിക്, ഇന്‍സ്ക്രിപ്റ്റ് എന്നിവയില്‍ ഒരു കീ സ്ട്രോക് മതിയാകുമ്പോള്‍ ട്രാന്‍സ്ലിറ്ററേഷനില്‍ രണ്ട് കീ സ്ട്രോക് വേണം
ക(1) -> ka(2)
യ(1) -> ya(2)
പക്ഷേ
ക് (2) -> k(1)
വ് (2) -> v(1)
ഇ, ഉ, എ, ഒ എന്നീ സ്വരചിഹ്നങ്ങളില്‍ അവസാനിയ്ക്കുന്നവയ്ക്ക് മിക്കപ്പോഴും ട്രാന്‍ലിറ്ററേഷനിലും ഇന്‍സ്ക്രിപ്റ്റ്/ഫൊണറ്റിക് എന്നിവയിലും കീ സ്ട്രോക് എണ്ണം തുല്യമാണെന്ന് കാണാം
കി (2) -> ki(2)
വി (2) -> vi (2)

കൂട്ടക്ഷരങ്ങളെക്കുറിച്ചും ചില്ല് അനുസ്വാരം തുടങ്ങിയവ അടങ്ങിയ വാക്കുകള്‍ക്ക് എത്ര കീ സ്ട്രോക്ക് വേണം എന്നതിനെ കുറിച്ച് നല്ല ഒരു പഠനം നടത്തേണ്ടിയിരിയ്ക്കുന്നു. ആള്‍ട്ട്, ഷിഫ്റ്റ്, കണ്ട്രോള്‍ എന്നിവ ഉപയോഗിച്ചുള്ള കീബോര്‍ഡ് ലേയൗട്ടുകളില്‍ ഇത്തരം പഠനം നടത്തുമ്പോള്‍ ആ മോഡിഫയര്‍ കീ കൂടി എണ്ണണമെന്നാണ് എന്റെ പക്ഷം. മറ്റുപല കാര്യങ്ങള്‍ കൂടി പരിഗണിയ്ക്കണം. ഉദാഹരണം
ക്ക = ക+ ് + ക , kka ഇവിടെ ഒരു കീ രണ്ടു പ്രാവശ്യം ടൈപ്പ് ചെയ്യുന്നതും വ്യത്യസ്തങ്ങളായ രണ്ട് കീ ടൈപ്പ് ചെയ്യുന്നതും ഒരേ പോലെ പരിഗണിയ്ക്കാമോ? ഒരു കീ രണ്ട് തവണ ടൈപ്പ് അടുപ്പിച്ച് ടൈപ്പ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമല്ലേ?

ചുരുക്കിപ്പറഞ്ഞാല്‍ ഏത് ഉപയോഗിയ്ക്കണമെന്ന് തീരുമാനിയ്ക്കുന്നത് എന്തിനുവേണ്ടി ഉപയോഗിയ്ക്കുന്നു, ആരു് ഉപയോഗിയ്ക്കുന്നു എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു. ഇവയെ പരിഗണിയ്ക്കാതെ ഏതെങ്കിലും ഒന്നാണ് നല്ലതെന്ന് പറയുന്നത് യുക്തിസഹമല്ല.

പക്ഷേ, വളരെ കണിശമായി ഏത് ഇന്‍പുട്ട് സ്കീം ഉപയോഗിച്ചാലും പരിഗണിയ്ക്കേണ്ട ഒരു ഘടകം എനിയ്ക്ക് ചൂണ്ടിക്കാണിയ്ക്കാനുണ്ട്. അത് എന്‍കോഡിങ് കൃത്യതയാണ്. ഏത് ഇന്‍പുട്ട് സ്കീം ഉപയോഗിച്ചാലും, എന്ത് ലോജിക്ക് ഉപയോഗിച്ചാലും, ഉപയോക്താവിന് എളുപ്പമാവാന്‍ വേണ്ടി എന്ത് സങ്കേതം ഉപയോഗിച്ചാലും അതിന്റെയൊക്കെ ഔട്ട്പുട്ട് ആയി വരുന്ന മലയാളം ഒന്നായിരിയ്ക്കണം. അത് ഇന്‍സ്ക്രിപ്റ്റ് ഉപയോഗിച്ചെഴുതിയ മലയാളത്തിന് തുല്യമാകണം. ഓരോ മലയാളം അക്ഷരത്തിനും യുണിക്കോഡ് അനുശാസിയ്ക്കുന്ന കോഡ് പോയിന്റ് തന്നെ വരണം. ഒന്നും അധികവും കുറവും ആകരുത്. നിര്‍ഭാഗ്യവശാല്‍ വരമൊഴിയുടെയും, മൊഴിയുടെയും എന്‍കോഡിങ്ങ് പിഴവുകള്‍ മൂലം നമ്മുടെ ബ്ലോഗുകളിലെയും വിക്കിപ്പീഡിയയിലെയും ഉള്ളടക്കം പലവാക്കുകളെയും പിശകുള്ളതായിരിക്കുന്നത് അറിഞ്ഞു കാണുമോ?
വരമൊഴിയില്‍ എഴുതിയ എന്റെ പേര് ഇന്‍സ്ക്രിപ്റ്റിലെഴുതിയ പേരില്‍ നിന്ന് 24 ബിറ്റ് വ്യത്യാസത്തിലാണ്. ഈ ബഗ്ഗിനെപ്പറ്റി ഞാന്‍ ഇവിടെ എഴുതിയിട്ടുണ്ട്.
അതുകൊണ്ട് ഏത് ഇന്‍പുട്ട് മെത്തേഡ് എന്നത് ഒരോരുത്തരുടെയും ഇഷ്ടത്തിന് വിടാം. പക്ഷേ ആ ഇന്‍പുട്ട് മെത്തേഡുകള്‍ ഉണ്ടാക്കുന്ന മലയാളങ്ങള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമുണ്ടാവരുത്.

[ഈ ലേഖനം വളരെ കുറച്ച് സമയം എടുത്ത് എഴുതിയതാണ്. കുറച്ചു കൂടി കാര്യങ്ങള്‍ പിന്നീട് ഉള്‍പ്പെടുത്താം]

11 comments:

  1. L എന്ന കീയുടെ സ്ഥാനത്ത് ല, ള എന്നിവ കൊടുക്കാതെ ത കൊടുത്തിരിക്കുന്നു എന്ന വാദത്തില്‍ കഴമ്പില്ല. മലയാളമെഴുതുമ്പോള്‍ L എന്ന കീയെ കുറിച്ച് എന്തിനാണാലോചിക്കുന്നത് ? ത ആണ് എഴുതേണ്ടതെങ്കില്‍​ ത-യെക്കുറിച്ച് ആലോചിച്ചാല്‍ പോരെ?

    ഇംഗ്ലീഷ് കീബോര്‍ഡ് abcd എന്ന് തുടര്‍ച്ചയായി കൊടുക്കാതെ ;lkjh അല്ലെങ്കില്‍​ asdfg എന്ന് മാപ്പ് ചെയ്തിരിക്കുന്നത് എന്തുകൊണ്ടാണ്? ടൈപ്പിംഗ് സ്പീഡ് കിട്ടാന്‍ വേണ്ടിയാവുമല്ലോ, അത്. നമ്മളതിനെ qwerty layout എന്ന് പറയുന്നു. അതേ പോലെ ഭാരതീയ ഭാഷകള്‍ സുഗമമായി ടൈപ്പ് ചെയ്യാനുതകുന്ന രീതിയിലുള്ള താളാത്മക വിന്യാസമാണ് ഇന്‍സ്ക്രിപ്റ്റിന്റേത്.

    പിന്നെ കീബോര്‍ഡ് നോക്കി തപ്പിത്തടഞ്ഞ് മലയാളം ടൈപ്പ് ചെയ്യുന്ന ഒരാളെ ഉദ്ദേശിച്ചല്ല, ഇന്‍സ്ക്രിപ്റ്റ് ഉപയോഗിക്കാന്‍ പറയുന്നത്. മംഗ്ലീഷ് കീബോര്‍ഡ് വേണ്ട എന്നും എന്റെ പോസ്റ്റില്‍ ഒരിടത്തും പറഞ്ഞിരുന്നില്ല. ഞാനും ആവശ്യാനുസരണം മംഗ്ലീഷ് ഉപയോഗിക്കുന്ന ആള്‍ തന്നെയാണ്. അത് മാനകമാക്കേണ്ടതുണ്ടോ, എന്നാണ് എന്റെ ചോദ്യം.

    മറുനാട്ടില്‍ ജീവിക്കുന്ന ഒന്നാം തലമുറ മലയാളികളെ നമുക്ക് വിടാം. അവരുടെ മക്കളെ മലയാളം പഠിപ്പിക്കുമ്പോള്‍ ഉള്ള പ്രശ്നത്തെ മുന്‍നിര്‍ത്തിയാണ് എന്റെ വിചാരം. മലയാളമെഴുതുന്നത് എങ്ങനെയെന്ന് അവരെ പഠിപ്പിച്ചുകൊടുക്കാന്‍ മലയാള അദ്ധ്യാപകരുണ്ടാവില്ല. അവരോട് ththa എന്നാണ് ത്ത എഴുതേണ്ടത് എന്ന് പറഞ്ഞാല്‍ 'what the hell of a language?' എന്നേ അവര്‍ ചോദിക്കൂ. അതേസമയം ആള്‍ട്ട് ത എന്ന ഒറ്റ സ്ട്രോക്കില്‍ മോഡിഫൈ ചെയ്ത ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ ത്ത എഴുതാം. ഞ്ഞ എഴുതാന്‍ ആള്‍ട്ടോ ഷിഫ്റ്റോ ആവശ്യമില്ല. നമ്മുടെ സൌകര്യം മാത്രം നോക്കുമ്പോള്‍ വരുന്ന കുഴപ്പമാണിത്.

    പിന്നെ തൊഴിലിന്റെ ഭാഗമായി ഇംഗ്ലീഷും മലയാളവും ഉപയോഗിക്കേണ്ടിവരുന്നയാള്‍ തന്നെയാണ് ഞാന്‍. അങ്ങനെയുള്ള ഒരാള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായതുകൊണ്ടുമാത്രം പഠിക്കാന്‍ മനസ്സില്ല എന്നൊക്കെ പറഞ്ഞാല്‍ അതിന് എന്തു മറുപടി പറയാനാണ്? മനസ്സില്ലാത്തവര്‍ ബുദ്ധിമുട്ടി പഠിക്കേണ്ടതില്ല എന്നേ പറയാനൊക്കൂ.

    പിന്നെ മംഗ്ലീഷ് അടിച്ചാല്‍ ഇംഗ്ലീഷ് അടിക്കുന്നതിന്റെ അതേ വേഗത മലയാളമടിക്കാനും ലഭിക്കും എന്ന വാദം കടന്നവാദമല്ലേ എന്നു സംശയം. കാരണം ഇതെല്ലാം ഉപയോഗിക്കാറുള്ള ആളാണ് ഞാന്‍. ഇംഗ്ലീഷ് നല്ല വേഗതയില്‍​ തന്നെ ടൈപ്പ് ചെയ്യും. അതേ വേഗതയില്‍ ചാറ്റ് മംഗ്ലീഷില്‍ ഞാന്‍ ടൈപ്പ് ചെയ്യാം. വരമൊഴി മംഗ്ലീഷില്‍ പറ്റില്ല. എന്നാല്‍ മലയാളമാണ് എഴുതേണ്ടതെങ്കില്‍ നേരിട്ട് എഴുതിയാല്‍ - അതായത് ഇന്‍സ്ക്രിപ്റ്റ് ഉപയോഗിച്ച് എഴുതിയാല്‍ - അതിലും വേഗത കിട്ടും. 'തത്തമ്മേ പൂച്ച പൂച്ച' എന്ന് ഇന്‍സ്ക്രിപ്റ്റിലെഴുതുന്ന വേഗത്തില്‍ മംഗ്ലീഷിലെഴുതാനാവില്ല.

    ReplyDelete
  2. സന്തോഷേ ഞാന്‍ ടൈപ്പു് ചെയ്യുമ്പോള്‍ തയുടെ സ്ഥാനത്തു് ത നന്നെയാണല്ലോ കാണാറു്. പിന്നെ xkb മാപ് ചെയ്യുന്നതു് L എന്ന അക്ഷരത്തെയല്ല നാലാമത്തെ വരിയിലെ പത്താമത്തെ അക്ഷരത്തെയാണു്.

    ReplyDelete
  3. മംഗ്ലീഷില്‍ ഇപ്പോഴും എഴുത്ത്‌ തുടരുന്ന ഒരാളാണ് ഞാന്‍. പക്ഷേ സെബില്‍ എഴുതിയ ഈ വാചകങ്ങള്‍ ശ്രദ്ധിക്കു:

    *****************
    മറുനാട്ടില്‍ ജീവിക്കുന്ന ഒന്നാം തലമുറ മലയാളികളെ നമുക്ക് വിടാം. അവരുടെ മക്കളെ മലയാളം പഠിപ്പിക്കുമ്പോള്‍ ഉള്ള പ്രശ്നത്തെ മുന്‍നിര്‍ത്തിയാണ് എന്റെ വിചാരം. മലയാളമെഴുതുന്നത് എങ്ങനെയെന്ന് അവരെ പഠിപ്പിച്ചുകൊടുക്കാന്‍ മലയാള അദ്ധ്യാപകരുണ്ടാവില്ല. അവരോട് ththa എന്നാണ് ത്ത എഴുതേണ്ടത് എന്ന് പറഞ്ഞാല്‍ 'what the hell of a language?' എന്നേ അവര്‍ ചോദിക്കൂ. അതേസമയം ആള്‍ട്ട് ത എന്ന ഒറ്റ സ്ട്രോക്കില്‍ മോഡിഫൈ ചെയ്ത ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ ത്ത എഴുതാം. ഞ്ഞ എഴുതാന്‍ ആള്‍ട്ടോ ഷിഫ്റ്റോ ആവശ്യമില്ല. നമ്മുടെ സൌകര്യം മാത്രം നോക്കുമ്പോള്‍ വരുന്ന കുഴപ്പമാണിത്.
    ******************************

    ഇതിനെ കണ്ടില്ലെന്ന്‌ നടിക്കാന്‍ പറ്റുമോ?

    പിന്നെ, മലയാള അക്ഷരങ്ങള്‍ മംഗ്ലീഷിലെഴുത്ത്‌ തുടര്‍ന്നാല്‍ നമുക്കെന്തിനാണ് ഒരു അക്ഷരക്കൂട്ടം.

    ഭാവിയില്‍ നാം മലയാള ലിപിയോട് കാണിക്കുന്ന ദ്രോഹമല്ലേ അത്‌.

    ReplyDelete
  4. ഈ വക ചര്‍ച്ചകളുടെയെല്ലാം കഴമ്പും കഴമ്പില്ലായ്‌മയും മനസ്സിലാകത്തക്ക വണ്ണം വളരെ ലളിതമായ ഒരു കമന്റ് സെബിന്റെ പോസ്റ്റില്‍ ഞാന്‍ ഇട്ടിട്ടുണ്ട്. ഫൊനറ്റിക്-നോണ്‍ ഫൊനറ്റിക് എന്നു തന്നെയാണ്‌ ഞാന്‍ അവിടെ പറഞ്ഞത്.

    ഒരു കാര്യം.

    ആദ്യകാലങ്ങളില്‍ ഇന്‍‌സ്ക്രി‌പ്റ്റ് കീബോഡ് പഠിക്കാന്‍ ഞാന്‍ ചെയ്ത സൂത്രം-
    മലയാളം-ഇംഗ്ലീഷ് അക്ഷരങ്ങളുടെ സ്റ്റിക്കര്‍ ഉണ്ടാക്കി കീബോഡിലെ കട്ടകള്‍ക്ക് മേലേ പതിച്ചു. അപ്പോള്‍ ക കണ്ട് ക അടിക്കാം, ഋ കണ്ട് ഋ അടിക്കാം...അങ്ങനെ പ്രാക്റ്റീസ് ചെയ്ത് അത് തറമായി...

    ഫൊനറ്റിക് കീബോഡ് ഉപയോഗിച്ച് ഉപയോഗിച്ച് ഇപ്പോള്‍ ഇന്‍സ്ക്രിപ്റ്റ് മറന്ന മട്ടാണ്. ഇതു തന്നെ പ്ര‌ശ്‌നം, കഞ്ഞിക്ക് വക കണ്ടെത്താന്‍ പണിയെടുക്കുന്നവര്‍ക്കെങ്കിലും.

    ReplyDelete
  5. എനിയ്ക്ക് തോന്നുന്നു ഏത് ഉപയോഗിക്കണമെന്നുള്ളതും ഏതാണ് സ്പീഡ് എന്നതും കീബോര്‍ഡിനെ എങ്ങനെ കാണുന്നു എന്നതും ഓരോരുത്തരുടെ ഉപയോഗിച്ചുള്ള തഴക്കത്തെ ആശ്രയിച്ചിരിയ്ക്കുമെന്ന്.
    ഉദാഹരണം സെബിന്‍ പറയുന്നു “L എന്ന കീയുടെ സ്ഥാനത്ത് ല, ള എന്നിവ കൊടുക്കാതെ ത കൊടുത്തിരിക്കുന്നു എന്ന വാദത്തില്‍ കഴമ്പില്ല.മലയാളമെഴുതുമ്പോള്‍ L എന്ന കീയെ കുറിച്ച്
    എന്തിനാണാലോചിക്കുന്നത് ? ത ആണ് എഴുതേണ്ടതെങ്കില്‍​ ത-യെക്കുറിച്ച് ആലോചിച്ചാല്‍ പോരെ? ” പക്ഷേ L എന്നതിന് ല,ള എന്ന രീതി ഇഷ്ടപ്പെടുകയും, ഫൊണറ്റിക് ഇന്‍പുട്ട് (ലിപ്യന്തരണമല്ല)മെത്തേഡുകളുപയോഗിയ്ക്കുകയും ചെയ്യുന്ന ധാരാളം പേരെ എനിയ്ക്കറിയാം. മിക്ക ഭാഷകളിലും ഇന്‍സ്ക്രിപ്റ്റിനൊപ്പം തന്നെ ഇവ പ്രചാരത്തിലുണ്ടു താനും.

    ഒരു ഇംഗ്ലീഷ് കീബോര്‍ഡിന്റെ മുന്നിലാണിരിയ്ക്കുന്നതെന്നും ഇംഗ്ലീഷ് കട്ടകളാണ് റ്റൈപ്പ് ചെയ്യാന്‍ ഉപയോഗിയ്ക്കുന്നതെന്നും ഉള്ള ഒരാളുടെ
    വീക്ഷണകോണിലൂ‍ടെ മാത്രം വിഷയത്തെ ഞാന്‍ കൈകാര്യം ചെയ്തു എന്ന് എനിയ്ക്കു തോന്നുന്നു.

    പ്രവീണ്‍ പറഞ്ഞു: “ഞാന്‍ ടൈപ്പു് ചെയ്യുമ്പോള്‍ തയുടെ സ്ഥാനത്തു് ത നന്നെയാണല്ലോ കാണാറു്.“ പക്ഷേ ഏല്ലാവരും അങ്ങനെയല്ലല്ലോ...

    അതു പോലെത്തെന്നെ സെബിന് ഇംഗ്ലീഷ് സ്പീഡ് വരമൊഴിയില്‍ കിട്ടുന്നില്ല, പക്ഷേ എനിയ്ക്ക് ഇംഗ്ലീഷിന്റെ അതേ സ്പീഡില്‍ സ്വനലേഖ ഉപയോഗിച്ച് എഴുതാന്‍ പറ്റുന്നുണ്ട് താനും.മേല്പറഞ്ഞതെല്ലാം നേരത്തെ പറഞ്ഞ ഉപയോഗിച്ചുള്ള ശീലം മാത്രമാണെന്നതിനാല്‍ അത് ഒരു ചര്‍ച്ചാ വിഷയമാകുന്നില്ല.

    പ്രവീണ്‍ പറഞ്ഞു: “xkb മാപ് ചെയ്യുന്നതു് L എന്ന അക്ഷരത്തെയല്ല നാലാമത്തെ വരിയിലെ പത്താമത്തെ അക്ഷരത്തെയാണു്.“ ശരിയാണ്.

    അങ്കിള്‍ , അങ്കിളിന്റെ ആശങ്ക ന്യായമാണ്. അതിനാണല്ലോ ഞാന്‍ പറഞ്ഞത് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്ക്രിപ്റ്റ് തന്നെ പഠിയ്ക്കണമെന്ന്. അതാണല്ലോ സ്റ്റാന്‍ഡേര്‍ഡ്. വരമൊഴി എന്നത് ഒരിയ്ക്കലും ഒരു സ്റ്റാന്‍ഡേര്‍ഡ് ആവുന്നില്ല.

    ReplyDelete
  6. ആള്‍ട്ട് ത എന്നത് ത്ത എന്നു തരുന്നതിനേക്കാള്‍ നല്ലതല്ലേ ത+്+ത എന്നതു തരുന്നത്? കൂടുതല്‍ നന്നായി മലയാളം പഠിക്കാന്‍ അതു സഹായിക്കും എന്നാണ് എന്റെ വിശ്വാസം. മാനകമായി നില്ക്കേണ്ടത് എന്നും ഇന്‍സ്ക്രിപ്റ്റിന്റെ പ്രാഥമിക വിന്യാസം ആണ് എന്നാണ് എന്റെ അഭിപ്രായം. പിന്നെ ഏതു നിവേശകരീതി അല്ലേങ്കില്‍ വിന്യാസം ഉപയോഗിക്കണം എന്നത് യൂസര്‍ക്ക് വിട്ടുകൊടുക്കണം എന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  7. അതിനാണല്ലോ ഞാന്‍ പറഞ്ഞത് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്ക്രിപ്റ്റ് തന്നെ പഠിയ്ക്കണമെന്ന്. അതാണല്ലോ സ്റ്റാന്‍ഡേര്‍ഡ്. വരമൊഴി എന്നത് ഒരിയ്ക്കലും ഒരു സ്റ്റാന്‍ഡേര്‍ഡ് ആവുന്നില്ല.

    സന്തോഷ് പറഞ്ഞതുപോലെയാണ് കാര്യങ്ങളെങ്കില്‍ കൊള്ളാമായിരുന്നു. എന്നാല്‍ ഞാന്‍ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചതുപോലെ എങ്ങനെ മലയാളമെഴുതാം എന്ന് വെബ്ബില്‍ തിരയുന്നയാള്‍ക്ക് ഏറ്റവുമെളുപ്പം കണ്ടെത്താനാവുന്ന വിക്കിയയിലെ സഹായത്താളില്‍ പറയുന്നത് വരമൊഴിയാണ് അതിനുള്ള സൂത്രമെന്നാണ്. അപ്പോള്‍ മലയാളമെഴുതാന്‍ വേറെ സൂത്രമൊന്നുമില്ലേ? കനവിലെ കുട്ട്യോളെ പഠിപ്പിച്ചതും മംഗ്ലീഷ് തന്നെ.

    ഞാന്‍ ചൂണ്ടിക്കാണിക്കാതിരുന്ന മറ്റൊരു പ്രശ്നം, ഇംഗ്ലീഷ് എഴുതുമ്പോഴും വരമൊഴി മംഗ്ലീഷിന്റെ രീതി (sudden change of case, inclusion of an unwanted underscore or tilt, etc) വല്ലാതെ സ്വാധീനം ചെലുത്താം എന്നുള്ളതാണ്. ഇതുമൂലം ചിലപ്പോള്‍ ഇംഗ്ലീഷ് ടൈപ്പിംഗും അവതാളത്തിലാവും. ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ ഇടിവാള്‍ ഒരു പോസ്റ്റെഴുതിയിരുന്നു. എന്നാല്‍ ഇവിടെ ക്വോട്ട് ചെയ്യാന്‍ ഞാനത് തപ്പിയപ്പോള്‍ അത് ഡിലീറ്റ് ചെയ്തിരിക്കുന്നതായാണ് കണ്ടത്.

    പിന്നെ ജിന്‍സ് പറഞ്ഞത് ശരിയാണ്. ത ് ത = ത്ത എന്ന രീതിയാണ് ഇന്‍സ്ക്രിപ്റ്റിന്റെ ബേസിക് രീതി. പക്ഷെ ഇന്‍സ്ക്രിപ്റ്റ് ഭാരതത്തിലെ എല്ലാ ഭാഷകള്‍ക്കുമായി കോമണ്‍ ആയി വികസിപ്പിച്ച രീതിയായതുകൊണ്ടാണ് അതങ്ങനെ ആയത്. ആള്‍ട്ട് ഉപയോഗിച്ച് വിപുലപ്പെടുത്തിയ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡില്‍ കൂട്ടക്ഷരങ്ങള്‍ നേരെ കിട്ടുന്നത് ഒരു അധിക സൌകര്യമാണ്. അത് വേണമെന്നുള്ളവര്‍ക്ക് ഉപയോഗിക്കാം. അല്ലാത്തവര്‍ക്ക് കൂട്ടക്ഷരങ്ങളും ചില്ലുകളുമൊക്കെ ലിങ്ക് കീ ഉപയോഗിച്ച് തന്നെ ടൈപ്പ് ചെയ്യാം.

    ReplyDelete
  8. എന്തു തന്നെ ആയാലും ഒരു ഭാഷക്ക് ഒരേ ഒരു സ്റ്റാന്‍ഡേഡ് മാത്രം മതി...
    ഇനി നാളെ മറ്റൊരാള്‍ വേറെന്തെങ്കിലും സംവിധാനവുമായി വന്ന് കീ കോംബിനേഷനുകളില്‍ മാറ്റം വരുത്തി പ്രചാരത്തിലാക്കിയാല്‍ അത് ഭാഷയെ തന്നെ ബാധിക്കുമല്ലോ? ജിസ്റ്റിന്റെ ഇന്‍‌സ്ക്രിപ്റ്റ് സ്റ്റാന്‍ഡേഡ് പ്രചാരത്തിലാകും മുമ്പ് കാക്കത്തൊള്ളായിരം സോഫ്റ്റ്‌വെയര്‍ ഈ ഭൂമിമലയാളത്തിലുണ്ടായിരുന്നു...ഓരോന്നും ഓരോ രീതി.

    hellO mOLu,
    hau aar yoo?
    hOp~ yoo aar~ wel deyar aant~ ai aam Oke hiyar
    എന്നൊക്കെ മലയാളി കത്തെഴുതുന്ന കാലം വരുമോ ആവോ?

    ReplyDelete
  9. സന്തോഷ്,
    എനിക്കു തോന്നുന്നത്:
    ബരാഹ അനവധി പേര്‍ ഉപയോഗിക്കുന്നുണ്ട്‌. മലയാളികള്‍ അടക്കം. ഞാനും ഉപയോഗിച്ഛിരുന്നു.

    നമ്മുടെ നിവേശകര്തികളില്‍ വരമൊഴി ശരിയായല്ല സേവ് ചെയ്യുന്നത് എന്ന് പറഞു. ഏതാ‍ണ് (ഫൊണറ്റിക് രീതിയിലുള്ളത്) ശരിയായ രീതിയില്‍ സേവ് ചെയ്യുന്നത് എന്നുകൂടെ പറഞ്ഞു തരൂ. അതുപയോഗിക്കാനാണ്. വിന്‍‌ഡോ വേര്‍ഷ്ന്‍ വേണേ.

    ഇതല്ല നാം കൂടുതല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. മല്ലു യൂണീക്കോഡ് സപ്പോറ്ട്ട് അഡോബി പോലുള്ള വമ്പന്മാര്‍ ഇപ്പോള്‍ തരുന്നില്ല.. അതിനാല്‍ വിവ്ധ തരത്തിലുള്ള യൂണിക്കോഡ് ഫോണ്ടുകള്‍ നിര്‍മ്മിക്കണം.. അതുവരെ ലിജസി ആസ്കി ഫോണ്ടുകളെ തള്ളാന്‍ വയ്യ.
    ഫോണ്ടുകള്‍ വേണോ നിവേശക രീതി വേണോ? മുട്ടയോ കോഴിയോ ആദ്യം ഉണ്ടായത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഒരുപോലെയാണ്.

    എന്നെ പോലെയുള്ളവര്‍ക്ക് ആയുധങ്ങളാണ്‌ വേണ്ടത്. മല മറിക്കാം, നോ പ്രോബ്ലം!

    ReplyDelete
  10. വേറോന്നു കൂടെ, മംഗ്ലീഷ് രീതിയുടെ കുറ്റങ്ങളെ കുറിച്ചൊക്കെ എന്നോ അറിയാം. പക്ഷെ എളൂപ്പം ആയത് എന്ന നിലക്ക് ഇപ്പോഴും അതുതന്നെ തുടരുന്നു.
    അതല്ല വിഷയം എന്നാണെനിക്കു തോന്നുന്നത്. -സു-

    ReplyDelete
  11. ഇന്‍സ്ക്രിപ്റ്റ് എല്ലാ ഇന്‍ഡ്യന്‍ ഭാഷകള്‍ക്കും പൊതുവായതുകൊണ്ട് പ്രചാരം കൂടുതലാണ്.അതുകൊണ്ട് അതു ഏതാണ്ട് മാനകമായിത്തീര്‍ന്നിരിക്കുന്നു,മലയാളത്തിനായി പാകപ്പെടുത്തിയത(optimized)ല്ലായിരുന്നിട്ടുകൂടി.

    ഇംഗ്ലീഷ് അക്ഷരങ്ങള്‍ അറിയാവുന്നവര്‍ക്ക് ശബ്ദാത്മകവിന്യാസം കൂടുതല്‍ എളുപ്പത്തില്‍ പഠിച്ചെടുക്കാം.അല്ലാത്തവര്‍ക്കു് ഇതു രണ്ടും തമ്മില്‍ ഭേദമൊന്നും തോന്നില്ല.മോഡിഫയര്‍ 'കീ' ഉപയോഗിച്ചാല്‍ രണ്ടിന്റേയും ടൈപ്പിങ് ക്ഷമത കൂട്ടാന്‍ കഴിയും

    ലിപ്യന്തരണരീതി ഇംഗ്ലീഷ് അറിയാവുന്നവര്‍ക്കു് ഏറ്റവും എളുപ്പമുള്ളതാണ്.അഭ്യസനയത്നം(learning curve) തീരെ കുറവുമാണു്.

    ഈ മുന്നു രീതികളും വ്യക്തികളുടെ അഭിരുചികള്‍ അനുസരിച്ച് നിലനിന്നേക്കും.നാലാമതായി ആലോചിക്കാവുന്നത് മലയാളത്തിനായി പാകപ്പെടുത്തിയ ഒരു വിന്യാസമാണ്.

    ReplyDelete

Note: Only a member of this blog may post a comment.

 
live web stats