Tuesday, April 8, 2008

പേജ് ലേയൗട്ട് യൂണിക്കോഡ് മലയാളത്തില്‍

മലയാളം കമ്പ്യൂട്ടിങ്ങ് പുരോഗമിക്കുമ്പോഴും യൂണിക്കോഡ് അടിസ്ഥാനമാക്കിയുള്ള നല്ലൊരു പേജ് ലേയൗട്ട് പാക്കേജിന്റെ അഭാവം പലരും ചൂണ്ടിക്കാണിക്കാറുണ്ടു്. സ്വതന്ത്ര സോഫ്റ്റ്‌വെയറായ Scribus ലോ കുത്തക സോഫ്റ്റ്‌വെയറുകളായ അഡോബിയുടെ സോഫ്റ്റ്‌വെയറുകളിലോ ഇന്‍ഡിക് സ്ക്രിപ്റ്റ് പിന്തുണ ഇല്ല. ചിലതില്‍ ആസ്കി ഫോണ്ടുകള്‍ ഉപയോഗിച്ചു് ഒപ്പിയ്ക്കാമെന്നു മാത്രം. ഇതിനു് ഒരു പക്ഷേ പരിഹാരമായേക്കാവുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്തുകയാണു് ഈ ബ്ലോഗ് പോസ്റ്റിന്റെ ലക്ഷ്യം. ആദ്യമേ പറയട്ടേ, ഞാനിതു വരെ അഡോബിയുടെ പേജ് ലേയൗട്ട് സോഫ്റ്റ്‌വെയറുകളൊന്നും ഉപയോഗിച്ചിട്ടില്ല. Scribus വെറുതേ ഒന്നു തുറന്നു നോക്കിയിട്ടുണ്ടു്. അതുകൊണ്ടു് പേജ് ലേയൗട്ട് സോഫ്റ്റ്‌വെയറുകളിലുപയോഗിക്കുന്ന സാങ്കേതികപദങ്ങളത്ര പരിചയമില്ല. എന്റെ സുഹൃത്തു് അനിവറാണു് ഇത്തരം ഒരു സാധ്യതയെപ്പറ്റി എന്നോടു് പറഞ്ഞതു്.

ഇങ്ക്‌‌സ്കേപ് (Inkscape) എന്ന സ്വതന്ത്രവും സൗജന്യവുമായ ഒരു സോഫ്റ്റ്‌വെയറിനെപ്പറ്റിയാണു് പറയാന്‍ പോകുന്നതു്. ഗ്നു/ലിനക്സ് സിസ്റ്റങ്ങളിലെല്ലാം സാധാരണ ഉള്ളതായതുകൊണ്ടു് പാക്കേജ് മാനേജര്‍ ഉപയോഗിച്ചു് ഇന്‍സ്റ്റാള്‍ ചെയ്യാം. വിന്‍ഡോസിലും ഇതു പ്രവര്‍ത്തിയ്ക്കും . inkscape.org എന്ന സൈറ്റില്‍ നിന്നു് ഡൗണ്‍ലോഡ് ചെയ്യാം. പൂര്‍ണ്ണമായും യൂണീക്കോഡ് പിന്തുണയ്ക്കുന്ന സോഫ്റ്റ്‌വെയറാണു് ഇങ്ക്‌‌സ്കേപ്. പാംഗോ റെന്‍ഡരിങ്ങ് സംവിധാനം ഉപയോഗിക്കുന്നതിനാല്‍ ചിത്രീകരണപിഴവുകളൊന്നും തന്നെയില്ല. ഗ്നു/ലിനക്സിലെ ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ തുടങ്ങി ഏതു നിവേശകരീതികളും ഉപയോഗിക്കുകയും ചെയ്യാം.

ഇങ്ക്‌‌സ്കേപ് പ്രാഥമികമായി ഒരു DTP സോഫ്റ്റ്‌വെയറല്ല. SVG Image Editor ആണു്. അതിന്റെ ടെക്സ്റ്റ് എഡിറ്റിങ്ങ്/എംബെഡ്ഡിങ്ങ് ഫീച്ചറുകളാണു് ലേയൗട്ടിനു് സഹായിക്കുന്നതു്. ഇതെങ്ങനെ ഉപയോഗിക്കണമെന്നതിന്റെ സ്റ്റെപ് ബൈ സ്റ്റെപ് നിര്‍‌ദ്ദേശങ്ങള്‍ എഴുതുവാന്‍ ഉദ്ദേശമില്ല. എങ്കിലും ആര്‍ക്കും സ്വയം പെട്ടെന്നു് പഠിച്ചെടുക്കാവുന്നതാണു് എന്നാണെന്റെ അഭിപ്രായം. ഇങ്ക്‌‌സ്കേപ് തുറക്കുമ്പോള്‍ കിട്ടുന്ന ഡിഫോള്‍ട്ട് പേജിന്റെ വലിപ്പം, ഗ്രിഡ്, ബാക്ക്ഗ്രൗണ്ട് കളര്‍ എന്നിവ File->Document properties എന്ന വിന്‍ഡോയില്‍ ക്രമീകരിയ്ക്കുക. എന്നിട്ടു് ഇടതുവശത്തുള്ള ടൂള്‍ബോക്സില്‍ നിന്നു് ടെക്സ്റ്റ് ഒബജക്ട് ചേര്‍ക്കുക(F8). അതൊരു ബോക്സായിരിക്കും. വലിപ്പം, സ്ഥാനം എന്നിവ മൗസ് കൊണ്ടു് ക്രമീകരിക്കാം. അതില്‍ വേണ്ട ടെക്സ്റ്റ് ചേര്‍ക്കുക. ctrl+shift+T എന്നമര്‍ത്തി ഫോണ്ട്, വലുപ്പ സ്റ്റൈല്‍, ലൈന്‍ സ്പേസിങ്ങ് , ലേയൗട്ട്, അലൈന്‍മെന്റ് എന്നിവ ക്രമീകരിക്കുക. മറ്റു ഇമേജ് എഡിറ്ററുകളിലേപ്പോലെ ലേയറുകള്‍, ലൈന്‍, റെക്ടാങ്കിള്‍, എന്നിവ ചേര്‍ക്കാം. നിറം ക്രമീകരിക്കുന്നതും അതുപോലെയൊക്കെത്തന്നെ. എഡിറ്റിങ്ങിനു വേണ്ടി SVG ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. ലേയൗട്ട് ചെയ്ത് പേജുകള്‍ PNG ആയി എക്സ്പോര്‍ട്ട് ചെയ്യുക.
ഇങ്ക്‌‌സ്കേപ് ഉപയോഗിച്ചു് പേജ് ഡിസൈന്‍ ചെയ്യുന്നതിന്റെ ഒരു സ്ക്രീന്‍ ഷോട്ട് താഴെക്കൊടുക്കുന്നു.

മീര, ദ്യുതി എന്നീ സ്വതന്ത്ര യുണീക്കോഡ് ഫോണ്ടുകള്‍ ഉപയോഗിച്ച് വെറും പരീക്ഷണാര്‍ത്ഥം ചെയ്ത രണ്ട് പേജുകള്‍ താഴെക്കൊടുക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ലേയൗട്ട് ഒന്നു പകര്‍ത്തി നോക്കിയതാണു്.


കൂടുതല്‍ വിവരങ്ങള്‍ ഇങ്ക്‌‌സ്കേപിനോടൊപ്പമുള്ള ട്യൂട്ടോറിയലില്‍ നിന്നു വായിച്ചു മനസ്സിലാക്കാം. ആ ട്യൂട്ടോറിയല്‍ തന്നെ പേജ് ലേയൗട്ട് ചെയ്യുന്നതെങ്ങനെ എന്നതിനൊരുദാഹരണമാണു്. പ്രൊഫഷണലുകള്‍ക്കു് ഇതെത്ര ഉപകരിക്കുമെന്നറിയാന്‍ അവരു തന്നെ ഉപയോഗിച്ചു നോക്കിപറയണം. ഉപകാരപ്രദമാവുകയാണെങ്കില്‍ വളരെ സന്തോഷം. പേജ് ലേയൌട്ടിന്റെ പേരില്‍ മലയാളത്തിനു് ഇപ്പോഴും ആസ്കി ഉപയോഗിക്കുന്നവര്‍ക്കു് ഒരു മോചനമാവുമല്ലോ.

4 comments:

 1. പേജ് മേക്കറിലെ കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകളില്‍ ഒന്നാണ് ctrl+shift+T . ബാക്കിയെല്ലാം അങ്ങനെ തന്നെ ആയിരിക്കുമെന്നു കരുതാം. ഡൌണ്‍ലോഡ് ചെയ്ത് പരീക്ഷിക്കട്ടെ.

  ReplyDelete
 2. ഇങ്ക് സ്കേപ്പില്‍ save/save as എന്നിവയില്‍ extension inkscape SVG (*.svg) എന്നതു PDF using Cario ആക്കി മാറ്റിയാല്‍ ഫയല്‍ PDF ആകാം.. :)

  ReplyDelete
 3. I have seen people using inkscape for page layout and poster creation. :) Nice find .

  ReplyDelete
 4. ഞാന്‍ കുറെ നാളുകളായി ചോദിക്കാന്‍ കരുതിയിരുന്ന ചോദ്യത്തിനുള്ള ഏതാണ്ട് നേരെ വിപരീതമായ ഒരു ഉത്തരമാണ് ഈ പോസ്റ്റ്‌. An opposite answer.
  കൃത്യമായ ചോദ്യം നേരിട്ട് ചോദിക്കുകയാണ്. An opposite question. അഡോബിയുടെ സോഫ്റ്റ്‌ വെയറുകളില്‍ ഇന്‍ഡിക് സ്ക്രിപ്റ്റ് / യൂണികോഡ് പിന്തുണ ഇല്ല എന്നത് പോലെ തന്നെ ഞാന്‍ അനുഭവിക്കുന്ന പ്രശ്നം ആണ് ഡെബിയന്‍ പോലുള്ള ഗ്നു/ലിനക്സ്‌ സിസ്ടങ്ങളില്‍ ASCCI സ്ക്രിപ്റ്റിനും പിന്തുണ ഇല്ല എന്നത്.
  അഡോബിയുടെ സോഫ്റ്റ്‌വെയറുകള്‍ ഏതാണ്ട് എല്ലാം തന്നെ നന്നായി ഉപയോഗിക്കാന്‍ എനിക്ക് കഴിയും. പേജ് മേക്കര്‍ ആണ് മലയാളം ടൈപ്പ് ചെയ്യാന്നും പേജ് സെറ്റ് ചെയ്യാനും കൂടുതലും ഞാന്‍ ഉപയോഗിച്ചിരുന്നത്. എല്ലാം ASCII സ്റ്റാന്‍ഡേര്‍ഡ് ഉപയോഗിച്ചാണ്‌ ടൈപ്പ് ചെയ്തിരുന്നത്.
  കഴിഞ്ഞ 5 വര്‍ഷത്തില്‍ അധികം വ്യക്തിപരമായി ഞാന്‍ ഡെബിയന്‍ ഗ്നു/ലിനക്സ്‌ ഉപയോഗിക്കുന്നു. താങ്കള്‍ പറഞ്ഞത് പോലെ ഇങ്ക് സ്കേപ് യൂണികോഡ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷെ ASCII യില്‍ കൂടുതല്‍ പരിചയം ഉള്ള എന്നെ പോലെ ഉള്ളവര്‍ക്ക് നേരെ ASCII ഫോര്‍മാറ്റില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയുമോ? scribus ലോ ഇങ്ക് സ്കെപ്പിലോ അല്ലെങ്കില്‍ ജിമ്പിലോ ASCII അടിസ്ഥാനമാക്കി ഉള്ള encoding രീതികള്‍ ഉണ്ടോ? ഇല്ലെങ്കില്‍ അവ എങ്ങനെ ഉണ്ടാക്കി എടുക്കാന്‍ കഴിയും?
  ഉദാഹരണം: ASCII യില്‍ ALT +0182 എന്ന് ടൈപ്പ് ചെയ്‌താല്‍ "ന്ന" എന്ന കൂട്ടക്ഷരം കിട്ടും.
  പ്രത്യേകിച്ച് ഒരു സോഫ്റ്റ്‌ വെയറും ASCII ടൈപ്പ് ചെയ്യാന്‍ ഞാന്‍ ഉപയോഗിക്കാറില്ല. ചുമ്മാ alt കോഡുകള്‍ നേരിട്ട് കീയിന്‍ ചെയ്താണ് ഞാന്‍ മലയാളം ടൈപ്പ് ചെയ്യുന്നത്.
  ഞാന്‍ ജോലി ചെയ്യുന്നത് ഒരു പരസ്യ ഏജന്‍സിയില്‍ ആണ്. ഗ്നു/ലിനക്സ്‌ സിസ്ടങ്ങളില്‍ ASCII സപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ മാത്രം എനിക്ക് എന്റെ ഓഫീസിലെ കമ്പ്യൂട്ടറില്‍ ഡെബിയന്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. കാരണം മുമ്പ് ചെയ്തു വച്ച ഒത്തിരി അധികം ASCII മലയാളം ഫയലുകള്‍ ഇടയ്ക്കിടെ ഇപ്പോഴും ആവശ്യം വരുന്നു എന്നതാണ്.

  എന്റെ ചോദ്യം ഒന്ന് കൂടി ആവര്‍ത്തിക്കട്ടെ,
  ഗ്നു/ലിനക്സ്‌ സിസ്ടങ്ങളില്‍ (പ്രത്യകിച്ചു ഡെബിയന്‍) ASCII യില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയുമോ?

  ഇതേ ചോദ്യം ILUG (കൊച്ചിന്‍) ല്‍ പലരോടും ഞാന്‍ ചോദിച്ചിട്ടുണ്ട്. കൃത്യമായ ഉത്തരം ഇതുവരെ കിട്ടിയില്ല. ദയവായി ഉത്തരം തരുമല്ലോ.

  ReplyDelete

Note: Only a member of this blog may post a comment.

 
live web stats