Thursday, January 10, 2008

നോ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി?!

മനുസ്മൃതിയില്‍ മനു ഇങ്ങനെയെഴുതി:

പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

എന്നുവച്ചാല്‍: അച്ഛനും, ഭര്‍ത്താവും, മകനും പലപ്പോഴും രക്ഷിച്ചെന്നിരിയിയ്ക്കും. ന്നാലും ന
സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി. 'ന' എന്നു പറഞ്ഞാല്‍ No ന്നു്.
ഇതില്‍പ്പിടിച്ചു് പലരും സ്ത്രീ സ്വാതന്ത്ര്യത്തെ വ്യാഖ്യാനിയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടു്. പലരീതിയിലും ഇതിനെ വ്യഖ്യാനിയ്ക്കാമെന്നു് പറയപ്പെടുന്നു.
കുറച്ചുകാലം മുമ്പു് വേറൊരു വ്യാഖ്യാനം ഞാന്‍ വായിക്കുകയുണ്ടായി. ആ ലാസ്റ്റ് ലൈനെഴുതുമ്പോള്‍ മനു അറിയാതെ (അതോ മനപൂര്‍വ്വമായോ) എന്റര്‍ കീ മാറി അടിച്ചുപോയീതാണെന്നു്. അതായതു്,

പുത്രോ രക്ഷതി വാര്‍ദ്ധക്യേന
സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി

എന്നു്. അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കുന്നു, 'ഇവ്വിധം' സ്ത്രീ
സ്വാതന്ത്ര്യമര്‍ഹിക്കുന്നു എന്നു്. 'ഏന' എന്ന സംസ്കൃതരൂപത്തിനു് ഇവ്വിധം, ഇതുപോലെ എന്നൊക്കെ അര്‍ത്ഥമുണ്ടത്രേ.. എന്തോ എനിയ്ക്കറിയില്ല.

ഞങ്ങള്‍ പ്രോഗ്രാമര്‍മാരുടെ ഭാഷയില്‍ ഒരു new line character മാറിയതോണ്ടാണോ സ്ത്രീസ്വാതന്ത്ര്യം ഇല്ലാതായതു്(ഇവ്വിധമായതു്)? അല്ലെങ്കിലും പണ്ടത്തെ ആ പീനല്‍ കോഡൊക്കെ ആരെങ്കിലും ഇപ്പോള്‍ നോക്കാറുണ്ടോ?

ഞാന്‍ സ്ത്രീസ്വാതന്ത്ര്യത്തിനെതിരാണോന്നാണോ ചോദ്യം? എനിയ്ക്ക് സ്ത്രീകളെ ഇഷ്ടമാണു്!

15 comments:

 1. സ്ത്രീകള്‍ക്കെ എന്തിനാ ഇത്ര വിഷമം? അവരുടെ ജീവിതാന്ത്യം വരെയുള്ള രക്ഷ യല്ലെ ഇതുകൊണ്ട് മനു വിവക്ഷിക്കുന്നതു?

  അവര്‍ സന്തോഷിക്കുകയാണു വേണ്ടതു സന്തോഷേ!

  ReplyDelete
 2. വാര്‍ദ്ധക്യേ + ഏന എന്നതു സംസ്കൃതത്തില്‍ സന്ധി ചേരുമ്പോള്‍ “ഏചോऽയവായാവഃ” (അഷ്ടാദ്ധ്യായി 6-1-78) എന്ന പാണിനീയസൂത്രമനുസരിച്ചു് വാര്‍ദ്ധക്യയേന എന്നേ ആവൂ. വേണമെങ്കില്‍ യ ഒഴിവാക്കി “വാര്‍ദ്ധക്യ ഏന“ എന്നുമാവാം (“ലോപഃ ശാകല്യസ്യ” അഷ്ടാദ്ധ്യായി 8-3-19).

  വാര്‍ദ്ധക്യേ + ഏന = വാര്‍ദ്ധക്യേന ഒരിക്കലുമാവില്ല.

  അവനവനു തോന്നുന്ന വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കു വ്യാകരണം അറിയണമെന്നില്ലല്ലോ :)

  മനുവിനെ “ഇവ്വിധം” വെള്ളയടിക്കേണ്ട ആവശ്യമില്ല. അങ്ങേര്‍ മറ്റേതു തന്നെയാണുദ്ദേശിച്ചതെന്നു തോന്നുന്നു.

  ഇനി വാര്‍ദ്ധക്യേ + ഏന = വാര്‍ദ്ധക്യേന എന്നു തന്നെയായാലും ഒരു ശ്ലോകത്തിന്റെ രണ്ടു വരികള്‍ക്കിടയില്‍ ഏന അന്ന ഒരു വാക്കു മുറിക്കാറില്ല. വരി മുറിയുന്നിടത്തു സാധാരണയായി ഒരു സന്ധിയുണ്ടാവും. അല്ലെങ്കില്‍ അതിനെ യതിഭംഗം എന്നു പറയും. മനുസ്മൃതിയില്‍ യതിഭംഗം കുറവാണു്. നല്ലതുപോലെ അനുഷ്ടുപ്പില്‍ പദ്യമെഴുതാന്‍ കഴിയുന്ന ആരോ ആണു് അതെഴുതിയതു്.

  എങ്കിലും രസമുണ്ടു് വ്യാഖ്യാനം പോകുന്ന പോക്കു കാണാന്‍. സന്തോഷിനു് എവിടെ നിന്നാണു് ഇതു കിട്ടിയതു്?

  (പിന്നെ, “നോ” എന്ന സംസ്കൃതവാക്കിനും No എന്നു തന്നെ അര്‍ത്ഥം. “കവിതാരസചാതുര്യം വ്യാഖ്യാതാ വേത്തി, നോ കവിഃ” :) )

  ReplyDelete
 3. ആ അവസാനത്തെ വാചകം ഒന്നു വിശദീകരിക്കാമോ?

  ReplyDelete
 4. ആരൊടാണു വാല്മീകിയുടെ ചോദ്യം?

  ReplyDelete
 5. കുറച്ചുകൂടി ശ്രദ്ധേയമായ മറ്റൊരു വ്യാഖ്യാനം ഇടക്ക് കണ്ടിരുന്നു. ‘ന’ എന്നത് (എങ്ങനെ എന്നൊന്നും ചോദിക്കരുത്. സസ്കൃതം എന്നുവച്ചാല്‍ ഈ ഹിന്ദി അക്ഷരം വച്ച് എഴുതുന്ന ഏതോ പ്രാകൃത ഭാഷ അല്ല്യോ ! അതൊന്നും നമുക്കറിയൂല്ല. :)) ആദ്യത്തെ മൂന്നുവരിയുടെയും നിഷേധമാണെന്നും അതുകൊണ്ട് (ആദ്യത്തെ മൂന്നും പറഞ്ഞ ശേഷം) ‘അങ്ങനെയല്ല, സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നു’ എന്നാണ് എന്റെ നാമഹേതുകമധ്യസ്ഥന്‍ ആയ മഹാമനസ്കന്‍ പറഞ്ഞിട്ടുള്ളത് എന്ന് പണ്ട് ഭാഷാപോഷിണിയില്‍ ഏതോ സംവാദത്തില്‍ കണ്ടതായൊരോര്‍മ്മ.

  ഏതായാലും അതു ഞാന്‍ ശക്തിയുക്തം നിഷേധിക്കുന്നു. പഴയ സ്മൃതികളുടെയോ ആചാരങ്ങളുടെയോ നിരീക്ഷണം അങ്ങനെ ഒരു വ്യാഖ്യാനം അനുവദിക്കുന്നില്ല എന്നതുമാത്രം അല്ല കാരണം. മനു എന്നുപേരുള്ള സകലരും കറതീര്‍ന്ന എം.സി.കള്‍ ആയിരിക്കണം എന്നത് പ്രകൃതിയുടെ അലിഖിത നിയമം ആണ്. തെളിവായി മനുസ്മൃതി മുഴുവന്‍ വായിച്ചു ബോധ്യമായില്ലെങ്കില്‍ ബ്രിജ് വിഹാരം എന്ന ബ്ലോഗും (മണ്മറഞ്ഞ) മഴനിലാവ് ബ്ലോഗും പരിശോധിക്കാവുന്നതാണ്.

  *********

  എം.സി. എന്നെഴുതിയത് എം.സി.പി എന്ന് പെണ്ണുങ്ങള്‍ മനസ്സില്‍ വേണമെങ്കില്‍ വായിച്ചോളൂട്ടോ. അതാണ് സ്ത്രീസഹജമായ സ്വാതന്ത്ര്യം. :)

  ഉമേഷ് ഗുരുക്കള്‍ ഈ വഴിയെ തിര്യെ വര്വാ‍ണേല്‍ ആ ആദ്യത്തെ ബ്രാക്കറ്റില്‍ കെടക്കുന്നത് ചെക്കന്‍ തമാശിച്ചതാണെന്ന് ആരെങ്കിലും ഒന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കണേയ്... ഞാന്‍ ഓടി...

  (ബാക്കിയൊക്കെ സീരിയസ്സായിട്ട് തന്നെ..സത്യം)

  ReplyDelete
 6. അനുഷ്ടുപ്പു വൃത്തത്തില്‍ ഒരു ആദികാവ്യം മുഴുവനായെഴുതിയിട്ടിപ്പോ ഒരു വരിയുടെ വിശദീകരണം ചോദിക്യാ ആദികവി??? ആളെ കളിയാക്വാ? പോസ്റ്റു കൊള്ളാം സന്തോഷ്.മനുവിന്റെ ‘സ്വാത്ന്ത്ര്യ’ത്തിനു ഇപ്പോള്‍ നമ്മള്‍ മനസ്സിലാക്കുന്ന അര്‍ഥം തന്നെയാണോ അന്നും ഉണ്ടായിരുന്നതെന്നൊരു സംശയം കുറെ കാലമായി മനസ്സിലുടക്കി കിടക്കുന്നു. അറിയാവുന്നവര്‍ അറിയിക്കുമല്ലൊ? ഇവിടെത്തന്നെ തിരിച്ചു വന്നു നോക്കിക്കൊള്ളാം

  ReplyDelete
 7. ഇനി ആരും ഒന്നും പറഞ്ഞു തരണ്ട. ഗുരുകുലം ബ്ലോഗില്‍ പോയി 2006ലെ ‘ ന സ്ത്രീ....” പോസ്റ്റും കമന്റ്സും വായിച്ചു തലകറങ്ങി ഇരിക്കുവാ.... ബൈ ബൈ....

  ReplyDelete
 8. ഈ മനു ന്യായീകരണം വേണ്ടിയിരുന്നില്ല സന്തോഷ്. ഏതു ന്യായേനയാണേലും

  ReplyDelete
 9. ഉമേഷ്,
  കോളേജില്‍ പഠിയ്ക്കുന്ന കാലത്തു് ഒരു മലയാളം അധ്യാപകന്‍ ഇങ്ങനെയും ചിലര്‍ വ്യാഖ്യാനിയ്ക്കുന്നുണ്ടെന്നു് പറഞ്ഞിരുന്നു. പിന്നെ ഈയടുത്ത കാലത്ത് ഇതെവിടെയോ പിന്നെയും വായിച്ചു. എവിടെയാണെന്നു് ഓര്‍മ്മയില്ല. വിശദീകരണത്തിനു് നന്ദി.

  അനിവര്‍, ഞാന്‍ മനുവിനെ ന്യായീകരിയ്ക്കാന്‍ ശ്രമിച്ചിട്ടില്ലല്ലോ. ന്യായീകരിയ്ക്കണമെങ്കില്‍ അദ്ദേഹം എന്താണു് ഉദ്ദേശിച്ചതെന്നു് മനസ്സിലാവണ്ടേ ? :)

  ReplyDelete
 10. വാല്മീകിയുടെ ചോദ്യം എന്നോടാണെന്നു തീരുമാനിച്ചു് ആ ശ്ലോകത്തിന്റെ വ്യാഖ്യാനം ഇവിടെ ഇട്ടിട്ടുണ്ടു്.

  ReplyDelete
 11. സന്തോഷിന്റെ ബ്ലോഗില്‍ ഞാന്‍ കയറി കമന്റുകള്‍ക്കു മറുപടി പറയുന്നതു ശരിയല്ല. എങ്കിലും താത്പര്യമുള്ള വിഷയമായതു കൊണ്ടു പറഞ്ഞോട്ടേ. സന്തോഷ്, ക്ഷമിക്കുക.

  ഗുപ്തന്‍ പറഞ്ഞ രീതിയില്‍ വേണമെങ്കിലും അര്‍ത്ഥം പറയാം, ടെക്നിക്കലി. “ന” എന്നതു് സ്വതന്ത്രമായ ഒരു വാക്യമാണെന്നു വ്യാഖ്യാനിച്ചാല്‍. പക്ഷേ, അതൊരു വളച്ചൊടിച്ച വ്യാഖ്യാനമാണെന്നു കാണാന്‍ ബുദ്ധിമുട്ടില്ല. രണ്ടു കാരണങ്ങള്‍:

  എന്തൊക്കെ കുറവുകളുണ്ടെങ്കിലും, മനുസ്മൃതിയ്ക്കു് ഒരു ഗുണമുണ്ടു്-ആര്‍ജ്ജവം. സാധാരണ സംസ്കൃതകൃതികളില്‍ കാണുന്ന ശ്ലേഷം കൊണ്ടുള്ള കളികള്‍, പല അര്‍ത്ഥം വരുന്ന വളച്ചു കെട്ടിയുള്ള പ്രതിപാദനം തുടങ്ങിയവ അതിലില്ല. ഇന്ത്യന്‍ പീനല്‍ കോഡിനെക്കാള്‍ വ്യക്തമായാണു് അതിന്റെ രചന. അന്നത്തെ നിയമസംഹിത-അതു കാടത്തമായാലും സംസ്കാരമായാലും-വ്യക്തമായി, ഓര്‍ത്തിരിക്കാന്‍ തക്കവണ്ണം പദ്യത്തില്‍, അതില്‍ പറഞ്ഞിരിക്കുന്നു. ഗുപ്തന്‍ ചൂണ്ടിക്കാണിച്ച അര്‍ത്ഥമാണു വിവക്ഷയെങ്കില്‍ അതു വ്യക്തമാക്കാന്‍ പല വഴികളുണ്ടായിരുന്നു. ഉദാഹരണമായി, “ന” എന്നതിനു പകരം “നേതത്” (ന + ഏതത്) എന്നോ മറ്റോ പറയാമായിരുന്നു. അതു വായിക്കുന്നവര്‍ക്കു “സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല” എന്ന അര്‍ത്ഥമേ തോന്നുകയുള്ളൂ.

  സംസ്കാരത്തിന്റെ ഭാഗമെന്നു് ഒരു കൂട്ടര്‍ കരുതുന്ന പുസ്തകങ്ങളില്‍ പ്രതിലോമകരങ്ങളായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ അന്നത്തെ സാമൂഹികവ്യവസ്ഥിതിയില്‍ അത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നു സമ്മതിക്കുന്നതിനു പകരം അവയെ വെള്ളയടിക്കാന്‍ വേറേ വ്യാഖ്യാനങ്ങള്‍ സാദ്ധ്യമാണോ എന്നു് അവര്‍ ശ്രമിക്കുന്നതിന്റെ ഒരു ഉദാഹരണമാണു് ഗുപ്തന്‍ പറഞ്ഞ വ്യാഖ്യാനം.

  (ഗുപ്തന്‍ ബ്രായ്ക്കറ്റില്‍ പറഞ്ഞതു മാത്രമല്ല, സംസ്കൃതത്തെ തെറി പറഞ്ഞാലും എനിക്കൊന്നുമില്ല. എനിക്കു സംസ്കൃതഭാഷയെപ്പറ്റി ദുരഭിമാനമോ ബഹുമാനമോ സോഫ്റ്റ് കോര്‍ണറോ ഒന്നുമില്ല. ഒരു ഭാഷ എന്നതില്‍ കവിഞ്ഞു് എനിക്കു് അതു യാതൊന്നുമല്ല.)

  ഹരിത്,
  എന്റെ “ന സ്ത്രീ...” പോസ്റ്റിനു മേന്മ കാര്യമായില്ലെങ്കിലും അതിന്റെ കമന്റുകള്‍ വളരെ മികച്ചതായിരുന്നു. അവ വായിച്ച സ്ഥിതിയ്ക്കു് അതിനു ശേഷമുള്ള “സമത്വവും സ്വാതന്ത്ര്യവും മനുസ്മൃതിയും മറ്റു പലതും...” എന്ന പോസ്റ്റും അതിന്റെ കമന്റുകളും ദയവായി വായിക്കുക.

  അനിവര്‍,
  സന്തോഷ് മനുവിനെ ന്യായീകരിച്ചു എന്നു് എനിക്കു തോന്നിയില്ലല്ലോ. ഒരു എന്റര്‍ ഇടുന്ന സ്ഥലം തെറ്റിയാല്‍ വരുന്ന അര്‍ത്ഥവ്യത്യാസത്തെപ്പറ്റിയല്ലേ പോസ്റ്റ്? ഇതൊരു ചീത്ത ഉദാഹരണമാണെന്നു മാത്രം. കോമ തെറ്റായിട്ടതു് ഒരു മനുഷ്യനെ കൊന്ന കഥയോ (Kill him, not save him) “പരമസുഖം ഗുരുനിന്ദകൊണ്ടുമുണ്ടാം” (പരമ+സുഖം, പരം+അസുഖം) തുടങ്ങിയ ചെപ്പടിവിദ്യകളോ ഇതിനു് ഉദാഹരണമായി പറയാം.

  ReplyDelete
 12. ഞാന്‍ വെറും വായനക്കാരന്‍.

  ReplyDelete
 13. ഇതിന്റെ ഹെഡ്ഡിങ്ങ് കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ഉമേഷിന്റെ പഴയ പോസ്റ്റുകളാണ്.

  മനുസ്മൃതി എന്നത് മനൂസ് മൃതി എന്നാരെങ്കിലും വ്യഖ്യാനിച്ചിട്ടുണ്ടോ ആവോ? :)

  ReplyDelete
 14. എന്തൊക്കെ ആയാലും വളരെ ലേഖനം വളരെ രസകരം ആയിട്ടുണ്ട്‌.

  ReplyDelete
 15. അന്നു കമന്റിട്ടപ്പോള്‍ ഏ + ഏ = അയേ എന്നാകുന്ന സന്ധി ഉള്ള പ്രസിദ്ധശ്ലോകമൊന്നും ഓര്‍മ്മ വന്നില്ല. ഒരെണ്ണം ഇവിടെ ഉണ്ടു്. വര്‍ദ്ധതേ + ഏവ = വര്‍ദ്ധതയേവ = വര്‍ദ്ധത ഏവ.

  ReplyDelete

Note: Only a member of this blog may post a comment.

 
live web stats