Sunday, March 2, 2008

കൃഷ്ണകാന്ത് മനേ എന്ന അന്ധപ്രോഗ്രാമ്മര്‍

അന്ധനായ ഒരാള്‍ക്കു് ഒരു പ്രോഗ്രാമ്മറാവാമോ? കൃഷ്ണകാന്ത് മനേ ഒരു അന്ധ പ്രോഗ്രാമ്മറാണു്. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകനുമാണു്. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരകനും, അന്ധരായ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന വിദഗ്ദ്ധനും, പല സംസ്ഥാന സര്‍ക്കാറുകളുടെയും അന്ധര്‍ക്കായുള്ള വിദ്യാഭ്യാസ പദ്ധതികളുടെ ഉപദേശകനുമാണു്.
കുറച്ചുമാസങ്ങള്‍ക്കു് മുന്‍പ്, ബാംഗ്ലൂരില്‍ വച്ചാണു് ഞാന്‍ മനേയെ പരിചയപ്പെടുന്നതു്. തന്റെ IBM thinkpad ലാപ്‌ടോപ്പില്‍ ഉബുണ്ടു ഗ്നു/ലിനക്സും ഓര്‍ക്ക(Orca) എന്ന സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്‌വെയറും ഉപയോഗിച്ചു് അദ്ദേഹം നെറ്റ് ബ്രൗസ് ചെയ്യുന്നതും, മെയില്‍ നോക്കുന്നതും, പ്രോഗ്രാം ചെയ്യുന്നതും കണ്ടു് ഞാന്‍ അത്ഭുതപ്പെടുപോയി. കാഴ്ചയുള്ള ആരും ചെയ്യുന്ന അതേ ലാളിത്യത്തോടുകൂടിത്തന്നെ അദ്ദേഹം അതെല്ലാം ചെയ്യുന്നു. Orca ഒരു സ്വതന്ത്ര സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്‌വെയറാണു്. അതു് സ്ക്രീനിലെ വാചകങ്ങളെ ശബ്ദമാക്കിത്തരുന്നു. ഇംഗ്ലീഷിലാണു് അദ്ദേഹം അതുപയോഗിച്ചിരുന്നതു്. ഫെസ്റ്റിവല്‍ എന്ന ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ.
അദ്ദേഹത്തെപ്പറ്റിയും തമിഴ്‌നാട് സര്‍ക്കാറിന്റെ ഓര്‍ക്കയും ഉബുണ്ടുവും ഉപയോഗിച്ചുള്ള അന്ധവിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിപാടിയെക്കുറിച്ചുമുള്ള ഒരു വീഡിയോ താഴെക്കൊടുത്തിരിക്കുന്നു.


ഇംഗ്ലീഷിനുപകരം മലയാളത്തിലോ തമിഴിലോ ഉള്ള ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതു കൂടുതല്‍ ഉപയോഗപ്രദമായിരിക്കും.ഇതിനുള്ള ഒരു തടസ്സം ഭാരതീയ ഭാഷകള്‍ക്കു് ഉപയോഗിക്കാവുന്ന ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്‌വെയറുകളുടെ അഭാവമാണു്. ഇതിനുള്ള ഒരു പരിഹാരമാണു്, ഞാനും ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ലൂരിലെ പ്രൊഫസറായ ഡോ: രമേഷ് ഹരിഹരനും കൂടി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ധ്വനി എന്ന സോഫ്റ്റ്‌വെയര്‍. മലയാളമടക്കം 8 ഭാഷകള്‍ ധ്വനിക്കു് സംസാരിയ്ക്കാന്‍ കഴിയും.

ധ്വനി ഇക്കൊല്ലത്തെ ഫോസ് ഇന്ത്യ അവാര്‍ഡിനു് അര്‍ഹമായ പ്രൊജക്റ്റാണു്. NRCFOSS(National Resouce Center for Free and Open Source Software) സ്പോണ്‍സര്‍ചെയ്യുന്ന 25000 രൂപയാണു് അവാര്‍ഡ് തുക. (സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ വേറൊരു പ്രൊജക്റ്റായ ടക്സ് ടൈപ്പിനും അവാര്‍ഡുണ്ടു്. തൃശൂര്‍ എഞ്ചിനീയറിങ്ങ് കോളേജിലെ മോബിന്‍ , ശ്രീരഞ്ജ് , ശ്രേയസ്, പ്രിന്‍സ്, വിമല്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണു് അവാര്‍ഡ് ലഭിച്ചതു്.)
ധ്വനി ഉപയോഗിച്ചു് എങ്ങനെ മലയാളം ടെക്സ്റ്റുകളെ mp3/ogg ആക്കി മാറ്റാമെന്നറിയാന്‍ ഈ ബ്ലോഗ് പോസ്റ്റ് വായിക്കുക.

5 comments:

 1. എന്റെ ജോലിസ്ഥലത്തു് ധാരാളം അന്ധരായ പ്രോഗ്രാമേഴ്സ് ഉണ്ടു്. വളരെ പ്രശസ്തനായ റ്റി. വി. രാമന്‍ ആണു് ഒരാള്‍. അദ്ദേഹം തന്നെ ഉണ്ടാക്കിയ emacsspeak എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണു് അദ്ദേഹം പ്രോഗ്രാം ചെയ്യുന്നതും പേപ്പറുകള്‍ എഴുതുന്നതും മറ്റും. (പല മെയിലിംഗ് ലിസ്റ്റുകളിലും ആദ്യം മറുപടി എഴുതുന്നതു് അദ്ദേഹമാണു്.) കഴ്സര്‍ നില്‍ക്കുന്ന വാക്കിനെ ശബ്ദമാക്കുന്ന ഇമാക്സ് പ്ലഗിന്‍ ആണതു്. മറ്റു പലരും ബ്രെയില്‍ കീബോര്‍ഡ് ഉപയോഗിച്ചാണു് എഴുതുന്നതു്. ഒരു ലൈന്‍ എഡിറ്റര്‍ പോലെയാണിതു്. കഴ്സര്‍ നില്‍ക്കുന്ന വരി ബ്രെയിലില്‍ തൊട്ടു വായിക്കുന്നു.

  ഈയിടെ ഇവര്‍ പ്രോഗ്രാം ചെയ്യുന്നതിന്റെ ഒരു പ്രെസന്റേഷന്‍ കണ്ടിരുന്നു. അദ്ഭുതപ്പെട്ടു പോയി. എന്നെക്കാള്‍ വേഗത്തില്‍ അവര്‍ പ്രോഗ്രാം ചെയ്യുകയും വെബ് വായിക്കുകയും ചെയ്യുന്നു. indentation വഴി മാത്രം structure വ്യക്തമാകുന്ന പൈത്തണില്‍ രാമന്‍ ഡീബഗ് ചെയ്യുന്നതു കണ്ടു് എന്റെ കണ്ണു തള്ളിപ്പോയി.

  ബ്രെയില്‍ റൂബിക്സ് ക്യൂബ് നാലു മിനിട്ടില്‍ താഴെ സമയത്തില്‍ രാമന്‍ സോള്‍വു ചെയ്യുന്നതും കണ്ടിട്ടുണ്ടു്.

  ReplyDelete
 2. ധ്വനി പോലെയുള്ള സോഫ്റ്റ്വെയറുകള്‍ വളരെ പ്രതീക്ഷയുണര്‍ത്തുന്നു. അതു പോലെ മലയാളലിപിയെ യൂണിക്കോഡ് ആക്കാന്‍ കഴിയുന്ന നല്ല OCR സോഫ്റ്റ്വെയറുകളും ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.

  നന്ദി.

  ReplyDelete
 3. 2 വര്‍ഷങ്ങള്‍ക്കുമുമ്പ് ഐടി@സ്കൂള്‍ വ്യാപകമായിത്തുടങ്ങിയ സമയത്തു് ഒരു സുഹൃത്ത് ഫോണ്‍ചെയ്തതനുസരിച്ച് ഞാന്‍ തിരുവനന്തപുരത്തെ ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ്സിന്റെ ഓഫീസില്‍ പോവുകയുണ്ടായി. അവരുടെ പ്രധാന പരാതി അവര്‍ക്കുള്ള പ്രോഗ്രാമുകളില്ലാഞ്ഞതിനാല്‍ അന്ധരായ കുട്ടികള്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നു എന്നതായിരുന്നു. അവരില്‍ ചിലര്‍ കേട്ടറിഞ്ഞ് ഫെസ്റ്റിവല്‍ ഇന്റര്‍നെറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്തും വെച്ചിരുന്നു. പക്ഷേ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സഹായമായിരുന്നു വേണ്ടതു്. ചിലര്‍ ഗ്നോപ്പര്‍നിക്കസ് ഉപയോഗിച്ചു തുടങ്ങിയിരുന്നു. (ഓര്‍ക്കയുടെ മുന്‍ഗാമി)‌ ഒരു വലിയൊരു ജനവിഭാഗം എങ്ങനെയാണു് സാങ്കേതിക വിദ്യയില്‍ നിന്നു് മാറ്റിനിര്‍ത്തപ്പെടുന്നതു് എന്നു മനസ്സിലായ സമയമായിരുന്നു അതു്. തുടര്‍ന്നു് നിരവധി പേരുടെ ഇടപെടലുകള്‍ക്കുശേഷം കേരള ഐടി മിഷന്റെ പങ്കാളിത്തത്തോടെ സ്പേസ്
  എന്‍സൈറ്റ് എന്ന സെന്റര്‍ തുടങ്ങി. അതിപ്പോ നന്നായി നടന്നു പോകുന്നു.

  കൃഷ്ണകാന്ത് മാനെ കേരളാ ഗവണ്‍മെന്റിന്റെ എന്‍സൈറ്റ് പ്രോഗ്രാമിന്റെയും കണ്‍സള്‍ട്ടന്റാണു്. അദ്ദേഹം കലാരംഗത്തുനിന്നാണു് പ്രോഗ്രാമിങ്ങിന്റേയും കമ്പ്യൂട്ടറുകളുടേയും ലോകത്തേക്കു വരുന്നത് എന്നതാണു് രസകരമായ ഒരു വസ്തുത.

  ഉമേഷേ,
  tesseract OCR നു മലയാളം പിന്തുണകൊണ്ടുവരികയാണ് ഇപ്പോ ഉള്ലതില്‍ വെച്ച് ഏറ്റവും നല്ല വര്‍ക്ക് പ്ലാന്‍ എന്നു തോന്നുന്നു. കൂടുതല്‍ നല്ലതെന്തെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ

  ധ്വനിക്കഭിവാദ്യങ്ങള്‍.

  ReplyDelete
 4. കാണാനും കേള്‍ക്കുവാനും കഴിയുന്ന എന്നെക്കാള്‍ ധ്വനിയുടെ ശബ്ദം മനസിലാക്കുവാന്‍ തിരുവനന്തപുരത്ത് സ്പേസില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അന്ധര്‍ക്ക് സാധിക്കുന്നു എന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്. കുറെയൊക്കെ എസ്.എം.സി മീറ്റ് സമയത്ത് എനിക്ക് അനുഭവിച്ചറിയുവാനും അവസരം ലഭിച്ചിരുന്നു.

  ReplyDelete
 5. കൃഷ്ണകാന്ത് മനേയ്ക്കൊപ്പം സന്തോഷ് തോട്ടിങ്ങലിനും ഒത്തിരി അഭിവാദ്യങ്ങള്‍.
  http://kaliyambi.blogspot.com/2006/09/blog-post_19.html എന്നയിടത്ത് പണ്ട് ഇതിന്റെ തലതിരിഞ്ഞ ഒന്നിനെപ്പറ്റി എഴുതിയത് ഓര്‍മ്മ വരുന്നു.:)
  പിന്നീട് ഹരിത എന്ന അന്ധ വിദ്യാര്‍ത്ഥിയുടെ കാര്യം വായിച്ചപ്പോഴും ഇങ്ങനെയൊന്ന് ഓര്‍ത്തു. പക്ഷേ അതൊക്കെ അണിയറയില്‍ സീരിയസ്സായി നടക്കുന്നുണ്ടെന്ന് ആരറിഞ്ഞു.? സന്തോഷിനും രമേഷിനും എല്ലാ പിന്തുണകളും.ചുമ്മാതെയല്ല. എന്തെങ്കിലും കമ്പ്യൂട്ടര്‍ വിദഗ്ധരല്ലാത്ത എന്നെക്കൊണ്ടൊക്കെ ചെയ്യൂവാനുണ്ടെങ്കില്‍ അറിയിയ്ക്കുക. അഭിവാദനങ്ങള്‍.

  ReplyDelete

Note: Only a member of this blog may post a comment.

 
live web stats